നടി സുബി സുരേഷിന്റെ രണ്ടാം ചരമവാര്‍ഷികദിനത്തില്‍ ഹൃദയഹാരിയായ വീഡിയോ പങ്കുവെച്ച് സുഹൃത്തും കലാകാരനുമായ കലാഭവന്‍ രാഹുല്‍ രാജരത്‌നം. 2022 ഫെബ്രുവരി 22-നായിരുന്നു സുബി സുരേഷിന്റെ അന്ത്യം. രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്ന ദിവസത്തിലാണ് രാഹുല്‍ വീഡിയോ പങ്കുവെച്ചത്.

To advertise here,

'രണ്ടുവര്‍ഷം' എന്ന ക്യാപ്ഷനോടെയാണ് 1.18 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഷെയര്‍ ചെയ്തത്. ഇരുവരും ഒന്നിച്ചുള്ള യാത്രകളുടെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയതാണ് ദേവദൂതന്‍ എന്ന ചിത്രത്തിലെ അലീന എന്ന പാട്ടിന്റെ പശ്ചാത്തലത്തിലുള്ള വീഡിയോ. ഇരുവരും തമ്മിലെ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് വീഡിയോ.

2023 ഫെബ്രുവരി 14 പ്രണയദിനത്തില്‍ ഇരുവരുടേയും വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. അതിനിടെ വിദേശ പരിപാടികള്‍ വന്നു. പ്രണയദിനത്തില്‍ വിവാഹമെന്ന ആഗ്രഹം നടക്കാതെ പോയി. ഒപ്പം സുബിയുടെ രോഗാവസ്ഥയും കൂടുതല്‍ വഷളായി. തുടര്‍ന്നാണ് വിവാഹം മാര്‍ച്ചിലേക്ക് മാറ്റിയത്. ഇതിനിടെയായിരുന്നു സുബിയുടെ വേര്‍പാട്. വിവാഹത്തിനായി ഏഴുപവന്റെ താലിമാലവരെ ബുക്ക് ചെയ്തിട്ടുണ്ടെന്ന് സുബി സുരേഷ് മരണത്തിന് മുമ്പ് പറഞ്ഞിരുന്നു.

കരള്‍ സംബന്ധമയ രോഗത്തെത്തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു സുബി സുരേഷിന്റെ അന്ത്യം. പുരുഷമേല്‍ക്കോയ്മയുണ്ടായിരുന്ന കോമഡി രംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് സുബി സുരേഷ്. സ്റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന സുബി മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. ടെലിവിഷന്‍ ഷോകളിലൂടെയാണ് സുബി ജനപ്രിയയാകുന്നത്.