ധർമൻ എന്ന തന്റെ പുതിയ ചിത്രത്തിന്റെ സെറ്റിലേക്ക് സൂപ്പർതാരം രജനീകാന്ത് എത്തിയത് ഓട്ടോറിക്ഷയിൽ. മൈസൂരുവിലെ സെറ്റിലേക്കാണ് താരം ഓട്ടോറിക്ഷയിൽ എത്തിച്ചേർന്നത്. തങ്ങളുടെ പ്രിയതാരം തികച്ചും ലളിതമായ ഒരു യാത്രാമാർഗ്ഗം ഉപയോഗിച്ച് സെറ്റിൽ എത്തുന്നതും തങ്ങളെ അഭിവാദ്യം ചെയ്യുന്നതും കണ്ടത് ആരാധകർക്ക് വലിയ സന്തോഷം നൽകി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ.

To advertise here,

ഷൂട്ടിംഗ് ലൊക്കേഷന് പുറത്ത് രജനിയെ ഒരുനോക്ക് കാണാനായി നിരവധി ആരാധകരാണ് തടിച്ചുകൂടിയിരുന്നത്. തൻ്റെ സുരക്ഷാ സംഘത്തോടൊപ്പം ഓട്ടോറിക്ഷയിൽ എത്തിയ രജനികാന്ത് വാഹനം ഇറങ്ങുന്നതിന് മുൻപ് തന്നെ സന്തോഷത്തോടെ ആരാധകരെ കൈവീശി കാണിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ആരാധകരെ അകറ്റിനിർത്താൻ സുരക്ഷാ ജീവനക്കാർ ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചെങ്കിലും, ആർപ്പുവിളികൾ ഉയർന്നതോടെ നടൻ വീണ്ടും പുറത്തേക്ക് വന്ന് ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു.


മെറൂൺ ഷർട്ടും വേഷ്ടിയും ധരിച്ചെത്തിയ അദ്ദേഹത്തെ കാണാൻ കുട്ടികളും മാതാപിതാക്കളും എത്തിയിരുന്നു; ചില ആരാധകർ അദ്ദേഹത്തിന്റെ 'ബാബ' (2002) സിനിമയിലെ പ്രശസ്തമായ ഹസ്തമുദ്ര കാട്ടിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

ചിത്രീകരണത്തിനിടയിലെ ഒഴിവുസമയത്ത്, സെപ്റ്റംബർ 30 പുലർച്ചെ രജനികാന്ത് മൈസൂരുവിലെ പ്രശസ്തമായ ചാമുണ്ഡേശ്വരി ക്ഷേത്രം സന്ദർശിച്ചു. മേക്കപ്പില്ലാതെ തൻ്റെ പതിവ് വെള്ള വസ്ത്രം ധരിച്ചാണ് അദ്ദേഹം ക്ഷേത്രസന്നിധിയിൽ എത്തിയത്. ക്ഷേത്ര പരിസരത്തും തടിച്ചുകൂടിയ ആരാധകർ തങ്ങളുടെ പ്രിയതാരത്തെ നേരിട്ട് കാണാൻ അവസരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ചു. സോമനാഥപുരയിലും മൈസൂരുവിന്റെ വിവിധ ഭാഗങ്ങളിലുമാണ് ചിത്രീകരണം നടക്കുന്നത്.

അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ധർമ്മൻ എന്ന ചിത്രത്തിൽ സിമ്രാൻ, റാഷി ഖന്ന, യോഗി ബാബു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ഇതിനുപുറമേ, തെലുങ്ക് താരങ്ങളായ റാം പോത്തിനേനി, ശ്രീലീല എന്നിവരും ഈ സിനിമയുടെ ഭാഗമാണെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ലൊക്കേഷനിൽ നിന്നുള്ള ഒരു ലീക്ക്ഡ് വീഡിയോയിൽ ശ്രീലീലയുടെ സാന്നിധ്യമുണ്ടായിരുന്നു. റാം പോത്തിനേനിക്കും രജനികാന്തിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച റാഷി ഖന്ന ഈ ചിത്രങ്ങൾ പിന്നീട് നീക്കം ചെയ്തിരുന്നു.

Also Read: എന്ത് പറഞ്ഞാലും പ്രശ്നം, മിണ്ടാതിരുന്നാൽ വായിൽ കൊഴുക്കട്ടയാണോ എന്ന് ചോദിക്കും! – രജനീകാന്ത്

കമൽ ഹാസൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തലക്കെട്ട് 'ധർമ്മൻ' എന്ന് കഴിഞ്ഞ ജൂണിലാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ കയ്യിൽ രക്തം പുരണ്ട സ്കാൽപെലുമായി സ്ക്രബ്സ് ധരിച്ചു നിൽക്കുന്ന രജനികാന്തിനെയാണ് കാണിച്ചിരിക്കുന്നത്. "ദി ഡെഡ്‌ലി ഡോക്ടർ" എന്ന ടാഗ്‌ലൈനോടെയെത്തിയ ഈ പോസ്റ്റർ സിനിമയെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകൾ വൻതോതിൽ വർദ്ധിപ്പിച്ചിട്ടുണ്ട്.