തെന്നിന്ത്യന്‍ താരം ശ്രീലീല അടുത്തിടെ കാര്‍ത്തിക് ആര്യന്റെ ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറിയിരുന്നു. നൃത്തച്ചുവടുകളോടെ ആരാധകരുടെ ഹൃദയം കീഴടക്കാറുള്ള നടി ഇന്‍സ്റ്റഗ്രാമിലെ ഒരു പോസ്റ്റിലൂടെയും മനസ് കവര്‍ന്നിരിക്കുകയാണ്. വീട്ടിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തുന്നതാണ് ഈ പോസ്റ്റ്.

To advertise here,

ഒരു പെണ്‍കുഞ്ഞിനെ ലാളിക്കുന്നതാണ് ചിത്രത്തിലുള്ളത്. ആദ്യ ചിത്രത്തില്‍ അവര്‍ കുഞ്ഞിന്റെ കവിളില്‍ സ്‌നേഹം ചുംബനം നല്‍കുന്നത് കാണാം. രണ്ടാമത്തെ ചിത്രത്തില്‍ ഇരുവരും ചിരിയോടെ നില്‍ക്കുന്നതാണ്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് ഇരുവരോടുമുള്ള സ്‌നേഹം കമന്റുകളായി കുറിച്ചത്. ഹൃദയം കീഴടക്കിയ ഈ കുഞ്ഞുപെണ്‍കുട്ടി ആരാണെന്നത് വ്യക്തമല്ല.

21-ാം വയസ്സില്‍ ഭിന്നശേഷിക്കാരായ രണ്ടുകുട്ടികളെ ശ്രീലീല ദത്തെടുത്തിരുന്നു. ഗുരു, ശോഭിത എന്നിങ്ങനെയാണ് ഈ കുട്ടികളുടെ പേരുകള്‍. 2022-ല്‍ അനാഥാലയം സന്ദര്‍ശിക്കുന്നതിനിടെയാണ് ശ്രീലീല ആദ്യമായി ഈ കുട്ടികളെ കാണുന്നത്. തുടര്‍ന്ന് അവരെ ദത്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

2017-ല്‍ തെലുഗുവില്‍ ബാലതാരമായാണ് ശ്രീലീല സിനിമയിലെത്തുന്നത്. രണ്ടുവര്‍ഷത്തിനുള്ളില്‍ കന്നഡ സിനിമയായ 'കിസ്സി'ല്‍ നായികയായി. 'ഗുണ്ടൂര്‍ കാര'ത്തില്‍ മഹേഷ് ബാബുവിന്റെ നായികയായതാണ് ശ്രീലീലയ്ക്ക് ബ്രേക്കാവുന്നത്. സിനിമ പരാജയപ്പെട്ടെങ്കിലും, താരത്തിന്റെ നൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടു. നാലുവര്‍ഷം കൊണ്ടുതന്നെ തെലുഗു-കന്നഡ സിനിമയില്‍ ഒരിടം കണ്ടെത്താന്‍ കഴിഞ്ഞു അവര്‍ക്ക്. 'പുഷ്പ-2'-ലെ 'കിസിക്' എന്ന പാട്ടിലൂടെയാണ് പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് വളര്‍ന്നത്. ഈ പാട്ടില്‍ നൃത്തംചെയ്യുന്നതിനായി മാത്രം രണ്ടുകോടി രൂപ ശ്രീലീലയ്ക്ക് ലഭിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. 

കര്‍ണാടകയിലെ പ്രശസ്തയായ ഗൈനക്കോളജിസ്റ്റ് ഡോ.സ്വര്‍ണലതയുടെ മകളായ ശ്രീലീല ജനിച്ചത് അമേരിക്കയിലാണ്. അമ്മയുടെ പാത പിന്തുടര്‍ന്ന് ഡോക്ടറാവുകയെന്നതായിരുന്നു ശ്രീലീലയുടെയും ഇഷ്ടം. അങ്ങനെ എം.ബി.ബി.എസ് പൂര്‍ത്തിയാക്കുകയും ചെയ്തു. അതിനിടെയാണ് അവിചാരിതമായി സിനിമയിലെത്തുന്നത്.