ടി സറീന വഹാബും നടന്‍ ആദിത്യ പഞ്ചോളിയും തമ്മിലുള്ള വിവാഹബന്ധത്തെ കുറിച്ച് തുറന്ന് സംസാരിച്ച് മകന്‍ സൂരജ് പഞ്ചോളി. ആദിത്യ പഞ്ചോളിയുടെ അവിഹിത ബന്ധങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും അമ്മ വിവാഹമോചനത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും കുടുംബത്തെ ചേര്‍ത്തു നിര്‍ത്താനാണ് അമ്മ എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും സൂരജ് പറയുന്നു. 

To advertise here,

16 വയസ് മുതല്‍ അഭിനയം തുടങ്ങിയ സറീനയ്ക്ക് സ്വന്തമായി നാല് വീടുകളുണ്ടെന്നും ആരേയും ആശ്രയിക്കാതെ ജീവിക്കാനുള്ള സാമ്പത്തിക സുരക്ഷിതത്വമുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും ആദിത്യയുമായുള്ള ബന്ധത്തില്‍നിന്ന് പുറത്തുകടക്കാമായിരുന്നുവെന്നും സൂരജ് പറയുന്നു.
'അവര്‍ കുടുംബത്തെ മുഴുവന്‍ ഒരുമിച്ച് നിര്‍ത്തുന്നു. ഞങ്ങളെക്കൊണ്ട് അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒന്നിനെക്കുറിച്ചും അമ്മ പരാതിപ്പെട്ടിട്ടില്ല,
അമ്മയ്ക്ക് ഇപ്പോള്‍ ഏതാണ്ട് 65 വയസ്സായി. സ്വയം കെട്ടിപ്പടുത്ത വ്യക്തിയാണ് അവര്‍. അവര്‍ക്ക് പോകണമെങ്കില്‍ വളരെ മുന്‍പേ അത് ചെയ്യാമായിരുന്നു. ചിലപ്പോള്‍, സ്ത്രീകള്‍ക്ക് ഒരു പിന്തുണ ഇല്ലാത്തതുകൊണ്ട് അവര്‍ ബന്ധങ്ങളില്‍നിന്ന് ഇറങ്ങിപ്പോകില്ല.'-സൂരജ് വ്യക്തമാക്കി.

ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടായിട്ടും അത് നിലനിന്ന് പോയത് അച്ഛന്‍ അമ്മയെ ജോലി ചെയ്യുന്നതില്‍നിന്ന് തടഞ്ഞില്ല എന്നതുകൊണ്ടാണെന്നും സൂരജ് പറയുന്നു. 'അച്ഛന്‍ ഒരിക്കലും അമ്മയുടെ ജോലി ചോദ്യം ചെയ്തിട്ടില്ല. അമ്മയ്ക്ക് വേണമെങ്കില്‍ ഹൈദരാബാദിലേക്ക് തിരിച്ചുപോകാമായിരുന്നു. ബാന്ദ്രയിലും ഒരു വീടുണ്ട്. അമ്മയ്ക്ക് നാല് സഹോദരിമാരുണ്ട്. ഒരാള്‍ അമേരിക്കയിലാണ്. നാല് സഹോദരന്മാരുമുണ്ട്.' അമ്മയുടെ തീരുമാനത്തെ വിലയിരുത്താന്‍ താന്‍ ആരുമല്ലെന്നും അത് അച്ഛനും അമ്മയ്ക്കുമിടയിലെ ധാരണയാണെന്നും സൂരജ് പറയുന്നു. 

നേരത്തെ ഭര്‍ത്താവ് ആദിത്യ പഞ്ചോളിയുടെ മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെ കുറിച്ച് സറീനയും തുറന്ന് സംസാരിച്ചിരുന്നു. ആദ്യമെല്ലാം ഈ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ മോശം തോന്നിയിരുന്നുവെന്ന് സറീന പറയുന്നു. 'അദ്ദേഹം പുറത്ത് എന്ത് ചെയ്യുന്നു എന്നോര്‍ത്ത് ഞാന്‍ വ്യാകുലപ്പെടാറില്ല. വീടിനുള്ളില്‍ അദ്ദേഹം വളരെ മികച്ച ഭര്‍ത്താവും പിതാവുമാണ്. എനിക്ക് അതുമാത്രം അറിഞ്ഞാല്‍ മതി. മറ്റു ബന്ധങ്ങളെ അദ്ദേഹം വീടിനുള്ളിലേക്ക് കൊണ്ടുവന്നിരുന്നുവെങ്കില്‍, ഞാനതില്‍ വിഷമിച്ചിരുന്നേനെ. ഒട്ടേറെ പുരുഷന്മാര്‍ക്ക് മറ്റു ബന്ധങ്ങളുണ്ട്. അതോടൊപ്പം അവര്‍ കുടുംബം നോക്കാറുമുണ്ട്. ഇതെല്ലാം ഗൗരവമായി കണ്ട് വഴക്കുണ്ടാക്കാന്‍ പോയിരുന്നെങ്കില്‍ ഞാന്‍ വിഷമിക്കേണ്ടി വന്നേനെ.'- സറീന പറയുന്നു.

കങ്കണ റണൗട്ടിനെ കുറിച്ചും സറീന അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. '2004-ല്‍ പരിചയപ്പെട്ടതിനു ശേഷം ആദിത്യ പഞ്ചോളിയുമായി കങ്കണ നാലര വര്‍ഷം ഡേറ്റ് ചെയ്തിരുന്നു. അന്ന് കങ്കണയ്ക്ക് പ്രായം 18 വയസായിരുന്നു. ഞാന്‍ കങ്കണയോടു എന്നും നന്നായി മാത്രമേ പെരുമാറിയിരുന്നുള്ളൂ. അവര്‍ പലപ്പോഴും എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. അദ്ദേഹവും അവരോടു നന്നായി മാത്രമേ പെരുമാറിയിരുന്നുള്ളൂ. എവിടെയാണ് കാര്യങ്ങള്‍ കൈവിട്ടു പോയതെന്ന് എനിക്കറിയില്ല.'  സറീന പറയുന്നു. 

1986-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം 'കളങ്ക് കാ ടിക'യുടെ സെറ്റില്‍ വെച്ചാണ് സറീനയും ആദിത്യയും കണ്ടുമുട്ടിയത്. ഇരുവരും അതേ വര്‍ഷം വിവാഹിതരാകുകയും ചെയ്തു. സൂരജിനെ കൂടാതെ സറീനയ്ക്കും ആദിത്യയ്ക്കും സന എന്ന മകളുമുണ്ട്.