കൊച്ചി: കൂത്താട്ടുകുളത്ത് കാക്കൂര്‍ കാളവയലിനോടനുബന്ധിച്ചു നടത്തിയ ടുക്-ടുക് ക്രോസ് ഓട്ടോറിക്ഷ റേസ് കാണാനെത്തിയവര്‍ അതുകണ്ട് വാ പൊളിച്ചു. റേസില്‍ വാശിയോടെ ഓട്ടോപറത്തി ഒരു വനിത... മാവേലിക്കരക്കാരി സോളി സന്തോഷാണത്. 700 മീറ്റര്‍ വീതമുള്ള നാല് ലാപ്പുകള്‍ സോളി വിജയകരമായി തരണം ചെയ്തു. രാജ്യത്തെ വിരലില്‍ എണ്ണാവുന്ന വനിത റേസര്‍മാരുടെ പട്ടികയിലേക്കാണ് സോളി എന്ന 44-കാരി ഓട്ടോ ഓടിച്ചു കയറിയത്.

To advertise here,

30 സെക്കന്‍ഡ് വരുന്ന റീലാണ് ഓട്ടോ റേസിനിറങ്ങാനുള്ള ഇന്ധനം നല്‍കിയതെന്ന് സോളി പറയുന്നു. ചെന്നൈയില്‍ നടന്ന ഓട്ടോറിക്ഷ റാലിയുടെ റീല്‍സ് കണ്ടതാണ് പ്രചോദനം. ഏറെ വര്‍ഷങ്ങള്‍ റോഡില്‍ ഓട്ടോ ഓടിച്ചതാണ്, പിന്നെ എന്തുകൊണ്ട് ചെളിനിറഞ്ഞ റേസ് ട്രാക്കില്‍ ഓടിച്ചുകൂടാ. സോളിയുടെ ചോദ്യത്തിനു മുന്നില്‍ ഭര്‍ത്താവും മകനും തലയാട്ടി. കാക്കൂരിലെ മത്സരത്തില്‍ ഫിനിഷിങ് ലൈനിലെത്തിയപ്പോള്‍ വിജയം വഴുതിമാറി. പക്ഷേ, കാണികളുടെ കൈയടിയില്‍ ആ സങ്കടം അലിഞ്ഞുപോയി.

ആദ്യമായാണ് ഓട്ടോറിക്ഷയില്‍ വനിതാ റേസറെ കാണുന്നതെന്ന് കാക്കൂര്‍ കാളവയലില്‍ മോട്ടോ ഫെസ്റ്റ് സംഘടിപ്പിക്കുന്ന സി.വി. വരുണ്‍ പറഞ്ഞു. ഒന്നര പതിറ്റാണ്ടോളം മാവേലിക്കരയിലെ ഓട്ടോ സ്റ്റാന്‍ഡിലും സ്‌കൂള്‍മുറ്റത്തുമെല്ലാം സോളിയുടെ ഓട്ടോറിക്ഷ സ്ഥിര സാന്നിധ്യമായിരുന്നു. ഇപ്പോള്‍ ഭര്‍ത്താവ് സന്തോഷ് ഡാനിയേലുമായി ചേര്‍ന്ന് മാവേലിക്കരയില്‍ ഓട്ടോറിക്ഷ ഡീലര്‍ഷിപ്പ് ഷോറൂം നടത്തുകയാണ്. ഓട്ടോറേസില്‍ പിന്തുണയുമായി മകന്‍ സോജിനും ഉണ്ടാകാറുണ്ട്.

റീലില്‍ കണ്ട ചെന്നൈയിലെ റാലിയിലേക്കും പിന്നെ ടുക്-ടുക് റാലികളുടെ തട്ടകമായ ശ്രീലങ്കയിലേക്കും തന്റെ ഓട്ടോയുമായി ചെല്ലണമെന്നാണ് സോളിയുടെ മോഹം.