ആലപ്പുഴ: ഓട്ടോറിക്ഷകളിൽ മാർച്ച് ഒന്നുമുതൽ നിരക്ക് മീറ്റർ നിർബന്ധമാക്കിയെങ്കിലും റോഡിലിറങ്ങി പരിശോധിക്കേണ്ടെന്ന് മോട്ടോർവാഹന വകുപ്പ്. ഓട്ടോറിക്ഷകൾ ഫിറ്റ്നസ് ടെസ്റ്റിനെത്തുമ്പോൾമാത്രം പരിശോധിച്ചാൽ മതിയെന്നാണ് നിലവിലെ തീരുമാനം. എന്നാൽ, പാലക്കാട് ഉൾപ്പെടെയുള്ള ചില ജില്ലകളിൽ മോട്ടോർവാഹന വകുപ്പ് മീറ്റർ പ്രവർത്തിപ്പിക്കാത്ത ഓട്ടോകൾക്കെതിരേ നടപടിയെടുത്തു തുടങ്ങി.
ഓട്ടോറിക്ഷകളിൽ നിരക്ക് മീറ്റർ പ്രവർത്തിപ്പിക്കാതെ അമിതചാർജ് ഈടാക്കുന്നതായും ഇത് ഓട്ടോറിക്ഷാ ഡ്രൈവർമാരും യാത്രക്കാരും തമ്മിലുള്ള സംഘർഷങ്ങൾക്കു കാരണമാകുന്നതായും കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് മീറ്റർ ഘടിപ്പിക്കാത്തതും പ്രവർത്തിക്കാത്തതുമായ ഓട്ടോകളിൽ യാത്ര സൗജന്യമെന്ന സ്റ്റിക്കർ പതിക്കണമെന്ന നിർദേശം നൽകിയത്. മാർച്ച് ഒന്നുമുതൽ സി.എഫ്. ടെസ്റ്റ് സമയത്ത് ഇതു പരിശോധിക്കണമെന്നും നിർദേശമുണ്ടായിരുന്നു.
ജില്ലയിൽ ശനിയാഴ്ച ഫിറ്റ്നസ് ടെസ്റ്റ് ഉണ്ടായിരുന്നില്ല. അതിനാൽ പരിശോധന നടന്നില്ല. തിങ്കളാഴ്ചമുതൽ ടെസ്റ്റുണ്ട്. അതിനാൽ തിങ്കളാഴ്ചമുതൽ പരിശോധിക്കുമെന്നാണ് അറിയുന്നത്. ഇതിനെതിരേ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ വിവിധ യൂണിയനുകൾ എതിർപ്പുമായി രംഗത്തുണ്ട്. സംഘടനകൾ അവരുടെ ആവശ്യങ്ങളും നിർദേശങ്ങളും മോട്ടോർവാഹന വകുപ്പിനുമുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്.
സർക്കാർ തലത്തിൽ യോഗമുണ്ടാകുമെന്നും അതിനുശേഷം അനുഭാവമായ തീരുമാനമുണ്ടാകുമെന്നുമാണ് ഇവർ പ്രതീക്ഷിക്കുന്നത്. അതുവരെ നടപടി കടുപ്പിക്കില്ലെന്നാണ് അറിയുന്നത്. മീറ്റർ പ്രവർത്തിപ്പിക്കുന്നതു സംബന്ധിച്ച് സർക്കുലർ ഉണ്ടെങ്കിലും പരിശോധിച്ച് നടപടിയെടുക്കുന്നതിനെക്കുറിച്ച് മോട്ടോർവാഹന വകുപ്പിനും കുടുതൽ നിർദേശങ്ങളൊന്നും നൽകിയിട്ടില്ല. അതിനാലാണ് കർശന നടപടികളിലേക്കു കടക്കാത്തതെന്നാണ് അറിയുന്നത്.
Content Highlights: Motor vehicle department says no need for auto rickshaw Fare meter road inspection
Published: 03 Mar 2025, 11:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented