ഓട്ടോയില്‍ യാത്രക്കാര്‍ നാലല്ല, ഒന്‍പതോളം പേര്; അന്യസംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ച് അപകടയാത്ര
പാറശ്ശാല:ഓട്ടോ റിക്ഷകള്‍ക്കുളളില്‍ അന്യ സംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ചുളള യാത്ര പതിവാകുന്നു. തിരുവനന്തപുരം നഗരത്തില്‍ നിന്ന് ഗ്രാമീണ മേഖലയിലേക്ക് തൊഴിലാളികളെ എത്തിക്കുന്ന സംഘം ഓട്ടോറിക്ഷക്ക് പിന്നില്‍ വരെ അപകടകരമായി തൊഴിലാളികളെ ഇരുത്തി സഞ്ചരിക്കുന്നത് അതിര്‍ത്തി പ്രദേശത്ത് പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്.അമരവിള, ഉദിയന്‍കുളങ്ങര, പാറശ്ശാല, മേഖലകളിലേക്ക് അന്യ സംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന കരാറുകാരാണ് അതിരാവിലെ തൊഴിലാളികളെ ഓട്ടോ റിക്ഷക്കുള്ളില്‍ കുത്തി നിറച്ച് സഞ്ചരിക്കുന്നത്. പരമാവധി നാല് പേര്‍ക്ക് മാത്രം സഞ്ചരിക്കുവാന്‍ സാധിക്കുന്ന ഓട്ടോ റിക്ഷകളില്‍ ഒന്‍പതോളം തൊഴിലാളികളെ കുത്തി നിറച്ചാണ് ഇവര്‍ എത്തിക്കുന്നത്.
ഓട്ടോക്കുളളില്‍ തൊഴിലാളികളെ കുത്തി നിറയ്ക്കുന്നതിന് പുറമെ പിന്‍വശത്തെ വാതില്‍ തുറന്ന് വച്ച ശേഷം അതിന് മുകളില്‍ തൊഴിലാളികളെ ഇരുത്തിയാണ് ഇവര്‍ സഞ്ചരിക്കുന്നത്. ഓട്ടോയുടെ പിന്‍വശത്ത് തൊഴില്‍ ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിന് മുകളില്‍ അപകടകരമായി ഇരുന്നാണ് തൊഴിലാളികള്‍ സഞ്ചരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിക്കുന്നതിന് പിന്നാലെ ഓട്ടോ റിക്ഷകളുടെ പിന്നില്‍ ഇരിക്കുന്ന തൊഴിലാളികള്‍ ഉറങ്ങുകയാണ് പതിവ്. യാതൊരു സുരക്ഷാ മുന്‍കരുതലുമില്ലാതെ ഓട്ടോറിക്ഷക്ക് പിന്നില്‍ ഇരിക്കുന്ന തൊഴിലാളികള്‍ റോഡിലേക്ക് ഉറങ്ങി വീഴുവാനുളള സാധ്യതയേറെയാണ്. ഇതിന് പുറമെ ഓട്ടോ റിക്ഷാ ഡ്രൈവറുടെ ഇരുവശത്തുമായി രണ്ട് തൊഴിലാളികളെയും കൂടി ഇരുത്തി സഞ്ചരിക്കുന്ന സംഘങ്ങള്‍ അതിര്‍ത്തി പ്രദേശത്ത് പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്.
നഗര മേഖലകളിലെ അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ നിന്ന് അതിര്‍ത്തി പ്രദേശത്തേക്ക് തൊഴിലാളികളെ എത്തിച്ച് വിതരണം ചെയ്യുന്ന സംഘമാണ് ഇത്തരത്തില്‍ അപകടകരമായി സഞ്ചരിക്കുന്നത്. ഇത്തരത്തില്‍ തൊഴിലാളികളെ ഇരുത്തുന്നതിനായി പ്രത്യേക സജ്ജീകരണങ്ങള്‍ ചെയ്ത ഓട്ടോ റിക്ഷകളാണ് ഇവ. ദിവസം പരമാവധി ഓട്ടം സംഘടിപ്പിക്കുന്നതിനായി അമിത വേഗതയിലാണ് ഇത്തരം ഓട്ടോ റിക്ഷകള്‍ സഞ്ചരിക്കുന്നത്. കരാറുകാര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് തൊഴിലാളികളെ എത്തിച്ച ശേഷം ഇവര്‍ മടങ്ങുകയാണ് പതിവ്. അതിര്‍ത്തി പ്രദേശം കേന്ദ്രീകരിച്ച് ഇത്തരത്തില്‍ നിരവധി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതി രാവിലെ അഞ്ച് മണി മുതല്‍ ഇത്തരത്തിലുളള അപകടയാത്ര കരമന കളിയിക്കാവിള പാതയില്‍ പതിവ് കാഴ്ചയാണ്.
Inshort: Migrant workers in Kerala are crammed into auto-rickshaws, risking their lives daily. This dangerous practice is rampant near Parassala border.
Content Highlights: Overcrowded Autos: Kerala Migrant Workers` Perilous Commute
Published: 05 Apr 2025, 05:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented