വിവാഹത്തിന് മുമ്പ് കുനാല്‍ ഖേമുവിനൊപ്പം താമസിക്കാന്‍ തുടങ്ങിയപ്പോള്‍ തന്റെ അമ്മയും നടിയുമായ ശര്‍മിള ടാഗോറിന് ആശങ്കയുണ്ടായിരുന്നെന്ന് തുറന്ന് പറഞ്ഞ് നടി സോഹാ അലി ഖാന്‍. കുറച്ച് കാലം കഴിയുമ്പോള്‍ കുനാല്‍ ഖേമുവിന് താത്പര്യം നഷ്ടപ്പെട്ടേക്കാം എന്ന് അമ്മ മുന്നറിയിപ്പ് നല്‍കിയിരുന്നതായും അവര്‍ വ്യക്തമാക്കുന്നു. 'ഓള്‍ എബൗട്ട് ഹെര്‍' എന്ന തന്റെ പോഡ്കാസ്റ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു സോഹ. നടി സൊനാക്ഷി സിന്‍ഹയും റിലേഷന്‍ഷിപ് എക്‌സപേര്‍ട്ട് കസ്തൂരി മഹന്തയും അതിഥിയായെത്തിയപ്പോഴാണ് ഷോയുടെ അവതാരകയായ സോഹ തന്റെ ലിവ് ഇന്‍ ടുഗെതര്‍ കാലഘട്ടത്തെ കുറിച്ച് തുറന്നുപറഞ്ഞത്.

To advertise here,

'വിവാഹിതരാകുന്നതിന് ഏഴ് വര്‍ഷം ഞാനും കുനാലും പ്രണയിച്ചു. വിവാഹത്തിന് മുമ്പ് രണ്ട് വര്‍ഷം ഞങ്ങള്‍ ഒരുമിച്ച് താമസിച്ചു. അപ്പോഴാണ് എന്റെ അമ്മ പറഞ്ഞത്, 'ഇനി അവന്‍ നിന്നെ വിവാഹം കഴിക്കില്ല. അവന് നിന്നോടുള്ള എല്ലാ താത്പര്യവും നഷ്ടപ്പെട്ടിട്ടുണ്ടാകും'. അമ്മ പറഞ്ഞത് ശരിയായിരിക്കുമെന്ന് ഞാനും അപ്പോള്‍ ചിന്തിച്ചു. 'ഞങ്ങള്‍ (കുനാലും ഞാനും) എന്തായാലും വിവാഹത്തെ കുറിച്ച് ആലോചിച്ചിരുന്നില്ല. വിവാഹം അത്ര പ്രധാനപ്പെട്ട കാര്യമല്ലെന്നായിരുന്നു കുനാല്‍ പറഞ്ഞത്. ഞാനും അങ്ങനെത്തന്നെയാണ് കരുതിയത്. പക്ഷേ അവസാനം ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇതിന് അമ്മയും ഒരു കാരണമായി. വിവാഹം കഴിക്കാന്‍ പുരുഷന്‍മാരെ നിര്‍ബന്ധിക്കണമെന്നും അല്ലെങ്കില്‍ അവര്‍ നിങ്ങളോട് വിവാഹം കഴിക്കാന്‍ ആവശ്യപ്പെടില്ലെന്നും അമ്മ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു.'-സോഹ അലി ഖാന്‍ പറയുന്നു.

സോഹ അലി ഖാനും കുനാല്‍ ഖേമുവും 2009-ല്‍ ഒരു സിനിമയുടെ സെറ്റിലാണ് കണ്ടുമുട്ടിയത്. അതിനുശേഷം ഇരുവരും പ്രണയത്തിലായി. 2015-ലായിരുന്നു വിവാഹം. 2017-ല്‍ ഇരുവര്‍ക്കും ഒരു മകള്‍ ജനിച്ചു.