ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകൻ പലാഷ് മുച്ഛലും തമ്മിലുള്ള വിവാഹം മാറ്റിവെച്ചതിനു പിന്നാലെ നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. വിവാഹം മാറ്റിവച്ചതല്ല, മറിച്ച് റദ്ദാക്കിയതാണെന്നും പലാഷ് സ്മൃതിയെ വഞ്ചിച്ചതാണ് കാരണം എന്നുമൊക്കെയുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ പലാഷിനെ പിന്തുണച്ച് സാമൂഹികമാധ്യമത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ബന്ധുവായ നീതി തക്.  

To advertise here,

മേരി ഡി കോസ്റ്റ എന്ന യുവതിയുടേതെന്ന പേരിൽ റെഡ്ഡിറ്റിൽ പ്രചരിച്ച സ്ക്രീൻഷോട്ടുകളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ആഡംബര ഹോട്ടലില്‍ നീന്താന്‍ പോകാനായി മേരിയോട് ചോദിക്കുന്നത് ഉൾപ്പെടെയുള്ള ചാറ്റുകളാണ് പുറത്തുവിട്ടിരുന്നത്. ഇതിനുപിന്നാലെ അവർ അക്കൗണ്ട് ഡിലീറ്റ് ചെയ്തെങ്കിലും അതിനകം വൈറലാവുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം അപവാദ പ്രചരണങ്ങളുടെ പേരിൽ പലാഷിനെ മുൻവിധിയോടെ കാണരുതെന്ന് നീതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

പലാഷ് വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്, സത്യമറിയാതെ പലാഷിനെ തെറ്റുകാരനായി കാണരുത്- എന്നാണ് നീതി കുറിച്ചത്. ഇന്ന് സാങ്കേതികവിദ്യ മനുഷ്യരേക്കാൾ മുന്നിലാണെന്നും, അതിനാൽ കിംവദന്തികളുടെ പേരിൽ പലാഷിനെ വിലയിരുത്തരുതെന്നും നീതി കുറിച്ചു. പലാഷിനായി പ്രാർഥിക്കണം എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നവംബർ ഇരുപത്തിമൂന്നിനായിരുന്നു സ്മൃതി-പലാഷ് വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹം നടക്കുന്നതിന് മണിക്കൂറുകൾ മുമ്പാണ് സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലാണെന്നും വിവാഹം മാറ്റിവച്ചുവെന്നും റിപ്പോർട്ടുകൾ വന്നത്. ഹൃദയാഘാതത്തിന് സമാനമായ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്രീനിവാസിന്റെ ആരോഗ്യം മെച്ചപ്പെട്ട് കഴിഞ്ഞദിവസം ആശുപത്രി വിട്ടുവെങ്കിലും വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.

സ്മൃതിയുടെ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ അടുത്ത ദിവസം തന്നെ പലാഷിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്മൃതിയുടെ അച്ഛനുമായി പലാഷിന് വളരെ നല്ല ബന്ധമാണെന്നും അദ്ദേഹം ആശുപത്രിയിലായത് കാരണം വിവാഹം മാറ്റിവെക്കാന്‍ പലാഷ് തന്നെയാണ് ആവശ്യപ്പെട്ടതെന്ന് പലാഷിന്റെ അമ്മ അറിയിച്ചിരുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ പലാഷിന് ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കിലും അവന്‍ വലിയ മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്നും പലാഷിന്റെ അമ്മ കൂട്ടിച്ചേർത്തിരുന്നു.

എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് സ്മൃതി ഇന്‍സ്റ്റഗ്രാമിലടക്കം പങ്കുവെച്ച എല്ലാ പോസ്റ്റുകളും നീക്കം ചെയ്തത് പലരിലും സംശയമുണര്‍ത്തിയിരുന്നു. 2019-ല്‍ പ്രണയത്തിലായ ഇരുവരും 2024-ല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായതിന്റെ ചിത്രം പങ്കുവെച്ചാണ് ബന്ധം പരസ്യമാക്കിയത്.