കൊച്ചി: മൂവാറ്റുപുഴ സ്വദേശിനി അമ്‌ന ബിൻത് അശ്റഫിന് മറക്കാനാകാത്ത ദിനമായിരുന്നു അത്. ഗായിക സിതാരാ കൃഷ്ണകുമാർ അന്നൊരിക്കൽ നൽകിയ 'നമുക്ക് ഒരു ദിവസം നേരിൽ കാണാം' എന്ന വാഗ്ദാനം പാലിച്ച് ഇരുവരും നേരിൽ കണ്ടുമുട്ടിയ ദിവസം. 'സിതാരാസ് പ്രോജക്റ്റ് മലബാരിക്കസ്' കൊത്തമംഗലത്ത് സംഘടിപ്പിച്ച സംഗീതപരിപാടിയുടെ വേദിയിലാണ് അമ്‌നയുടെയും സിതാരയുടെയും കൂടിക്കാഴ്ച നടന്നത്.

To advertise here,

മാസങ്ങൾക്ക് മുമ്പ് വിമാനം എന്ന സിനിമയിലെ 'വാനമകലുന്നുവോ' എന്ന ഗാനം ആലപിച്ച് അമ്‌ന അത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ നേരിൽകാണാമെന്ന് സിതാര വാക്കുകൊടുത്തു. സിതാരക്ക് അമ്‌ന പാട്ടുപാടുന്നത് കാണിച്ചുകൊടുക്കുന്നതിന്റെ വീഡിയോ അന്ന് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

കൂടിക്കാഴ്ചയ്ക്കായി വേദിയിൽ എത്തിയ അമ്‌നയെ സിതാര സ്‌നേഹത്തോടെ സ്വീകരിച്ചു. അമ്‌നയുമായി അൽപനേരം സംസാരിച്ചു, കൂടുതൽ അവസരങ്ങൾ തേടിക്കൊണ്ട് മുന്നോട്ട് പോകാൻ പ്രോത്സാഹിപ്പിക്കുകയും ആശംസകളറിയിക്കുകയും ചെയ്തു. ഇരുവരുടെയും കൂടിക്കാഴ്ചയുടെ വീഡിയോ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുകയാണിപ്പോൾ.