നടന്‍ ജയം രവിയും ആരതിയും തമ്മിലുള്ള വിവാഹമോചന വാര്‍ത്തയാണ് ഇപ്പോള്‍ തമിഴ് സിനിമാലോകത്തെ ചര്‍ച്ചാവിഷയം. ആരതിയുമായുള്ള ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയ ജയം രവി, ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജിയും നല്‍കിയിട്ടുണ്ട്. ഇരുവരും തമ്മില്‍ വേര്‍പിരിയാനുള്ള പല കാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ആരതിയുടേയും കുടുംബത്തിന്റേയും അമിത നിയന്തണമാണ് ജയം രവിയുടെ തീരുമാനത്തിന് പിന്നില്‍ എന്നാണ് ഒരു കാരണമായി പറയുന്നത്. അതേസമയം ഗായിക കെനിഷ ഫ്രാന്‍സിസുമായുള്ള ജയം രവിയുടെ പ്രണയമാണ് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

To advertise here,

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെനിഷ. തെറാപിസ്റ്റ് കൂടിയായ തന്നെ ജയം രവി വന്നുകാണുകയായിരുന്നുവെന്നും വിവാഹജീവിതത്തില്‍ നേരിട്ട മാനസികവും വൈകാരികവുമായ സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷ തേടിയാണ് ജയം രവി തന്നെ സമീപിച്ചതെന്നും ഇംഗ്ലീഷ് മാധ്യമമായ ടിഡി നെക്‌സിറ്റിന് നല്‍കിയ അഭിമുഖത്തില്‍ കെനിഷ വെളിപ്പെടുത്തി. ആരതിയും കുടുംബവും ജയം രവിയോട് ക്രൂരമായാണ് പെരുമാറിയതെന്നും അതിന്റെ തെളിവുകള്‍ തന്റെ കൈയിലുണ്ടെന്നും കെനിഷ അവകാശപ്പെടുന്നു.

'തെറാപിസ്റ്റ് എന്ന നിലയില്‍ എനിക്കൊരു കാര്യം പറയാനാകും. ആരതിയുടെ കുടുംബത്തില്‍നിന്ന് അദ്ദേഹം അനുഭവിച്ച വേദന മാതാപിതാക്കളെ നഷ്ടപ്പെടുമ്പോഴുണ്ടാകുന്നതിനേക്കാള്‍ വലുതാണ്. ആരതിയില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും അദ്ദേഹം നേരിട്ട വേദനകള്‍ തുറന്നു പറഞ്ഞപ്പോള്‍ തെറാപിസ്റ്റ് എന്ന നിലയില്‍ അതെന്നെപ്പോലും ബുദ്ധിമുട്ടിലാക്കി. ലിംഗഭേദമന്യേ ആരും ഇത്രയധികം അധിക്ഷേപം അര്‍ഹിക്കുന്നില്ല. രവിയുടെ അനുമതിയോടെയോ അല്ലാതെയോ എന്റെ കൈയിലുള്ള തെളിവുകള്‍ കോടതിയുടെ മുന്നിലെത്തിക്കാനാകും.'- കെനിഷ വ്യക്തമാക്കുന്നു. ജയം രവിയും താനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളും കെനിഷ തള്ളി. തങ്ങളുടെ പരിധികളെ കുറിച്ച് അറിയാമെന്നും ജയം രവിയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുകയാണ് ആരതിയുടെ ശ്രമമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇതിന് പിന്നാലെ നിരവധി പേര്‍ കെനിഷയ്‌ക്കെതിരെ രംഗത്തെത്തി. ജയം രവിക്കും ഭാര്യയ്ക്കും ഇടയില്‍ നടന്ന കാര്യങ്ങള്‍ കെനിഷ പരസ്യമാക്കിയെന്നും രോഗിയുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുതെന്ന ചട്ടം (എന്‍ഡിഎ) കെനിഷ ലംഘിച്ചുവെന്നും ഇവര്‍ ആരോപിച്ചു. എന്നാല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച കുറിപ്പിലൂടെ കെനിഷ ഇതിന് മറുപടിയുമായെത്തി. സൈക്കോളജിസ്റ്റും സ്പിരിച്വല്‍ ഹീലറും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. ആ വ്യത്യാസം എന്‍ഡിഎയിലുമുണ്ട്. നിങ്ങള്‍ ഒരു കാര്യം ചെയ്യണം, ഗൂഗിള്‍ തുറന്ന് ഇതിനെ കുറിച്ച് വായിച്ചു പഠിക്കൂ. ഒരു ബോധോദയത്തിന്റെ ദിവസമാകട്ടെ.'-കെനിഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കെനിഷയുടെ ആരോപണങ്ങളില്‍ പ്രതികരണവുമായി ആരതിയും പിന്നാലെ രംഗത്തെത്തി. തന്റെ മൗനം ദൗര്‍ബല്യമായോ കുറ്റബോധമായോ വ്യാഖ്യാനിക്കേണ്ടതില്ലെന്ന് സാമൂഹികമാധ്യമ പോസ്റ്റിലൂടെ ആരതി വ്യക്തമാക്കി. യാഥാര്‍ഥ്യം മറച്ചുപിടിച്ചുകൊണ്ട് തന്നെ മോശമായി ചിത്രീകരിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളോട് പ്രതികരിക്കാതിരിക്കുന്നത് അന്തസ്സ് പാലിക്കുന്നതിനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിയമവ്യവസ്ഥ നീതി നടപ്പാക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ആരതി പറഞ്ഞു. 

2009-ലാണ് നിര്‍മാതാവായ സുജാത വിജയകുമാറിന്റെ മകളായ ആരതിയും ജയം രവിയും വിവാഹിതരാകുന്നത്. തമിഴ് സിനിമയില്‍ മുന്‍നിര നടനായി ജയം രവി നിറഞ്ഞു നില്‍ക്കുന്ന സമയത്തായിരുന്നു വിവാഹം. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. ഈ വര്‍ഷം സെപ്റ്റംബര്‍ ആദ്യമാണ് തങ്ങള്‍ വിവാഹമോചിതരാകുന്നതായി ജയം രവി സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചത്. പിന്നാലെ തന്റെ സമ്മതമില്ലാതെയാണ് ജയം രവി അത്തരമൊരു തീരുമാനമെടുത്തതെന്ന് കാണിച്ച് ആരതിയും സാമൂഹികമാധ്യമത്തിലൂടെ രംഗത്തെത്തിയിരുന്നു.