തമിഴ് നടന്‍ ജയം രവിയും ഭാര്യ ആരതി രവിയും തമ്മിലുള്ള വിവാഹമോചന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ആരതിയുമായുള്ള 15 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചുവെന്നും വളരെയധികം വേദനയോടെ എടുത്ത തീരുമാനമാണ് ഇതെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെ ജയം രവി വ്യക്തമാക്കിയിരുന്നു.

To advertise here,

എന്നാല്‍ ഇതിന് പിന്നാലെ വിശദീകരണവുമായി ആരതി രവി രംഗത്തെത്തുകയും ചെയ്തു. താന്‍ അറിയാതെയാണ് ജയം രവി ഈ തീരുമാനമെടുത്തതെന്നും ഭര്‍ത്താവിനെ കാണാനും ഇക്കാര്യത്തെ കുറിച്ച് സംസാരിക്കാനും പലതവണ ശ്രമിച്ചെങ്കിലും അവസരം നിഷേധിക്കപ്പെട്ടുവെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ആരതി വ്യക്തമാക്കിയിരുന്നു. 2009-ലാണ് നിര്‍മാതാവായ സുജാത വിജയകുമാറിന്റെ മകളായ ആരതിയും ജയം രവിയും വിവാഹിതരാകുന്നത്. ഏറെക്കാലത്തെ പ്രണയത്തിനുശേഷമായിരുന്നു ഇരുവരുടേയും വിവാഹം. പ്രണയാര്‍ദ്രമായ നിരവധി ചിത്രങ്ങളും റീലുകളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. 

ഇരുവരും ഒരുമിച്ച് പങ്കെടുത്ത പല അഭിമുഖങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ഇരുവരും പരസ്പരം സ്‌നേഹം പങ്കിടുന്നതിനെ കുറിച്ചും പിന്തുണ നല്‍കുന്നതിനെ കുറിച്ചുമെല്ലാമാണ് ഈ അഭിമുഖങ്ങളില്‍ പറയുന്നത്. കുറച്ച് വര്‍ഷം മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ ജയം രവിയെ ഭാര്യയെ വിളിക്കുന്നത് 'ബേബി' എന്ന ഓമനപ്പേരിലാണ്. ഈ വീഡിയോ നിരവധി പേരാണ് എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്.

താന്‍ ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ജയം രവി തന്നെ പരിപാലിച്ചതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ ആരതിയും പറയുന്നുണ്ട്. ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലും ജയം രവി തന്നെ ഒരു കുഞ്ഞിനെപ്പോലെ നോക്കിയെന്നും ഒരു ഭര്‍ത്താവെന്ന നിലയില്‍ ജയം രവിക്ക് 100 മാര്‍ക്ക് നല്‍കുമെന്നും ആരതി പറയുന്നു. 

'ഇതുപോലെ ഒരു ഭര്‍ത്താവിനെ എല്ലാവര്‍ക്കും കിട്ടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഗര്‍ഭിണിയായ സമയത്ത് എനിക്ക് നല്ല ഛര്‍ദ്ദിയുണ്ടായിരുന്നു. പ്രതീക്ഷിക്കാത്ത സമയങ്ങളില്‍പോലും ഞാന്‍ ഛര്‍ദ്ദിക്കും. അന്ന് ഞാന്‍ ഛര്‍ദ്ദിച്ചത് അദ്ദേഹത്തിന്റെ കൈകള്‍കൊണ്ടു വരെ കോരിക്കളഞ്ഞിട്ടുണ്ട്. എന്നെ ആശ്വസിപ്പിക്കാനായിരുന്നു അത്. അന്ന് ചില ഭക്ഷണങ്ങളോട് പ്രത്യേക ഇഷ്ടമായിരുന്നു. ചിലപ്പോള്‍ രാത്രിയായിരിക്കും ഞാന്‍ ഇഷ്ടപ്പെട്ട ഭക്ഷണം വേണമെന്ന് പറയുക. പിറ്റേന്ന് പുലര്‍ച്ചെ അദ്ദേഹത്തിന് ഷൂട്ടിങ്ങുണ്ടെങ്കില്‍പോലും എനിക്ക് ഭക്ഷണം വാങ്ങിത്തരും.' നേരത്തെ നല്‍കിയ അഭിമുഖത്തില്‍ ആരതി പറയുന്നു. 

ആദ്യത്തെ കുഞ്ഞിന് ആരതി ജന്മം നല്‍കിയപ്പോഴുള്ള സന്തോഷത്തെ കുറിച്ചും അഭിമുഖത്തില്‍ പറയുന്നുണ്ട്. അന്ന് ആശുപത്രിയിലുള്ള കാര്യങ്ങളെല്ലാം അച്ഛനായിരുന്നു ജയം രവിയെ വിളിച്ചു പറഞ്ഞിരുന്നത്. ആരതി പ്രസവിച്ചു എന്ന് പറഞ്ഞപ്പോള്‍ ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നല്ല ജയം രവി ആദ്യം ചോദിച്ചത്. ആരതിക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്നായിരുന്നു ആദ്യ ചോദ്യം. ഇക്കാര്യം പിന്നീട് ജയം രവിയുടെ അച്ഛന്‍ തന്നോട് പറഞ്ഞുവെന്നും ആരതി അഭിമുഖത്തില്‍ പറയുന്നു. 

കഴിഞ്ഞ ജൂണില്‍ 15-ാം വിവാഹ വാര്‍ഷികത്തിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള അസ്വാരസ്യത്തിന്റെ ആദ്യ വാര്‍ത്തകള്‍ പുറത്തുവന്നത്. ജയം രവിക്കൊപ്പമുള്ള എല്ലാ ചിത്രങ്ങളും ആരതി ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തതോടെ ഇരുവരും വിവാഹമോചിതരാകുകയെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. 

തമിഴ് സിനിമയില്‍ മുന്‍നിര നടനായി ജയം രവി നിറഞ്ഞു നില്‍ക്കുന്ന സമയത്തായിരുന്നു വിവാഹം. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്.