ഒന്നര മാസത്തെ ഇടവേളയ്ക്ക് ശേഷം ഗായിക അമൃത സുരേഷ് വീട്ടിലെത്തിയതിന്റെ വീഡിയോ പങ്കുവെച്ച് ഗായികയും സഹോദരിയുമായ അഭിരാമി സുരേഷ്. സംഗീത പരിപാടിയുമായി ബന്ധപ്പെട്ട അമേരിക്കന്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ അമൃതയെ വീട്ടുകാര്‍ സ്വീകരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇത്രയും കാലം അമൃത വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് ആദ്യമായിട്ടാണെന്നും സ്വന്തം കുഞ്ഞിന്റെ മികച്ച ഭാവിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് ചേച്ചിയെന്നും വീഡിയോയില്‍ അഭിരാമി പറയുന്നു. 

To advertise here,

'എന്റെ ചേച്ചിക്കുട്ടിയെ പോലെ ഇന്‍ഡിപെന്‍ഡന്റ് ആന്റ് സെല്‍ഫ് മോഡ് ആയി സ്വന്തം കുഞ്ഞിന്റെ ബെസ്റ്റ് ഭാവിക്കുവേണ്ടി കഷ്ടപ്പെടുന്ന എല്ലാ സിംഗിള്‍ മദേഴ്‌സിനും ഫാദേഴ്‌സിനും എന്റെ പ്രത്യേക സ്‌നേഹം അറിയിക്കുന്നു. എന്തൊക്കെ വേദനകള്‍ നിങ്ങളെ തളര്‍ത്തിയാലും നമ്മുടെ മനസില്‍ നന്മയും നമ്മുടെ പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥന കൂടെയുമുണ്ടെങ്കില്‍ ഈ യാത്ര നമ്മെ ഉയരങ്ങളില്‍ എത്തിക്കും.'-വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ അമൃത പറയുന്നു.

സംഗീത ജീവിതം നല്‍കുന്ന വരുമാനമാണ് തങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനുള്ള ഏകമാര്‍ഗമെന്നും അതിനാലാണ് വേദനകള്‍ മറന്ന് ചേച്ചി അമേരിക്കയില്‍ സംഗീത പരിപാടിക്ക് പോയതെന്നും അമൃത വീഡിയോയില്‍ പറയുന്നു.

'വീട് വിട്ടുനില്‍ക്കുന്നതില്‍ സങ്കടമുണ്ടെങ്കിലും പരിപാടികള്‍ വരുമ്പോള്‍ അങ്ങനെ ചെയ്‌തേ പറ്റൂ. അതുകൊണ്ട് വേദനങ്ങള്‍ മറന്ന് ചേച്ചി സംഗീത പരിപാടിക്ക് പോയി. സംഗീത ജീവിതം നല്‍കുന്ന വരുമാനംകൊണ്ടാണ് ഞങ്ങളുടെ കുടുംബം മുന്നോട്ടുപോകുന്നത്. പ്രത്യേകിച്ച് അച്ഛന്‍ വിട പറഞ്ഞതിന് ശേഷം പിടിച്ചുനില്‍ക്കാനുള്ള ഏക മാര്‍ഗം ഇത് മാത്രമായി. ഞാന്‍ മാത്രമേ ഇങ്ങനെ ദു:ഖങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കൂ. ചേച്ചിയുടെ ജീവിതത്തില്‍ എന്തൊക്കെ വേദനകള്‍ വന്നാലും അതിനെയെല്ലാം മറികടന്ന് പാപ്പുവിന് ഏറ്റവും മികച്ച ജീവിതം കൊടുക്കാന്‍വേണ്ടി കഷ്ടപ്പെടുന്ന, പോരാടുന്ന അമ്മയാണ് ചേച്ചി.'- അഭിരാമി പറയുന്നു. 

ആരതിയുഴിഞ്ഞ് അമ്മ അമൃതയെ സ്വീകരിക്കുന്നത് മകള്‍ പാപ്പു (അവന്തിക) വിനെ അമൃത കെട്ടിപ്പിടിച്ച് ചുംബിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. സ്റ്റീഫന്‍ ദേവസ്സി നേതൃത്വം നല്‍കിയ സംഗീത പരിപാടിയുമായി ബന്ധപ്പെട്ടാണ് അമൃത അമേരിക്കയില്‍ പോയത്. സിദ്ധാര്‍ഥ് മേനോന്‍ ഉള്‍പ്പെടെയുള്ള ഗായകര്‍ ഈ ഗ്രൂപ്പിലുണ്ടായിരുന്നു. അമേരിക്കയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും അമൃത ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.