പാലക്കാട്: 11 വയസ്സുള്ള മാസാണിയെ മടിയിലിരുത്തി വാസന്തി പുറത്ത് ആര്‍ത്തുപെയ്യുന്ന മഴനോക്കിയിരിക്കയാണ്. ഇഷ്ടികയും മണ്ണുംകൊണ്ടുകെട്ടിയ ഓട്ടുവീടിന്റെ മുകളില്‍ ചോര്‍ച്ചതടയാന്‍ വലിയ പ്ലാസ്റ്റിക് വിരിച്ചിരിക്കുന്നു. എന്നിട്ടും വീട് കുതിര്‍ന്നൊലിക്കുന്നുണ്ട്. രണ്ടു കുടുസ്സുമുറികളില്‍ ഒന്ന് അടുക്കളയാണ്. ശേഷിക്കുന്ന കൊച്ചുമുറിയിലാണ് ഒരമ്മയും മാനസിക-ശാരീരിക വെല്ലുവിളിനേരിടുന്ന മകനും രണ്ടു പെണ്‍മക്കളും താമസിക്കുന്നത്. ആ മുറിയില്‍ ആകെയുള്ളത് ഒരു ബെഞ്ചും ഒരു പ്ലാസ്റ്റിക് കസേരയും മാത്രം. വീട്ടിലെ സ്ഥലപരിമിതികാരണം മൂത്തമകന്‍ മറ്റൊരുസ്ഥലത്ത് താമസിച്ചാണ് പഠിക്കുന്നത്.

To advertise here,

പാലക്കാട് പെരുമാട്ടി പഞ്ചായത്തിലെ മീനാക്ഷിപുരത്ത് ഹരിജന്‍നഗറില്‍ ഒന്നേകാല്‍ സെന്റ് സ്ഥലത്താണ് വാസന്തിയും മക്കളും താമസം. സെറിബ്രല്‍പാള്‍സി ബാധിച്ച മാസാണിക്ക് ജന്മനാ ചലനശേഷിയില്ല. ബുദ്ധിവളര്‍ച്ചയും സംസാരശേഷിയുമില്ലാത്ത മകനെ എടുത്തുനടക്കാനും കുളിപ്പിക്കാനും ഊട്ടാനുമെല്ലാം വാസന്തിവേണം. എടുത്താല്‍ എടുപ്പുറയ്ക്കാത്ത, കിടത്തിയാല്‍ ഇഴഞ്ഞുനീങ്ങുന്ന മാസാണിക്കിപ്പോള്‍ നേരേ നിര്‍ത്തിയാല്‍ 36 വയസ്സുള്ള അമ്മയെക്കാള്‍ പൊക്കമുണ്ടാവും. മാസാണിയുടെ അവസ്ഥ കണ്ടയുടന്‍ ഭര്‍ത്താവ് കുടുംബത്തെ ഉപേക്ഷിച്ചുപോയെന്ന് വാസന്തി പറഞ്ഞു. ഭര്‍ത്താവിന്റെ അമ്മ ലക്ഷ്മിയാണ് ഇവരെ സംരക്ഷിക്കുന്നത്. ഇപ്പോഴും മുത്തശ്ശി ഇവരെ പുലര്‍ത്താനായി കോഴിക്കോട്ട് ഒരുവീട്ടില്‍ ജോലിക്കു നില്‍ക്കയാണെന്ന് വാസന്തിയുടെ ഭര്‍ത്താവിന്റെ സഹോദരി വടിവുക്കരശി പറഞ്ഞു.

വീടിനായി അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഭൂരഹിതപട്ടികയില്‍ പട്ടികജാതി വിഭാഗം ക്രമനമ്പര്‍ 90 ആയും മെയിന്‍ലിസ്റ്റില്‍ 226 ആയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മുത്തശ്ശി ലക്ഷ്മിയുടെ പേരിലാണ് സ്ഥലം. മാസാണിക്ക് വീടാകുമെങ്കില്‍ തങ്ങള്‍ അതിലൊരവകാശവും ഉന്നയിക്കില്ലെന്ന് ലക്ഷ്മിയും വടിവുക്കരശിയും ഉറപ്പുപറയുന്നു. മാസാണിക്ക് സ്ഥിരമായി അപസ്മാരം വരുന്നതിനാല്‍ ഇടയ്ക്കിടെ 35 കിലോമീറ്റര്‍ അകലെയുള്ള ജില്ലാ ആശുപത്രിയിലേക്ക് ഓടണം. കുട്ടികള്‍ക്ക് മുടങ്ങാതെ കുറച്ചുഭക്ഷണം, ഇടിഞ്ഞുവീഴാത്തൊരു കൊച്ചുവീട്... ഇതിന് എന്തുവഴിയെന്ന ആധിയാണ് അവരുടെ അമ്മയ്ക്കും മുത്തശ്ശിക്കും.