ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീ വെഡ്ഡിങ് ആഘോഷത്തിനിടെ ഷാരൂഖ് ഖാന്‍ തെന്നിന്ത്യന്‍ താരം രാംചരണിനോട് അപമര്യാദയായി പെരുമാറിയത് വന്‍ചര്‍ച്ചയായിരുന്നു. രാംചരണിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ സെബ ഹസ്സനാണ് ആരോപണവുമായി രംഗത്തുവന്നിരുന്നത്. 

To advertise here,

ഗുജറാത്തിലെ ജാംനഗറില്‍ നടന്ന ആഘോഷത്തിനിടെ വേദിയിലേക്ക് നൃത്തം ചെയ്യാനായി രാംചരണിനെ ക്ഷണിച്ചപ്പോള്‍ 'ഇഡ്ഡലി, വട രാംചരണ്‍, നിങ്ങള്‍ എവിടെയാണ്?' എന്നാണ് ഷാരൂഖ് ചോദിച്ചത്. തുടര്‍ന്ന് താന്‍ ആ വേദി വിട്ടുപോയെന്നും സെബ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ തെന്നിന്ത്യന്‍ താരങ്ങളെ പരിഹസിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ശ്രുതി ഹാസന്‍. ഇന്‍സ്റ്റഗ്രാമിലെ 'ആസ്‌ക് മീ എനിതിങ്' സെഷനില്‍ ആരാധകരുമായി സംസാരിക്കുകയായിരുന്നു ശ്രുതി.

തമിഴ് സ്റ്റൈലില്‍ എന്തെങ്കിലും സംസാരിക്കുമോ എന്ന് ഒരു ആരാധകന്‍ ശ്രുതിയോട് ചോദിച്ചു. ഇതാണ് താരത്തെ ചൊടിപ്പിച്ചത്. 'ഇത് വംശീയതയാണ്. ഇങ്ങനെ ചോദിക്കുന്നത് ശരിയല്ല. ഞങ്ങളെ നോക്കി ഇഡ്ഡലി ദോശ സാമ്പാര്‍ എന്ന് പറയുന്നതും തമാശയല്ല. ഞങ്ങളെ അനുകരിക്കുന്നതിനെ തമാശയായി കരുതരുത്.'-ശ്രുതി ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകന് നല്‍കിയ മറുപടിയില്‍ പറയുന്നു. 

അടുത്തിടെ ശ്രുതി ഹാസന്‍ കാമുകന്‍ സാന്തനു ഹസാരികയുമായി വേര്‍പിരിഞ്ഞിരുന്നു. താനിപ്പോള്‍ സിംഗിളാണെന്നും ജോലി ചെയ്ത് ജീവിതം ആസ്വദിക്കുകയാണെന്നും ശ്രുതി വ്യക്തമാക്കിയിരുന്നു. ഡൂഡില്‍ ആര്‍ട്ടിസ്റ്റും ഇല്ലസ്‌ട്രേറ്ററുമായ സാന്തനുമായി നാല് വര്‍ഷത്തോളമായി ലിവിങ് ടുഗെദറിലായിരുന്നു ശ്രുതി. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും അണ്‍ഫോളോ ചെയ്യുകയും അടുത്തിടെ പോസ്റ്റ് ചെയ്ത ഒരുമിച്ചുള്ള ചിത്രങ്ങള്‍ കളയുകയും ചെയ്തിട്ടുണ്ട്.