ബോളിവുഡിലെ വംശീയതയെയും നിറവിവേചനത്തെയും കുറിച്ച് തുറന്നുപറഞ്ഞ് നടൻ ദിവ്യേന്ദു ഭട്ടാചാര്യ. നിറത്തിന്റെ പേരിൽ പരസ്യചിത്രത്തിൽ നിന്ന് അവസാന നിമിഷം തന്നെ ഒഴിവാക്കിയ അനുഭവം അദ്ദേഹം പങ്കുവെച്ചു. കറുത്ത നടനെ വേണ്ട എന്ന് അണിയറപ്രവർത്തകർ തന്നോട് നേരിട്ട് പറഞ്ഞതായും ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നുണ്ട്.

To advertise here,

ഒരു പ്രമുഖ പരസ്യത്തിനായി ദിവ്യേന്ദുവിനെ തിരഞ്ഞെടുക്കുകയും 4-5 ദിവസം ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. എന്നാൽ ഷൂട്ടിങ്ങിന് മൂന്ന് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ തനിക്ക് പകരക്കാരനെ കണ്ടെത്തിയതായി അദ്ദേഹം അറിയുകയായിരുന്നു. 

പരാമർശം തന്നെ വ്യക്തിപരമായി ബാധിച്ചില്ലെന്നും തന്റെ സ്വത്വത്തിൽ താൻ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും, സിനിമാ വ്യവസായത്തിന്റെ അടിത്തട്ടിൽ ഇത്തരത്തിലുള്ള തെറ്റായ ചിന്താഗതികൾ ആഴത്തിൽ വേരോടിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളെ ഉദാഹരണമായി കാണിച്ച്, ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസത്തിൽ തന്നെ സാമൂഹിക ധാർമ്മികതയും മൂല്യങ്ങളും പഠിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സോണി ലിവ്വിൽ മെയ് ഒന്നിന് റിലീസ് ചെയ്ത അൺദേഖി വെബ്സീരിസിൽ ശ്രദ്ധേയമായ വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്തത്. ഹർഷ് ഛായ, സൂര്യ ശർമ്മ എന്നിവരും ഇതിൽ പ്രധാന വേഷങ്ങളിലെത്തുന്നു.