ന്യൂഡൽഹി: വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ ഡ്രസ്സിങ് റൂമിൽ നിന്ന് വംശീയാധിക്ഷേപം നേരിട്ടിരുന്നുവെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ലക്ഷ്മൺ ശിവരാമകൃഷ്ണൻ. പാകിസ്താനെതിരായ പരമ്പരയ്ക്കിടയിൽ പിറന്നാൾ ആഘോഷത്തിനിടയിൽ സഹതാരം വംശീയമായ പരാമർശം നടത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 1982-83 സീസണിൽ നടന്ന പാകിസ്താൻ പരമ്പരയ്ക്കിടെയാണ് സംഭവം. ഇന്ത്യൻ എക്‌സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് ശിവരാമകൃഷ്ണന്റെ തുറന്നുപറച്ചിൽ.

To advertise here,

പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കെയ്ക്ക് മുറിക്കാൻ ഒരുങ്ങിയപ്പോഴാണ് സഹതാരം വംശീയമായി അധിക്ഷേപിച്ചത്. നീ ശരിയായ നിറത്തിലുള്ള കേക്ക് ഓർഡർ ചെയ്തു. ഇരുണ്ട നിറമുള്ള ഒരു കുട്ടിക്ക്  ഇരുണ്ട നിറമുള്ള ചോക്ലേറ്റ് കെയ്ക്ക്. ആ സഹതാരത്തിന്റെ വാക്കുകൾ ശിവരാമകൃഷ്ണൻ ഓർത്തെടുത്തു. അത് കേട്ടയുടനെ താൻ കരയാൻ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. കെയ്ക്ക് മുറിക്കാൻ വിസമ്മതിച്ചു. എന്നാൽ സുനിൽ ഗാവസ്കർ സമാധാനിപ്പിക്കേണ്ടി വന്നു. ശേഷം കണ്ണീരോടെയാണ് കെയ്ക്ക് മുറിച്ചത്.- ശിവരാമകൃഷ്ണൻ പറഞ്ഞു.

14 വയസ്സുള്ളപ്പോൾ ഉണ്ടായ മറ്റൊരു സംഭവവും അദ്ദേഹം ഓർത്തെടുത്തു. മുതിർന്ന ഇന്ത്യൻ ബാറ്റർ, ഗ്രൗണ്ട് സ്റ്റാഫ് ആണെന്ന് തെറ്റിദ്ധരിച്ച് ഷൂ വൃത്തിയാക്കാൻ ആവശ്യപ്പെട്ടിരുന്നതായി ശിവരാമകൃഷ്ണൻ വെളിപ്പെടുത്തി. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്ന സമയത്ത് തമിഴ്‌നാട് ടീമിന്റെ ഡ്രസ്സിങ് റൂമിൽ വെച്ച് വംശീയമായ പരമാർശങ്ങൾ കേൾക്കേണ്ടിവന്നിട്ടുണ്ടെന്നും വടക്കേ ഇന്ത്യയിലുള്ള കാണികൾ തന്നെ കളിയാക്കിയിരുന്നതായും മുൻ ഇന്ത്യൻ സ്പിന്നർ പറഞ്ഞു.

മുംബൈയിലെ ഒരു ഹോട്ടലിൽ വെച്ച് തന്നെ കണ്ടപ്പോൾ താൻ ഇന്ത്യൻ ടീമിലെ അംഗമാണെന്ന് വിശ്വസിക്കാൻ അവിടെയുള്ള ഗേറ്റ് കീപ്പർക്ക് കഴിഞ്ഞില്ലെന്നും അംഗമാണെന്ന് സ്ഥിരീകരിക്കാനായി മറ്റൊരു താരം വരേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം ഒരു മണിക്കൂർ ഇതിനായി കാത്തുനിൽക്കേണ്ടിവന്നു. അതിനുശേഷം, റൂമിന്റെ താക്കോലുകൾ കൊണ്ടുപോകണമെന്ന് മനസ്സിലാക്കി. പക്ഷെ വീണ്ടും പുറത്താക്കപ്പെടുമോ എന്ന ഭയം കാരണം ഗേറ്റിനടുത്തേക്ക് വിറച്ചാണ് പോയിരുന്നത്.- ശിവരാമകൃഷ്ണൻ പറഞ്ഞു.

ഇതെല്ലാം എന്റെ ആത്മവിശ്വാസം കുറച്ചു. ചെറുപ്പത്തിൽ തന്നെ ഇങ്ങനെ സംഭവിച്ചപ്പോൾ, ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക വളരെ ബുദ്ധിമുട്ടായി. ഞാൻ ഇതൊക്കെ മറക്കാൻ ആഗ്രഹിച്ചു, പക്ഷേ അതിന് സാധിച്ചില്ലെന്നും താൻ തളർന്നുപോയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കായി 25 മത്സരങ്ങൾ കളിച്ച താരമാണ് ശിവരാമകൃഷ്ണൻ. 1983 ഏപ്രിലിൽ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുമ്പോൾ 17 വർഷവും 118 ദിവസവുമായിരുന്നു പ്രായം. ടെസ്റ്റിൽ ഇന്ത്യക്കായി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിലൊരാളായിരുന്നു ശിവരാമകൃഷ്ണൻ.