ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന്റെ മുൻ ഭാര്യ അയേഷാ മുഖർജിക്ക് ഓസ്‌ട്രേലിയയിലെ സ്വത്ത് വിഭജനത്തിന്റെ ഭാഗമായി ലഭിച്ച 5.7 കോടി രൂപ (8,94,397 ഓസ്‌ട്രേലിയൻ ഡോളർ) തിരികെ നൽകണമെന്ന് ഉത്തരവിട്ട് ഡൽഹി കുടുംബ കോടതി. ഭീഷണിയുടെയും വഞ്ചനയുടെയും അടിസ്ഥാനത്തിലാണ് അയേഷ ഈ കരാർ നേടിയെടുത്തതെന്ന് ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്യുന്നു.
ഓസ്‌ട്രേലിയൻ കോടതിയുടെ വിവാഹമോചന സെറ്റിൽമെന്റ് അസാധുവായിരിക്കുമെന്നും കുടുംബ കോടതി പറഞ്ഞു. ദമ്പതികൾ ഇന്ത്യയിലാണ് വിവാഹിതരായതെന്നും തർക്കം തീർപ്പാക്കാൻ ഓസ്‌ട്രേലിയൻ കോടതിക്ക് അധികാരമില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. വിവാഹമോചന നടപടികളിൽ ഓസ്‌ട്രേലിയൻ കോടതിയുടെ ഒരു ഉത്തരവുകൾക്കും ധവാൻ ബാധ്യസ്ഥനല്ലെന്നും കോടതി പ്രഖ്യാപിച്ചു.
സ്വത്ത് വിഭജന രേഖകൾ എല്ലാം അസാധുവായി പ്രഖ്യാപിച്ചതായി ജഡ്ജി ദേവേന്ദർ കുമാർ ഗാർഗ് അറിയിച്ചു. ഭീഷണിയുടെയും, ചൂഷണത്തിന്റെയും, തട്ടിപ്പിന്റെയും, വഞ്ചനയുടെയും സാഹചര്യങ്ങളിലാണ് ധവാൻ അവയിൽ ഒപ്പിട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ധവാൻ കേസ് ഫയൽ ചെയ്ത തീയതി മുതൽ ഈ തുകയ്ക്ക് ഒൻപത് ശതമാനം വാർഷിക പലിശ അദ്ദേഹത്തിന് നൽകണമെന്നും കോടതി നിർദേശിച്ചു.
ധവാന്റെ ഇന്ത്യയിലെ സ്വത്തുക്കളും സാമ്പത്തിക കാര്യങ്ങളും ഉൾപ്പെടെ ദമ്പതികളുടെ ആസ്തികൾ ഭാഗിക്കുന്ന ഓസ്‌ട്രേലിയൻ കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിൽ നിന്നും അയേഷ മുഖർജിയെ ഡൽഹി കോടതി വിലക്കി.
ആസ്തികളുടെ മൊത്തം വിഹിതത്തിന്റെ 15 ശതമാനം ഓസ്‌ട്രേലിയൻ കോടതി മുഖർജിക്ക് അനുവദിച്ചിരുന്നു. അതിന്റെ ഭാഗമായി, 7.46 കോടി രൂപ (1.17 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ) ആസ്തികൾ അവർക്ക് ലഭിക്കുകയും ധവാനിൽ നിന്ന് 15.95 കോടി രൂപ (2.5 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ) അധികമായി ലഭിക്കുകയും സ്വത്ത് കൈമാറുകയും ചെയ്തു.
2021 നും 2024 നും ഇടയിൽ, ഓസ്‌ട്രേലിയൻ കോടതി ദമ്പതികളുടെ സ്വത്തുക്കൾ വിഭജിച്ച് നിരവധി ഉത്തരവുകൾ പുറപ്പെടുവിച്ചു. ധവാൻ ഈ തീരുമാനങ്ങളെ ചോദ്യം ചെയ്തു. അവ ഇന്ത്യൻ വിവാഹ നിയമങ്ങൾ ലംഘിക്കുന്നതായി വാദിക്കുകയും, ഓസ്‌ട്രേലിയൻ കോടതിയുടെ അധികാരപരിധിക്ക് വിധേയനായിട്ടില്ലെന്ന് സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്ന് പറയുകയും ചെയ്തു. എല്ലാ ഇടക്കാല സെറ്റിൽമെന്റും ഭീഷണിക്ക് വഴങ്ങിയാണ് സമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു.
2012-ൽ നടന്ന വിവാഹശേഷം തന്റെ സാമ്പത്തിക ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ധവാന്റെ പ്രതിച്ഛായയും ക്രിക്കറ്റ് കരിയറും നശിപ്പിക്കുന്ന വ്യാജവും അപകീർത്തികരവുമായ വസ്തുക്കൾ പ്രചരിപ്പിക്കുമെന്ന് അയേഷ ഭീഷണിപ്പെടുത്തിയതായി ധവാൻ പാട്യാല ഹൗസ് കോടതിയെ അറിയിച്ചു. തന്റെ സ്വന്തം പണം ഉപയോഗിച്ചാണ് സ്വത്തുക്കൾ വാങ്ങിയതെങ്കിലും, അവ സംയുക്തമായോ ഭൂരിഭാഗവും അവരുടെ പേരിലോ രജിസ്റ്റർ ചെയ്യാൻ നിർബന്ധിതനായതായി അദ്ദേഹം അവകാശപ്പെട്ടു.
ഒരു പ്രത്യേക സാഹചര്യത്തിൽ, ധവാൻ വാങ്ങിയ ഒരു സ്വത്തിന്റെ 99 ശതമാനം ഉടമയായി മുഖർജിയെ കാണിച്ചിരുന്നതായി കോടതിയെ അറിയിച്ചു. ഓസ്‌ട്രേലിയയിൽ തന്റെ പേരിൽ ഒരു സ്വത്ത് വാങ്ങാൻ അയേഷ മുഖർജി തന്നെ നിർബന്ധിച്ചതായും, അത് 2019-ൽ വിറ്റ് കിട്ടിയ പണം ഓസ്‌ട്രേലിയൻ കോടതിക്ക് മുമ്പുള്ള ഒരു 'ഇടക്കാല സെറ്റിൽമെന്റ്' എന്ന നിലയിൽ അവർ സ്വന്തമാക്കിയതായും ധവാൻ ആരോപിച്ചു.
തെളിവുകൾ പരിശോധിച്ച ശേഷം, ജഡ്ജി ഗാർഗ് ധവാന്റെ വാദങ്ങൾ അംഗീകരിക്കുകയും ഓസ്‌ട്രേലിയൻ നടപടിക്രമങ്ങളിൽ അദ്ദേഹത്തിന്റെ പങ്കാളിത്തം സ്വമേധയാ ഉള്ളതായി കണക്കാക്കാൻ കഴിയില്ലെന്നും, അത് ഭയത്തിന്റെയും നിർബന്ധത്തിന്റെയും കീഴിലാണ് നടന്നതെന്നും ചൂണ്ടിക്കാണിച്ചു. എതിർകക്ഷി ഡൽഹി കോടതിയിൽ ഹാജരാകാതിരുന്നതിനാൽ, പല തവണ നോട്ടീസ് അയച്ചിട്ടും പ്രതികരണം ഉണ്ടായിരുന്നില്ല. ധവാന്റെ വാദങ്ങളെ അവർ എതിർക്കുകയോ പ്രതിരോധിക്കുകയോ ചെയ്തില്ലെന്നാണ് കോടതി രേഖപ്പെടുത്തിയത്.
ഓസ്‌ട്രേലിയൻ കുടുംബ നിയമം 1975-ലെ വ്യവസ്ഥകൾ ഇന്ത്യൻ നിയമത്തെ മറികടക്കാൻ കഴിയില്ലെന്ന് കോടതി വിധിച്ചു. വിവാഹം ഇന്ത്യൻ നിയമങ്ങൾക്ക് കീഴിലാണ് നടന്നതും രജിസ്റ്റർ ചെയ്തതും. ഓസ്‌ട്രേലിയൻ നിയമ സംവിധാനം ഇന്ത്യൻ പൊതുനയത്തിന് വിരുദ്ധമാണെന്നും, ഹിന്ദു വിവാഹ നിയമം, രജിസ്‌ട്രേഷൻ നിയമം, ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി നിയമം, മറ്റ് പ്രസക്തമായ നിയമങ്ങൾ എന്നിവയ്ക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.
2012-ൽ ഡൽഹിയിൽ വച്ചാണ് ശിഖർ ധവാനും അയേഷാ മുഖർജിയും വിവാഹിതരായത്. ഓസ്‌ട്രേലിയയിൽ ആയിരുന്നു ഇരുവരും താമസിച്ചിരുന്നത്. 2023-ൽ വിവാഹ മോചിതരായി. 2026 ഫെബ്രുവരി 22-ന് സോഫി ഷൈനുമായാണ് ധവാന്റെ രണ്ടാം വിവാഹം നടന്നത്.
Content Highlights: Delhi court orders Aesha Mukerji to return Rs 5.7 crore to Shikhar Dhawan
Published: 25 Feb 2026, 10:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented