
ശത്രുഘ്‌നന്‍ സിന്‍ഹയും പൂനവും/ റീന റോയ് | Photo: PTI/ instagram
1970-കളിലെ ജനപ്രിയ താരമായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹ. അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും അക്കാലത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നടി റീന റോയിയുമായുള്ള പ്രണയമായിരുന്നു ഇതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത്. എന്നാല്‍ നടിയും മോഡലുമായ പൂനം സിന്‍ഹയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. 1980-ലായിരുന്നു ഇരുവരുടേയും വിവാഹം. ആ വാര്‍ത്ത പലരിലും ഞെട്ടലുണ്ടാക്കി.
ഇതിന് പിന്നാലെ വീണ്ടും റീനയുമായുള്ള ശത്രുഘ്‌നന്‍ സിന്‍ഹയുടെ ബന്ധത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നു. വിവാഹശേഷവും അദ്ദേഹം റീനയുമായി ബന്ധം തുടര്‍ന്നു. അദ്ദേഹം തന്നേയും വിവാഹം ചെയ്യുമെന്ന് റീന പ്രതീക്ഷിച്ചു. ആ സമയത്താണ് ധര്‍മേന്ദ്ര തന്റെ ആദ്യ ഭാര്യ പ്രകാശ് കൗറുമായി വിവാഹമോചനം നേടാതെ തന്റെ ദീര്‍ഘകാല കാമുകിയായ ഹേമാ മാലിനിയെ വിവാഹം ചെയ്തത്. അതുപോലെ തന്റെ ജീവിതത്തിലും സംഭവിക്കുമെന്ന് റീന കരുതി.
തന്റെ ആത്മകഥയായ 'എനിതിങ് ബട്ട് ഖാമോഷി'ല്‍ ഇതിനെ കുറിച്ചെല്ലാം ശത്രുഘ്‌നന്‍ സിന്‍ഹ പറയുന്നുണ്ട്. പൂനം എട്ട് മാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ തന്റെ ജ്യേഷ്ഠന്‍ റാം, റീനയെ വിവാഹം ചെയ്യാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും അത് തന്നെ സ്തബ്ധനാക്കിയെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പുസ്തകത്തില്‍ പറയുന്നു. തന്റെ ജീവിതത്തിലെ പ്രയാസമേറിയ കാലഘട്ടം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്. റീനയ്ക്കും പൂനത്തിനുമടിയില്‍ പെട്ടുപോയ അവസ്ഥയിലായിരുന്നു താനെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറയുന്നു. റീനയോടുള്ള പ്രതിബദ്ധത കാരണം ആ ബന്ധം ഉപേക്ഷിക്കാന്‍ കഴിയാത്തതും ഈ ബന്ധത്തിന്റെ കാര്യം പറഞ്ഞ് പൂനം കരയുന്നതും അദ്ദേഹത്തെ കുഴക്കി.
റീനയോടൊപ്പം പുറത്തുപോകുമ്പോള്‍ തന്നെ വിഷമത്തിലാക്കുന്ന ചോദ്യങ്ങള്‍ അവള്‍ ചോദിക്കുമായിരുന്നുവെന്നും ശത്രുഘ്‌നന്‍ പറയുന്നു. ഉപയോഗിച്ച് വലിച്ചെറിയാനുള്ള ഒരു കളിപ്പാട്ടം പോലെയായിരുന്നോ തന്നെ കണ്ടിരുന്നതെന്ന് റീന പലതവണ ചോദിച്ചിട്ടുണ്ട്. 'എല്ലാ പുരുഷന്മാരോടും എനിക്ക് പറയാനുള്ളത് ഒരു വിവാഹേതര ബന്ധം നിങ്ങളെ നിരന്തരമായ കുറ്റബോധത്തിലാക്കുമെന്നാണ്. നിങ്ങള്‍ വീട്ടിലായിരിക്കുമ്പോള്‍ കാമുകിയെ അവഗണിക്കുന്നതില്‍ കുറ്റബോധം തോന്നും. നിങ്ങള്‍ അവളോടൊപ്പം ആയിരിക്കുമ്പോള്‍, നിങ്ങളുടെ ഭാര്യയെക്കുറിച്ച് കുറ്റബോധം തോന്നും.'-ശ്ത്രുഘ്‌നന്‍ സിന്‍ഹ പറയുന്നു.
ഈ സമയത്തും റീനയും ശത്രുഘ്‌നന്‍ സിന്‍ഹയും ഒരുമിച്ച് സിനിമകളില്‍ അഭിനയിച്ചിരുന്നു. 1983-ല്‍ റീനയെ വിവാഹം കഴിക്കാന്‍ ജ്യേഷ്ഠന്‍ റാം ശത്രുഘ്‌നന്‍ സിന്‍ഹയോട് ആജ്ഞാപിച്ചു. ഈ സമയത്ത് പൂനം ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. സഹോദരന്‍ തന്നെ റീനയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നും അവിടെ എത്തിയപ്പോള്‍, 'അവിടെ വെച്ച്, അപ്പോള്‍ത്തന്നെ അവളെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു' എന്നും ആത്മകഥയില്‍ ശത്രുഘ്‌നന്‍ സിന്‍ഹ പറയുന്നു. അന്ന് റാം റീനയ്ക്ക് ഉറപ്പ് കൊടുത്തിരുന്നു. താന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ ഈ ബന്ധത്തെ കുറിച്ച് എല്ലാവരോടും പറയുമെന്ന് റാം ഭീഷണിപ്പെടുത്തിയെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറയുന്നു.
സിന്‍ഹ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ശത്രുഘ്‌നന്റെ അടുത്ത സഹപ്രവര്‍ത്തകര്‍ക്കും റാം ഒരു കത്തെഴുതിയിരുന്നു. അതില്‍ റീനയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിന്റെ എല്ലാ വിവരങ്ങളും ഉണ്ടായിരുന്നു, കൂടാതെ '...അതുകൊണ്ട്, അവന്‍ റീനയെ വിവാഹം കഴിക്കണം' എന്ന് എഴുതിക്കൊണ്ടാണ് കത്ത് അവസാനിപ്പിച്ചത്. സെക്രട്ടറി പവന്‍ കുമാറിന് ഈ കത്ത് ലഭിച്ചപ്പോള്‍ ഒട്ടും സമയം കളയാതെ ശത്രുഘ്‌നനോട് ഇതിനെക്കുറിച്ച് പറയുകയും ചെയ്തു. അന്ന് മുംബൈക്ക് പുറത്ത് ഷൂട്ടിങ്ങിലായിരുന്നു ശത്രുഘ്‌നന്‍.
എന്നാല്‍ റാമിന്റെ തീരുമാനം ശത്രുഘ്‌നന്‍ അനുസരിച്ചില്ല. താമസിയാതെ റീനയും പാക് ക്രിക്കറ്റ് താരം മൊഹ്‌സിന്‍ ഖാനും വിവാഹിതരാകുകയും ചെയ്തു. ഇരുവര്‍ക്കും സനം ഖാന്‍ എന്ന മകളും ജനിച്ചു. ശത്രുഘ്‌നന്‍ പൂനത്തോടൊപ്പമുള്ള ജീവിതം തുടരുകയും ചെയ്തു. 1983-ല്‍ ലവ്, കുശ് എന്നീ ഇരട്ട ആണ്‍മക്കള്‍ക്കും 1987-ല്‍ മകള്‍ സോനാക്ഷിക്കും അവര്‍ ജന്മം നല്‍കി.
Content Highlights: shatrughan sinhas brother ordered him to marry girlfriend reena roy when wife poonam was pregnant
Published: 14 Nov 2025, 12:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented