കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയകളും തുടർചികിത്സകളും സർക്കാർ ആശുപത്രികളിൽ തുടങ്ങുമെന്ന സർക്കാർ വാഗ്ദാനം കടലാസിൽ മാത്രം. ലക്ഷങ്ങൾ ചെലവുവരുന്ന ശസ്ത്രക്രിയകൾക്കും തുടർചികിത്സകൾക്കും സ്വകാര്യ ആശുപത്രികളെത്തന്നെയാണ് ഇന്നും ട്രാൻസ്‌ജെൻഡർ സമൂഹം ആശ്രയിക്കുന്നത്. സംസ്ഥാനത്ത് എറണാകുളം ജില്ലയിലെ മൂന്ന് സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് ശസ്ത്രക്രിയാ സൗകര്യങ്ങൾ നിലവിലുള്ളത്.

To advertise here,

2017-18 കാലഘട്ടത്തിലും പദ്ധതിക്കായി പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിനും നടപടിയായില്ലെന്ന് ട്രാൻസ്‌ജെൻഡർ സമൂഹം പറയുന്നു. ട്രാൻസ്‌ജെൻഡർ ക്ലിനിക്കുകൾ ആരംഭിച്ചിരുന്നെങ്കിലും ശരിയായ രീതിയിൽ പ്രവർത്തനം തുടരാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.

ലിംഗമാറ്റ ശസ്ത്രക്രിയ കൂടാതെ ലേസർ, ഹോർമോൺ ചികിത്സകൾക്കായും സ്വകാര്യ ആശുപത്രികളെത്തന്നെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

‌കോഴിക്കോട് മെഡിക്കൽ കോളേജിൽ, ചികിത്സ നൽകേണ്ട എൻഡോക്രൈനോളജി വിഭാഗത്തിൽ ഡോക്ടറില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ‘ദ്വയ’ ആർട്‌സ്‌ ആൻഡ്‌ ചാരിറ്റബിൾ സൊസൈറ്റി ഫൗണ്ടർ മെംബർ ആൻഡ്‌ സെക്രട്ടറി രഞ്ജു-രഞ്ജിമാർ പറഞ്ഞു.

സ്വകാര്യ ആശുപത്രികൾ പലരീതിയിൽ ട്രാൻസ്‌ജെൻഡർ സമൂഹത്തെ ചൂഷണം ചെയ്യുന്നുണ്ട്. ശസ്ത്രക്രിയയ്ക്കുശേഷം വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ട സ്ഥിതി പലർക്കും ഉണ്ടായിട്ടുണ്ടെന്നും ഇവർ പറഞ്ഞു.

ശസ്ത്രക്രിയയെ തുടർന്ന് ആറുമാസം മുതൽ ഒരുവർഷം വരെ ചികിത്സയിലും ജീവിതശൈലിയിലും അതീവശ്രദ്ധ നൽകേണ്ടതുണ്ട്. മരുന്നടക്കമുള്ളവ തുടരേണ്ടതുമുണ്ട്. എന്നാൽ, ഇതിനൊന്നും സർക്കാരിൽനിന്ന് മതിയായ സഹായം ലഭിക്കുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ശസ്ത്രക്രിയയ്ക്കുശേഷം ‘ആഫ്റ്റർ കെയർ സർജറി’ എന്ന പേരിൽ മുപ്പതിനായിരത്തോളം രൂപ സർക്കാർ നൽകുമെന്ന് നിർദേശമുണ്ടായിരുന്നു. എന്നാൽ, ഇത് 40 വയസ്സിന് താഴെയുള്ളവർക്കു മാത്രമേ ലഭിക്കുകയുള്ളു.

ലിംഗമാറ്റ ശസ്ത്രക്രിയകൾക്കായി കൃത്യമായ മാർഗരേഖ സർക്കാർ തയ്യാറാക്കേണ്ടതുണ്ടെന്ന് ട്രാൻസ്‌ജെൻഡർ സമൂഹം ആവശ്യപ്പെടുന്നു. സർക്കാർ ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുകയോ സർക്കാർ, സ്വകാര്യ ആശുപത്രികളുമായി ചേർന്ന് ഒരു നയം സ്വീകരിക്കുകയോ വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Content Highlights: sex reassignment surgery in kerala, sex reassignment surgery cost