നുഷ്യര്‍ നേരിട്ട് കണ്ടിട്ടില്ലെങ്കില്‍ പോലും പേടിയോടെ മാത്രം ഓര്‍ക്കുന്നവയാണ് ദിനോസറുകള്‍. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഇവയുടെ സാങ്കല്‍പ്പിക രൂപങ്ങളാണ് സിനിമകളിലും ചിത്രങ്ങളിലുമെല്ലാം നമ്മള്‍ കാണുന്നത്. വ്യത്യസ്ത ദിനോസര്‍ സ്പീഷീസുകള്‍ അക്കാലത്ത് ഭൂമിയിലുണ്ടായിരുന്നു. അക്കൂട്ടത്തില്‍ പ്രധാനിയാണ് ടി-റെക്‌സ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ടൈനോസറസ് റെക്സ്. ഈ ഭീമന്‍ ദിനോസറിന്റെ തുകല്‍ ഉപയോഗിച്ച് ലക്ഷ്വറി ബാഗുകളുണ്ടാക്കിയാലോ?

To advertise here,

നടക്കാത്ത കാര്യമെന്ന് കരുതാന്‍ വരട്ടെ. അതിന്റെ പണിപ്പുരയിലാണ് ശാസ്ത്രജ്ഞരിപ്പോള്‍. ടി-റെക്‌സിന്റെ ഫോസിലില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. യുകെയിലെ ബയോഎഞ്ചിനീയര്‍മാരാണ് ഇതുസംബന്ധിച്ച ഗവേഷണം നടത്തുന്നത്. ലോകത്താദ്യമായാണ് ദിനോസറിന്റെ തുകല്‍ ലാബില്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. 

ദിനോസറുകളിലെ രാജാവ് എന്നറിയപ്പെടുന്ന ടി-റെക്‌സ് 68 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജീവിച്ചിരുന്നത്. വടക്കേ അമേരിക്കയിലും ഏഷ്യയിലും ഇവ ഉണ്ടായിരുന്നു. യഥാര്‍ഥത്തില്‍ ഇവയുടെ ഡിഎന്‍എ അല്ല ശാസ്ത്രജ്ഞര്‍ ഗവേഷണത്തിനായി ഉപയോഗിക്കുന്നത്. സംരക്ഷിക്കപ്പെട്ട ടി-റെക്‌സ് ഡിഎന്‍എ ലഭ്യമല്ലാത്തതാണ് ഇതിന് കാരണം. അതിനാല്‍ തന്നെ ഇവയുടെ ജീനുകളും ലഭ്യമല്ലെന്ന് യൂണിവേഴ്‌സിറ്റി ഓഫ് മെറിലാന്‍ഡിലെ തോമസ് ഹോള്‍ട്ട്‌സ് പറയുന്നു. 

ടി-റെക്‌സിന്റെ ഫോസിലുകള്‍ വിശദമായി പഠിച്ച ശാസ്ത്രജ്ഞര്‍ അവയുടെ കൊളാജന്റെ ഘടന മനസിലാക്കി അത് ലാബില്‍ പുനഃസൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ജീവികളുടെ ശരീരത്തിലുണ്ടാകുന്ന പ്രൊട്ടീനാണ് കൊളാജന്‍. ചര്‍മത്തിന്റെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി ചെറുപ്പം നിലനിര്‍ത്താന്‍ ഇവ സഹായിക്കും. ടി-റെക്‌സിന്റെ കൊളാജന്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ അതുപയോഗിച്ച് അതിന്റെ ചര്‍മത്തിന്റെ ഘടനയും പുനഃസൃഷ്ടിക്കാന്‍ കഴിയും. ഇതിനുള്ള ഗവേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. 

ഇത് വിജയിച്ചാല്‍ ജീവികളെ കൊല്ലാതെ ലാബിലുണ്ടാക്കിയ തുകല്‍ ഉപയോഗിച്ച് ലെതര്‍ ഉത്പന്നങ്ങള്‍ ഉണ്ടാക്കാമെന്നതിനാല്‍ മൃഗങ്ങളോടുള്ള ക്രൂരതയും ഒരു പരിധിവരെ തടയാം. ടി-റെക്‌സിന്റെ സിന്തറ്റിക് ലെതര്‍ ബയോഡീഗ്രേഡബിള്‍ ആയിരിക്കുമെന്നും അതിനാല്‍ ഇവ കൊണ്ടുള്ള ഉത്പന്നങ്ങള്‍ പരിസ്ഥിതി സൗഹൃദമായിരിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ടി-റെക്‌സിന്റെ തുകല്‍ കൊണ്ടുള്ള പലതരം ബാഗുകള്‍, പേഴ്‌സുകള്‍ എന്നിവയെല്ലാം സമീപഭാവിയില്‍ തന്നെ വിപണിയിലെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.