മൂന്നാമത്തെ കൺമണിയെ ജീവിതത്തിലേക്ക് വരവേറ്റ് നടൻ അപ്പാനി ശരതും ഭാര്യ രേഷ്മയും. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് വീണ്ടും ഒരു ആൺകുഞ്ഞിന്റെ അച്ഛനായതിന്റെ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ഇതിനൊപ്പം കുഞ്ഞുവിരലുകളുടെ ചിത്രവുമുണ്ട്.

To advertise here,

കുഞ്ഞുങ്ങളാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അദ്ഭുതമെന്നും ഇതിൽ എന്നെന്നും അഭിമാനമുള്ള അച്ഛനാണെന്നും ശരത് കുറിച്ചു. തന്റെ കുഞ്ഞിനെ കൈയിലെടുത്തതോടെ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം അനുഭവിച്ചെന്നും നടൻ കൂട്ടിച്ചേർത്തു.

2017-ലായിരുന്നു അപ്പാനി ശരതിന്റേയും രേഷ്മയുടേയും വിവാഹം. 2018-ലെ പ്രളയകാലത്താണ് ഇവർക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചത്. അവന്തിക (തിയ്യാമ്മ) എന്നാണ് എട്ട് വയസുകാരിയായ മൂത്ത മകളുടെ പേര്. 2021-ൽ രണ്ടാമത്തെ കുഞ്ഞ് അദ്വിക് ശരതും ജനിച്ചു.

കാലടി സംസ്‌കൃത സർവകലാശാലയിൽ അവതിരിപ്പിച്ച സൈക്കിളിസ്റ്റ് എന്ന നാടകം ഹിറ്റായതാണ് ശരതിന്റെ ജീവിതത്തിലെ വഴിത്തിരിവ്. കാലടിയിൽതന്നെ നാടകത്തിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്ന ശരത് ഓഡിഷനിലൂടെയാണ് സിനിമയിലെത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രമായി വെള്ളിത്തിരയിലെത്തി. പിന്നീട് ആ കഥാപാത്രത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ചേർക്കുകയായിരുന്നു.