ലോകകപ്പ് ഫുട്‌ബോളിൽ അൽജീരിയയ്‌ക്കെതിരായ മത്സരത്തിൽ അർജന്റീനയെ വിജയത്തിലേക്ക് നയിച്ചപ്പോൾ നേടിയ ഹാട്രിക്കിനേക്കാൾ ഫുട്‌ബോൾ ലോകം ശ്രദ്ധിച്ചത് മെസ്സിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളായിരുന്നു. ലോകകപ്പിലെ കന്നി ഹാട്രിക്കിന്റെ സന്തോഷത്തിൽ കരഞ്ഞതാകുമെന്ന് കരുതിയപ്പോഴാണ് വെളിപ്പെടുത്തലുണ്ടായത്. രോഗാവസ്ഥയിലുള്ള പിതാവിനെ ഓർത്താണ് മെസ്സി കരഞ്ഞതെന്ന്. ഇതോടെയാണ് ഹോർഹെ മെസ്സി മാരകരോഗത്തോട് പൊരുതുകയാണെന്ന് ലോകം അറിഞ്ഞത്. എന്നാൽ ആ പോരാട്ടം അധികം നീണ്ടുനിന്നില്ല. കഴിഞ്ഞ ദിവസം റൊസാരിയോയിലെ വീട്ടിൽ അന്ത്യം സംഭവിച്ചു.

To advertise here,

വളർച്ചാഹോർമോണിന്റെ കുറവ് മൂലം വിഷമിച്ച മെസ്സിയെ വിദഗ്ദ്ധ ചികിത്സയ്ക്കും ഫുട്‌ബോൾ പരിശീലനത്തിനുമായി ബാഴ്‌സലോണയുടെ അക്കാദമിയായ ലാ മാസിയയിലേക്ക് എത്തിച്ചിടത്തുനിന്നാണ് ഹോർഹെ മെസ്സിയുടേയും ലയണൽ മെസ്സിയുടേയും ഫുട്‌ബോൾ കഥ ആരംഭിക്കുന്നത്. പിന്നെ മെസ്സിയുടെ കരിയറിൽ നിഴൽപോലെ പിതാവുണ്ടായിരുന്നു.

നിർണായക തീരുമാനങ്ങളിലെല്ലാം മെസ്സിക്ക് ഒരാളുടെ അഭിപ്രായം മാത്രമേ അറിയാനുണ്ടായിരുന്നുള്ളു, ഹോർഹെയുടെ. കളിക്കളത്തിന് പുറത്ത് മെസ്സിയുടെ ഏജന്റായും ബിസിനസ് കാര്യങ്ങളിൽ മാനേജർ റോളിലും ഹോർഹെ പ്രവർത്തിച്ചു. ബാഴ്‌സലോണയിൽ നിന്ന് പുറത്തു വരാനുള്ള വൈകാരിക തീരുമാനമെടുക്കുമ്പോൾ മെസ്സിക്ക് കരുത്തായത് പിതാവിന്റെ പിന്തുണയായിരുന്നു. പിഎസ്ജിയിലേക്കുള്ള കൂടുമാറ്റത്തിലും പിന്നീട് മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് ചേക്കേറുന്നതിലും പിതാവിന് നിർണായക പങ്കുണ്ടായിരുന്നു.

കളിക്കുന്ന കാലത്ത് മധ്യനിര താരമായിരുന്നു ഹോർഹെ. പിന്നീട് നിർബന്ധിത പട്ടാള സേവനത്തിന്റെ ഭാഗമായാണ് ഫുട്‌ബോളിനോട് വിട പറഞ്ഞത്. കെമിക്കൽ ടെക്‌നീഷ്യൻ കൂടിയായിരുന്നു ഹോർഹെ. സ്റ്റീൽ കമ്പനിയിൽ ജോലി നോക്കുന്നതിനിടയിലാണ് മകന്റെ ഫുട്‌ബോൾ കരിയറിനായി ഇറങ്ങിപ്പുറപ്പെട്ടത്. അതൊരു നീണ്ട യാത്രയായിരുന്നു. ഇനി ആ യാത്രയിൽ മെസ്സി തനിച്ചാണ്.