വ്യവസായി സഞ്ജയ് കപൂറിന്റെ മരണത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യവുമായി ബന്ധപ്പെട്ട 30,000 കോടിയുടെ സ്വത്ത് തര്‍ക്കത്തിന് തുടക്കം കുറിക്കുന്നത്. കുടുംബാംഗങ്ങളുടെ അവകാശവാദങ്ങളും ആരോപണങ്ങളും തര്‍ക്കം രൂക്ഷമാക്കി. സഞ്ജയ്‌യുടെ രണ്ടാം ഭാര്യയും ബോളിവുഡ് താരവുമായ കരിഷ്മ കപൂറിന്റെ മക്കള്‍ സ്വത്തില്‍ അവകാശവാദം ഉന്നയിച്ചതോടെ തര്‍ക്കം പുതിയ വഴിത്തിരിവിലെത്തി.

To advertise here,

കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഞെട്ടിക്കുന്നതായിരുന്നു സഞ്ജയ് കപൂറിന്റെ അപ്രതീക്ഷിത മരണം. എന്നാല്‍, മരണത്തിന് ഏതാനും മാസങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ക്കും സമ്പത്തിനും വേണ്ടി ബന്ധുക്കളടക്കം കലഹിക്കുമെന്ന് ആരും കരുതിയിരുന്നില്ല. മൂന്നാം ഭാര്യ പ്രിയ സച്ച്‌ദേവ് വില്‍പത്രം വ്യാജമായി ചമച്ചു എന്നതടക്കമുള്ള ആരോപണങ്ങളുമായാണ് രണ്ടാം ഭാര്യയും നടിയുമായ കരിഷ്മയുടെ മക്കള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. അതിനിടെ, രണ്ടാം ഭാര്യ കരിഷ്മയ്ക്ക് ദീര്‍ഘനാളായി സഞ്ജയ്‌യുമായി യാതൊരു ബന്ധമില്ലെന്നും കടുത്ത വിവാഹമോചന നടപടികളിലൂടെയാണ് ഇരുവരും കടന്നുപോയതെന്നും മൂന്നാം ഭാര്യ പ്രിയ ആരോപിച്ചിരുന്നു. എന്നാല്‍, സഞ്ജയ്‌യുടെ ആദ്യ ഭാര്യ നന്ദിത മഹ്താനി ഇതിലൊന്നും ഇടപെടുന്നതായ ഒരു റിപ്പോര്‍ട്ടും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതോടെ ആരാണ് ആദ്യഭാര്യ എന്ന ചോദ്യം ഉയരുന്നുണ്ട്.

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ നന്ദിത മഹ്താനി ആയിരുന്നു സഞ്ജയ്‌യുടെ ആദ്യഭാര്യ. 1976-ല്‍ ജനിച്ച അവര്‍ 1996 മുതല്‍ 2000 വരെസഞ്ജയ് കപൂറിന്റെ പങ്കാളി ആയിരുന്നു. വിരാട് കോലി, കത്രീന കൈഫ്, ഗൗരി ഖാന്‍ തുടങ്ങിയ നിരവധി മുന്‍നിര സെലിബ്രിറ്റികള്‍ക്ക് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തുകൊണ്ട് ഫാഷന്‍ ലോകത്ത് നന്ദിത തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2024-ല്‍ ഒരു ഫാഷന്‍ ഷോയില്‍ കരണ്‍ ജോഹറിനൊപ്പം ഷോസ്റ്റോപ്പറായി റാമ്പില്‍ ചുവടുവെച്ച് അവര്‍ കാണികളുടെ മനം കവര്‍ന്നു.

സഞ്ജയുമായുള്ള വിവാഹബന്ധം ഹ്രസ്വമായിരുന്നെങ്കിലും നന്ദിത പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. രണ്‍ബീര്‍ കപൂറിന് അവരോട് വലിയ ആരാധനയായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നടനും മോഡലുമായ ഡിനോ മോറിയയുമായും അവര്‍ക്ക് ബന്ധമുണ്ടായിരുന്നു, അത് 2016-ല്‍ അവസാനിച്ചു. ബന്ധം പിരിഞ്ഞെങ്കിലും ഡിനോ മോറിയയുമായി ചേര്‍ന്ന് 'പ്ലേഗ്രൗണ്ട്' എന്ന പേരില്‍ ഒരു കമ്പനി നന്ദിത നടത്തുന്നുണ്ട്.

പിന്നീട് നന്ദിതയ്ക്ക് വിദ്യുത് ജാംവാളുമായി അടുപ്പമുണ്ടായിരുന്നു. ആഗ്രയില്‍ 150 മീറ്റര്‍ ഉയരമുള്ള ഒരു മതിലില്‍നിന്ന് റാപ്പെലിംഗ് ചെയ്ത് ഇറങ്ങി വന്നാണ് ഈ നടന്‍ അവരോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഈ ദമ്പതികള്‍ തങ്ങളുടെ വിവാഹനിശ്ചയം താജ്മഹല്‍ സന്ദര്‍ശിച്ചുകൊണ്ട് ആഘോഷിച്ചു, അവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. എന്നാല്‍, രണ്ട് വര്‍ഷത്തെ വിവാഹനിശ്ചയത്തിന് ശേഷം, 2023-ല്‍ വിദ്യുതും നന്ദിതയും ആ ബന്ധം അവസാനിപ്പിച്ചു. നന്ദിത മഹ്താനി 1996-ല്‍ സഞ്ജയ് കപൂറിനെ വിവാഹം കഴിക്കുകയും 2000-ല്‍ വേര്‍പിരിയുകയും ചെയ്തു.