ആരോഗ്യകരമായ ജീവിതത്തേക്കുറിച്ച് പലപ്പോഴും തുറന്ന് സംസാരിക്കുന്ന നടിയാണ് സമീറ റെഡ്ഡി. പ്രസവശേഷം തന്റെ ശരീരഭാരം കൂടിയതായും ബോഡി ഷെയ്മിങ് അനുഭവിച്ചിരുന്നതായും താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വ്യായാമംചെയ്ത് തന്റെ ശരീരഭാരം കുറഞ്ഞുവരുന്നതിന്റെ ആഹ്ലാദം പങ്കുവെച്ചിരിക്കുകയാണ് നടി. 

To advertise here,

ശരീരഭാരത്തില്‍ വലിയ കുറവുണ്ടാവുന്നതിനേക്കാള്‍ വലിയ കാര്യമാണ് വെറും ഇഞ്ചുകളുടെ കുറവ് സംഭവിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് തന്റെ സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പഴയ വസ്ത്രങ്ങള്‍ ഇപ്പോള്‍ തനിക്ക് പാകമാണെന്ന് എടുത്തു പറഞ്ഞുകൊണ്ട് ആത്മവിശ്വാസത്തോടെ അതേ വേഷത്തിലാണ് സമീറ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

കിലോഗ്രാമല്ല, ഇഞ്ചാണ് കുറയുന്നത്. ജിം, ഡയറ്റ്, കാര്‍ഡിയോ എന്നിവയൊന്നും ഭാരത്തില്‍ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. പക്ഷേ, ഇഞ്ചില്‍ ഉറപ്പായുമുണ്ടാകും. 90 കിലോയില്‍നിന്ന് എന്റെ ഭാരം 88 കിലോ ആയി കുറഞ്ഞു. എന്റെ മസില്‍ മാസ് കൂടുകയും ഞാന്‍ കൂടുതല്‍ ശക്തിപ്പെടുകയും ചെയ്തു. ഒടുവില്‍ വസ്ത്രങ്ങള്‍ ഫിറ്റായി. ഈ ഫിറ്റ്‌നസ് യാത്രയില്‍ ഉന്മേഷം നിലനിര്‍ത്താന്‍ ഏറ്റവും നല്ല മാര്‍ഗം ചെറിയ വിജയങ്ങള്‍ ആഘോഷിക്കുന്നതാണ്',  സമീറ കുറിച്ചു. 

ചലച്ചിത്രരംഗത്ത് ഇപ്പോള്‍ സജീവമല്ലാത്ത താരം സോഷ്യല്‍മീഡിയയില്‍ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. 2014-ലാണ് സംരഭകനായ അക്ഷയ് വര്‍ദുമായുള്ള സമീറയുടെ വിവാഹം നടന്നത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്.