രിയറിലെ വിജയങ്ങൾക്കായി കുടുംബത്തെയും സുഹൃത്തുക്കളെയും ബലികഴിക്കുന്നത് തികച്ചും തെറ്റായ പ്രവണതയാണെന്ന് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ. അച്ഛനായതിൽ പിന്നെ ജീവിതത്തോടുള്ള കാഴ്ചപ്പാടും മുൻഗണനകളും പൂർണ്ണമായി മാറ്റിമറിച്ചുവെന്ന് അദ്ദേഹം പറയുന്നു. അന്താരാഷ്ട്ര മാധ്യമമായ ഫോബ്‌സിന് നൽകിയ അഭിമുഖത്തിലാണ് ആൾട്ട്മാൻ മനസ്സ് തുറന്നത്.

To advertise here,

പങ്കാളി ഒലിവർ മൾഹെറിനും ആൾട്ട്മാനും 2025 ഫെബ്രുവരിയിലാണ് ആദ്യത്തെ കുഞ്ഞിനെ ലോകത്തിലേക്ക് സ്വാഗതം ചെയ്തത്. അച്ഛനായതിന് ശേഷം പ്രൊഫഷണൽ ലക്ഷ്യങ്ങളേക്കാൾ വ്യക്തിബന്ധങ്ങൾക്ക് താൻ കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെന്ന് നാൽപ്പതുകാരനായ ആൾട്ട്മാൻ പറയുന്നു.

‘ഉൽപ്പാദനക്ഷമത കൂട്ടാനോ കരിയറിലെ നേട്ടങ്ങൾക്കോ വേണ്ടി പ്രിയപ്പെട്ടവർക്കൊപ്പമുള്ള സമയം നഷ്ടപ്പെടുത്തുന്നത് വലിയൊരു വിഡ്ഢിത്തമാണ്. ജീവിതത്തിൽ സമയം ചിലവഴിക്കാൻ മാത്രം മൂല്യമുള്ള കാര്യങ്ങൾ ഏതാണെന്ന് തീരുമാനിക്കാനുള്ള മാനദണ്ഡം മാറിയിരിക്കുന്നു. അതുകൊണ്ട് ആവശ്യമില്ലാത്ത പല കാര്യങ്ങളും ജീവിതത്തിൽ നിന്ന് തനിയെ ഒഴിഞ്ഞുപോയി’ - അദ്ദേഹം വ്യക്തമാക്കി.

പിതൃത്വം തന്നെ സംബന്ധിച്ച് ഏറ്റവും മനോഹരമായ അനുഭവമാണെന്നും, പലരും വിചാരിക്കുന്നതിലും മുകളിലാണ് ആ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുഞ്ഞ് എത്തിയതോടെ മുൻപ് താൻ കർശനമായി പിന്തുടർന്നിരുന്ന ദിനചര്യകളെല്ലാം പൂർണ്ണമായും മാറിയതായി ആൾട്ട്മാൻ സമ്മതിക്കുന്നു. മുൻപ് കൃത്യമായ ഉറക്കം, ഫിറ്റ്‌നസ്, പോഷകാഹാരം എന്നിവയിലൂടെ ജോലിയിലെ പ്രകടനം മികച്ചതാക്കാനായിരുന്നു ശ്രദ്ധിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു.

ജീവിതം ഇപ്പോൾ കുറച്ചൊക്കെ അലങ്കോലപ്പെട്ടിരിക്കുകയാണെന്ന് തമാശരൂപേണ പറഞ്ഞ ആൾട്ട്മാൻ അടുത്ത കുറച്ചു വർഷങ്ങളിലേക്ക് ഈ അവസ്ഥ തുടരുമെന്ന് തനിക്കറിയാമെന്നും വ്യക്തമാക്കി.

പ്രവൃത്തിദിവസങ്ങളിൽ സാൻ ഫ്രാൻസിസ്കോയിലെ ഓപ്പൺ എഐ ആസ്ഥാനത്ത് മുഴുവൻ സമയവും ജോലിയിൽ മുഴുകുന്ന ആൾട്ട്മാൻ, വാരാന്ത്യങ്ങൾ പൂർണ്ണമായും കുടുംബത്തിനായി മാറ്റിവെക്കുകയാണ്. ഫോർച്യൂൺ മാസികയുടെ റിപ്പോർട്ട് പ്രകാരം, ശനി, ഞായർ ദിവസങ്ങളിൽ കാലിഫോർണിയയിലെ നാപയിലുള്ള തന്റെ ഫാമിൽ മൊബൈൽ റേഞ്ച് പോലുമില്ലാത്ത ഇടങ്ങളിലാണ് അദ്ദേഹം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നത്.