ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരായ കടുത്ത വിമര്‍ശനം തുടര്‍ന്ന് സംവിധായകന്‍ അഭിനവ് കശ്യപ്. നേരത്തേ സല്‍മാന്‍ ഖാന്‍ ഗുണ്ടയും ക്രിമിനലുമാണെന്ന് അഭിനവ് പറഞ്ഞിരുന്നു. ഒരാഴ്ചയ്ക്കിപ്പുറമാണ് വീണ്ടും സല്‍മാനെതിരെ ആഞ്ഞടിച്ചുകൊണ്ട് അഭിനവ് രംഗത്തെത്തിയത്. ബോളിവുഡ് തിക്കാനയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സല്‍മാന്‍ ഖാന്‍ നായകനായി 2010-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം 'ദബാങ്' സംവിധാനം ചെയ്തത് അഭിനവ് കശ്യപാണ്.

To advertise here,

ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപിന്റെ സഹോദരനാണ് അഭിനവ് കശ്യപ്. അനുരാഗ് കശ്യപിനെ സല്‍മാന്‍ ഖാന്‍ പരിചയായി ഉപയോഗിക്കുകയാണ് എന്നാണ് അഭിനവ് ആരോപിക്കുന്നത്. അനുരാഗ് കശ്യപിന്റെ പുതിയ ചിത്രത്തെ സല്‍മാന്‍ പ്രശംസിക്കുന്നത് ആത്മാര്‍ഥമായല്ല, മറിച്ച് അനുരാഗിനെ നിശബ്ദനാക്കാന്‍ ഉദ്ദേശിച്ച് നടത്തിയ കൃത്യമായ കണക്കുകൂട്ടലോടെയുള്ള നീക്കമാണെന്നും അഭിനവ് പറഞ്ഞു. 

'സല്‍മാന്‍ ഖാന്‍ ഞങ്ങളുടെ ചെരിപ്പ് നക്കും. അത് അയാളുടെ തലയിലെഴുത്താണ്. കാത്തിരുന്ന് കാണൂ. എന്റെ സഹോദരനെ ഉപയോഗിച്ച് എന്റെ വായടപ്പിക്കാനാകാം അയാള്‍ ശ്രമിക്കുന്നത്. അനുരാഗ് വന്ന് എന്നോട് ഇനി സംസാരിക്കരുത് എന്ന് പറയും എന്നാണ് അവര്‍ കരുതുന്നത്. അതാണ് അയാള്‍ അനുരാഗിന്റെ സിനിമയെ പുകഴ്ത്തുന്നത്. കഴിവില്ലാത്തവര്‍ ഇങ്ങനെയാണ് ജീവിതത്തില്‍ മുന്നോട്ടുപോകുന്നത്.' -അഭിനവ് കശ്യപ് പറഞ്ഞു.

അനുരാഗ് കശ്യപും സല്‍മാന്‍ ഖാനും തമ്മില്‍ ഒരിക്കല്‍ ഏറ്റുമുട്ടിയെന്നും അഭിനവ് പറഞ്ഞു. തേരേ നാം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ഇത്. ചിത്രത്തില്‍ നിന്ന് അനുരാഗ് പുറത്താക്കപ്പെട്ടതല്ല എന്നും സ്വയം ഒഴിവാകുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്തരിച്ച നടന്‍ അംജദ് ഖാന്‍ സല്‍മാന്‍ ഖാന്റെ പിതാവ് സലിം ഖാനൊപ്പം ജോലി ചെയ്യില്ല എന്ന് തീരുമാനമെടുത്തതിനെ കുറിച്ചും അഭിനവ് ഓര്‍മിപ്പിച്ചു. ഷോലെ എന്ന ചിത്രത്തിലെ അംജദ് ഖാന്റെ പ്രകടനത്തില്‍ സലിം ഖാന്‍ സംശയം പ്രകടിപ്പിച്ചതാണ് ഇതിന് കാരണമെന്നും അഭിനവ് കശ്യപ് പറഞ്ഞു.