നടി സായ് പല്ലവിയുടെ 33-ാം പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് സഹോദരി പൂജാ കണ്ണന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സായ് പല്ലവിക്ക് പൂജ ആശംസകള്‍ നേര്‍ന്നത്. സായ് പല്ലവിയില്ലാതെ ജീവിതത്തില്‍ ഒരു ദിവസം പോലും സങ്കല്‍പിക്കാനാകില്ലെന്നും നിസ്വാര്‍ഥവും നിര്‍മലവും നിരുപാധികവുമായ സ്‌നേഹത്തിന്റെ നിര്‍വചനമാണ് തന്റെ സഹോദരിയെന്നും പൂജ കുറിച്ചു. 

To advertise here,

'ജന്മദിനാശംസകള്‍, പ്രിയ കൂട്ടുകാരി!, അമ്മയും അച്ഛനും എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളില്‍ ഒന്നായിരുന്നു നീ ആദ്യം ജനിച്ചതും ഞാന്‍ രണ്ടാമത് ജനിച്ചതും. സത്യം പറഞ്ഞാല്‍ നീ നടന്ന വഴികളില്ലായിരുന്നുവെങ്കിൽ ഞാൻ അതിജീവിക്കുമായിരുന്നില്ല. നീയില്ലാതെ ഈ ജീവിതത്തില്‍ ഒരു ദിവസം പോലും എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ഇത്രയും അനിശ്ചിതത്വമുള്ള ഈ ലോകത്തില്‍, നീയാണ് എന്റെ ഉറപ്പ്. നീയില്ലെങ്കില്‍, എന്റെ ലോകത്തിന് ഒരര്‍ഥവുമില്ല, ലക്ഷ്യവുമില്ല, സന്തോഷവുമില്ല. 

നിസ്വാര്‍ത്ഥവും നിര്‍മലവും നിരുപാധികവുമായ സ്‌നേഹത്തിന്റെ നിര്‍വചനമാണ് നീ. നിനക്ക് ചുറ്റുമുള്ള ഓരോ വ്യക്തിയേയും ഇത്രയധികം ആഴത്തില്‍ സ്‌നേഹിക്കാന്‍ മാത്രം സ്‌നേഹം  ഹൃദയത്തില്‍ നീ എങ്ങനെ കൊണ്ടുനടക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ചിലപ്പോഴെങ്കിലും നീ മറ്റുള്ളവർക്കു പകരുന്ന സ്‌നേഹത്തിൽ അസൂയപ്പെടാറുണ്ടെന്നും അതെന്നിൽമാത്രം നിലനിൽക്കണമെന്ന്  വാശി പിടിക്കാറുണ്ടെന്നും ഞാൻ അംഗീകരിക്കുന്നു. അപ്പോൾ ഞാനോർക്കും, ഞാനെത്ര മാത്രം ഭാഗ്യവതിയാണ്, നിന്റെ സ്‌നേഹത്തിൽ ഞാനെത്രമാത്രം അഭിമാനിക്കുന്നുവെന്ന്. നിന്നെ സഹോദരിയെന്ന് വിളിക്കാൻ ഭാഗ്യം ചെയ്തതിൽ.

നീ എല്ലായ്‌പ്പോഴും ഈ ലോകത്തിനു നൽകുന്ന സ്‌നേഹവും സന്തോഷവും നിനക്കും തിരിച്ചുലഭിക്കട്ടേയെന്ന് ഈ ജന്മനാളിൽ ഞാൻ ആശംസിക്കുന്നു.'-പൂജാ കണ്ണന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

സായ് പല്ലവിക്കൊപ്പമുള്ള വീഡിയോയും ചിത്രങ്ങളും കുറിപ്പിനൊപ്പം പൂജ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരുടേയും കുട്ടിക്കാലത്തെ മനോഹര ചിത്രങ്ങള്‍ ഇതില്‍ കാണാം. ഈ പോസ്റ്റിന് താഴെ ഒട്ടേറെപ്പേര്‍ സായ് പല്ലവിക്ക് ആശംസ നേര്‍ന്ന് കമന്റ് ചെയ്തിട്ടുണ്ട്.