മൂന്നരലക്ഷത്തിനടുത്ത് ഫോളോവര്മാരാണ് എംജെപിക്ക് ഇന്സ്റ്റഗ്രാമിലുള്ളത്

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ഒരു പരാമർശം മതി, സാമൂഹികമാധ്യമങ്ങളിൽ പുതിയൊരു 'രാഷ്ട്രീയ പാർട്ടി' പിറക്കാൻ എന്നതാണ് സൈബറിടത്തെ ഇപ്പോഴത്തെ സ്ഥിതി. യുവാക്കളെ അദ്ദേഹം പാറ്റകളോട് ഉപമിച്ചതിൽ നിന്നാണ് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) എന്ന കൂട്ടായ്മ ഉദയം ചെയ്തത്. ആക്ഷേപഹാസ്യ കൂട്ടായ്മയായി തുടങ്ങിയ സിജെപി പിന്നീട് ഒരു കേന്ദ്രമന്ത്രിയുടെ രാജിക്ക് വരെ ഹേതുവാകുകയും ഇപ്പോൾ ഡൽഹിയെ പ്രക്ഷുബ്ധമാക്കിയതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. എല്ലാത്തിനും കാരണമായത് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ആ ഒറ്റ പരാമർശമാണ്. ഇപ്പോഴിതാ അതേ ചീഫ് ജസ്റ്റിസ് അതേ സുപ്രീം കോടതിയിൽ പറഞ്ഞ മറ്റൊരു പരാമർശത്തിൽ നിന്ന് വീണ്ടുമൊരു കൂട്ടായ്മ പിറന്നിരിക്കുകയാണ് - മഖി ജനതാ പാർട്ടി അഥവാ എംജെപി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇൻസ്റ്റഗ്രാമിൽ തരംഗമായ എംജെപിയെ കുറിച്ച് വിശദമായി അറിയാം.
ഡൽഹിയിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സുപ്രീം കോടതി കയറിയപ്പോഴാണ് സൂര്യകാന്തിന്റെ മഖി പരാമർശമുണ്ടായത്. ഒക്ടോബർ ഒൻപതിന് വാദത്തിനിടെ 'ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കരുത്' എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. ഹിന്ദിയിൽ മഖി എന്നാൽ മലയാളത്തിൽ ഈച്ച. സൂര്യകാന്ത് ഇക്കാര്യം പറഞ്ഞതിന് പിന്നാലെ സൈബറിടത്ത് എംജെപി പിറവിയെടുത്തു. വെറും 72 മണിക്കൂറിനുള്ളിൽ 40 ലക്ഷത്തിലേറെ കാഴ്ചകളും 3.3 ലക്ഷത്തിലധികം ഫോളോവേഴ്സുമാണ് എംജെപി നേടിയത്. നിലവിൽ മൂന്നരലക്ഷത്തിനടുത്ത് ഫോളോവർമാരാണ് എംജെപിക്ക് ഇൻസ്റ്റഗ്രാമിലുള്ളത്.
ചീഫ് ജസ്റ്റിസിന്റെ 'ഈച്ച പരാമർശ'ത്തോട് പ്രതികരിച്ചുകൊണ്ടുള്ളതാണ് എംജെപിയുടെ ആദ്യ പോസ്റ്റ്. 'ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കരുത് എന്ന് ചീഫ് ജസ്റ്റിസ് പറയുമ്പോൾ 'ഞങ്ങൾ അത്ര മോശക്കാരല്ല' എന്നാണ് ഇപ്പോൾ ഈച്ചകൾ പറയുന്നത്' എന്നായിരുന്നു മഖി ജനതാ പാർട്ടിയുടെ പോസ്റ്റ്. ഇതോടെയാണ് 'മഖി ജനതാ പാർട്ടി' എന്ന പേര് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടാൻ തുടങ്ങിയത്.
ആര്യൻ എന്ന വിദ്യാർഥിയാണ് ഇതിന്റെ സ്ഥാപകനെന്നാണ് അക്കൗണ്ടിലെ വിവരം. 2021 ജൂണിൽ തുടങ്ങിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് എട്ടു തവണ പേര് മാറ്റിയ ശേഷമാണ് നിലവിലെ പേരിലെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. പാർട്ടിക്കായി വക്താക്കളെ തേടിയുള്ള അറിയിപ്പും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
പാറ്റയും ഈച്ചയും കൈകോർക്കുമോ?
കോക്രോച്ച് ജനതാ പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള സാധ്യതകളാണ് ഇപ്പോൾ എംജെപി പരിശോധിക്കുന്നത് എന്നാണ് പുതിയ റിപ്പോർട്ട്. അതിനുള്ള ശ്രമങ്ങൾ എംജെപി ആരംഭിച്ചുകഴിഞ്ഞു. ഇരു കൂട്ടർക്കും യോജിച്ച പൊതുനിലപാടും സംയുക്ത പ്രവർത്തനസാധ്യതകളും ചർച്ച ചെയ്യുകയാണ് ലക്ഷ്യം. എന്നാൽ സഖ്യം സംബന്ധിച്ച് ഔദ്യോഗിക തീരുമാനമൊന്നും ഉണ്ടായിട്ടില്ല.
കൂടാതെ ഐസ പ്രസിഡന്റ് നേഹാ ബോറയ്ക്കും കോക്രോച്ച് ജനതാ പാർട്ടിക്കും എംജെപി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കുന്ന നേഹാ ബോറയുടെ ധൈര്യത്തെയും നിശ്ചയദാർഢ്യത്തെയും എംജെപി പ്രശംസിച്ചു. ചോദ്യങ്ങൾ ചോദിക്കുന്നതും അധികാരികളോട് ഉത്തരവാദിത്വം ആവശ്യപ്പെടുന്നതും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും എംജെപി വ്യക്തമാക്കി.
ജന്തർ മന്തറിലെ പ്രതിഷേധിക്കാൻ ശ്രമിച്ച കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ അശുതോഷ് റങ്കയെയും സൗരവ് ദാസിനെയും കസ്റ്റഡിയിലെടുത്ത സംഭവത്തിലും എംജെപി പ്രതികരിച്ചിരുന്നു. പ്രതിഷേധത്തിനായി പ്രത്യേകം സ്ഥലം അനുവദിച്ചിട്ടും അവിടെപ്പോലും ജനങ്ങൾക്ക് തങ്ങളുടെ ശബ്ദം ഉയർത്താൻ കഴിയുന്നില്ലെങ്കിൽ അത്തരം പ്രതിഷേധവേദികൾകൊണ്ട് എന്താണ് പ്രയോജനമെന്നായിരുന്നു പാർട്ടിയുടെ ചോദ്യം. ആര്യൻ ഒപ്പിട്ട പ്രസ്താവനയിൽ, 'ജനാധിപത്യത്തിന് ആവശ്യം സംവാദമാണ്, അകലമല്ല' എന്ന് പറയുന്നു.
അതേസമയം, ആവശ്യമായ അനുമതിയില്ലാതെയാണ് സമീപകാല പ്രതിഷേധം നടന്നതെന്നും എംജെപി ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രതിഷേധിക്കാനുള്ള അവകാശം ഉത്തരവാദിത്വത്തോടെയും നിയമപരമായ ചട്ടങ്ങൾ പാലിച്ചും വിനിയോഗിക്കണമെന്ന് എംജെപി ആഹ്വാനം ചെയ്തു.
ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിൽനിന്ന് ജന്മമെടുത്ത മഖി ജനതാ പാർട്ടി സിജെപിയെ പോലെ സമ്മർദശക്തിയായി മാറുമോ എന്നതാണ് ഇനി അറിയാനുള്ളത്. കോക്രോച്ചുകൾക്കു പിന്നാലെ ഈച്ചകളും രാഷ്ട്രീയരംഗത്ത് എത്തിയതോടെ ഇരുകൂട്ടരും കൈകോർത്ത് ഓൺലൈനിലും ഒരുപക്ഷേ ഓഫ്ലൈനിലും പുതിയൊരു 'സഖ്യരാഷ്ട്രീയ'ത്തിന് വഴിതുറക്കുമോ എന്ന് കാത്തിരുന്ന് കാണാം.
Content Highlights: Following Chief Justice Surya Kant's remark about not using a hammer to kill a fly, a new satirical online political collective called Makhi Janata Party (MJP) has gone viral on Instagram, gaining massive traction.
Published: 15 Oct 2026, 02:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented