മതത്തിന്റെ അതിർവരമ്പുകളെല്ലാം മറികടന്നാണ് ക്രിക്കറ്റ് താരം സഹീർ ഖാനും നടി സാഗരിക ഘാട്‌കെയും വിവാഹിതരായത്. 2017 നവംബറിലായിരുന്നു ഇരുവരുടേയും വിവാഹം. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. തങ്ങളുടെ വിവാഹത്തിനുശേഷം മതവിശ്വാസം ഒരിക്കലും ഒരു പ്രശ്‌നമായിട്ടില്ലെന്നും രണ്ട് പേരും രണ്ട് മതങ്ങളേയും ബഹുമാനിക്കുന്ന വ്യക്തകളാണെന്നും സഹീർ പറയുന്നു. 'എല്ലാ മതങ്ങളേയും ബഹുമാനിക്കണമെന്നാണ് എന്റെ മാതാപിതാക്കൾ പഠിപ്പിച്ചിരിക്കുന്നത്. വിവാഹത്തിനുശേഷം സാഗരിക എന്തിനെയെല്ലാം ബഹുമാനിക്കുന്നുണ്ടോ അതിനെയെല്ലാം ഞാനും ബഹുമാനിക്കുന്നു'-സഹീർ വ്യക്തമാക്കി. ഗണേശേത്സവത്തിന്റെ സമയത്ത് വീട്ടിലെ വിളക്ക് ആദ്യം തെളിയിക്കുന്നത് സഹീർ ഖാൻ ആണെന്നും സാഗരിക പറയുന്നു.

To advertise here,

സാഗരികയുടെ മാതാപിതാക്കളെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചും സഹീർ, ഹർഭജൻ സിങ്ങിന്റെ പോഡ്കാസ്റ്റ് ഷോയിൽ പറയുന്നുണ്ട്. 'അവളുടെ അച്ഛനെ ഔദ്യോഗികമായി കാണണമായിരുന്നു. അവൾ എന്നെ പറഞ്ഞ് പേടിപ്പിച്ചുവച്ചിരിക്കുകയായിരുന്നു. എന്നാൽ അങ്ങനെയൊന്നും സംഭവിച്ചില്ല. കൂടിക്കാഴ്ച്ച വളരെ രസകരമായിരുന്നു. അര മണിക്കൂർ സമയം പറഞ്ഞിരുന്ന ഞങ്ങൾ രണ്ട് മണിക്കൂറോളമാണ് സംസാരിച്ചിരുന്നത്.' സഹീർ പറയുന്നു.

16 വർഷം മുമ്പ് സഹീറിനെ കണ്ടുമുട്ടുമ്പോൾ അദ്ദേഹം സിംഗിളായിരുന്നുവെന്ന് സാഗരിക പറയുന്നു. ഏതെങ്കിലും നല്ല പെൺകുട്ടിയെ കണ്ടെത്തുകയാണെങ്കിൽ തന്നോട് പറയണമെന്ന് സഹീർ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തിന് ആ സമയത്ത് വിവാഹിതനാകാൻ താത്പര്യമുണ്ടായിരുന്നുവെന്നും സാഗരിക വ്യക്തമാക്കുന്നു.

ഇരുവരും തമ്മിൽ വർഷങ്ങളായുള്ള പരിചയമുണ്ടായിരുന്നു. പൊതുസുഹൃത്തുക്കൾ വഴിയായിരുന്നു പരിചയം. പിന്നീട് ഒരു ദിവസം സഹീർ സാഗരികയെ ഡേറ്റിന് ക്ഷണിക്കുകയായിരുന്നു. പക്ഷേ സാഗരികയുടെ കൂടെ എപ്പോഴുമുണ്ടാകുന്ന ആ രണ്ട് സുഹൃത്തുക്കൾ ആ സമയത്തും കൂടെയുണ്ടാകരുതെന്ന് സഹീർ നിബന്ധന വെച്ചു. പിന്നീട് ഗോവയിൽ ഐപിഎല്ലിനിടെയിലാണ് സഹീർ സാഗരികയെ പ്രൊപ്പോസ് ചെയ്യുന്നത്. യുവരാജിന്റെ വിവാഹത്തിന് രണ്ടു പേരും ഒരുമിച്ചെത്തിയതോടെ ആ പ്രണയം പരസ്യമാകുകയും ചെയ്തു. സഹീർ സാഗകരിയുടെ മാതാപിതാക്കളെ കാണുന്നതും ഇരുവരും വിവാഹിതരാകുന്നതും അതിനുശേഷമാണ്.