മാസം തട്ടിയും മുട്ടിയും ജീവിച്ചുപോകാന്‍ ഒന്നൊന്നര കോടി രൂപ വേണ്ടിവരുമെന്ന് 'ഉദയനാണ് താര'ത്തില്‍ സരോജ് കുമാര്‍ പറഞ്ഞത് കേട്ട് പൊട്ടിച്ചിരിച്ചവരാണ് നമ്മള്‍. തുക അത്ര വരില്ലെങ്കിലും ഏതാണ്ട് അതുപോലൊരു കാര്യമാണ് ഈ ഡല്‍ഹിക്കാരന്‍ റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു മാസം രാജ്യതലസ്ഥാനത്ത് സുഖമായി ജീവിക്കാന്‍ 'വെറും' 70,000 രൂപ മതിയെന്നാണ് ഇദ്ദേഹം പറയുന്നത്. 

To advertise here,

ഡല്‍ഹിയിലെ തന്റെ ചെലവുകള്‍ ഉള്‍പ്പെടെ വിശദീകരിച്ചുകൊണ്ടായിരുന്നു റെഡ്ഡിറ്റ് ഉപഭോക്താവിന്റെ പോസ്റ്റ്. 'ശ്വാസംമുട്ടലില്ലാതെ' ഒരുമാസം ഡല്‍ഹിയില്‍ ജീവിക്കാന്‍ പൊതുവേ കരുതപ്പെടുന്ന പോലെ ഏഴുലക്ഷം രൂപയൊന്നും വേണ്ടെന്നും വെറും 70,000 രൂപ മതിയെന്നും അദ്ദേഹം പറയുന്നു. 

'ഞാന്‍ മാസം 50,000 രൂപയില്‍ താഴെ സമ്പാദിക്കുകയും ഡല്‍ഹിയില്‍ നന്നായി 'ശ്വസിക്കു'കയും ചെയ്യുന്നു' എന്ന തലക്കെട്ടിലായിരുന്നു പോസ്റ്റ്. ചില മാസങ്ങളില്‍ അത്രത്തോളം സമ്പാദിക്കാന്‍ തനിക്ക് കഴിയാറില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നുണ്ട്. ഫ്രീലാന്‍സ് കണ്ടന്റ് സ്ട്രാറ്റജിസ്റ്റാണ് താനെന്നും അദ്ദേഹം പറയുന്നുണ്ട്. 

'ചില മാസങ്ങളില്‍ 50,000 രൂപയില്‍ താഴെയാണ് എന്റെ വരുമാനം. ബാക്കി മാസങ്ങളില്‍ അതില്‍ കൂടുതലും. എന്റെ ജീവിതപങ്കാളിക്ക് പൂര്‍ണസമയമുള്ള സാധാരണ ജോലിയാണ്. ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് വലിയ ബുദ്ധിമുട്ടില്ലാതെ വീട്ടുചെലവുകള്‍ കൈകാര്യം ചെയ്യുന്നത്. ഞങ്ങള്‍ രണ്ടുപേരും താമസിക്കുന്നത് ദക്ഷിണ ഡല്‍ഹിയിലെ വിശാലമായൊരു 2 ബിഎച്ച്‌കെ ഡിഡിഎ ഫ്‌ളാറ്റിലാണ് താമസിക്കുന്നത്.' -പോസ്റ്റില്‍ പറയുന്നു.

തുടര്‍ന്നാണ് തന്റെ ചെലവുകള്‍ അദ്ദേഹം വിശദീകരിക്കുന്നത്. ഫ്‌ളാറ്റിന്റെ വാടക മാസം 24,000 രൂപ, ഫര്‍ണിച്ചര്‍ വാടക 5,000 രൂപ, വീട്ടുജോലിക്ക് വരുന്നവര്‍ക്കും പലചരക്ക് സാധനങ്ങള്‍ക്കുമായി 20,000 രൂപ, നെറ്റ്ഫ്‌ളിക്‌സ്, വൈദ്യുതി, വെള്ളം തുടങ്ങിയ മറ്റ് അവശ്യ ചെലവുകള്‍ക്കായി 5,000 രൂപ, പുറത്ത് പോയി ഭക്ഷണം കഴിക്കാനും ഷോപ്പിങ്ങിനുമായി 10,000 രൂപ, മൂന്ന് വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള ചെലവുകള്‍ എന്നിവയാണ് തങ്ങളുടെ ചെലവുകളെന്നാണ് ഇദ്ദേഹം പറയുന്നത്. 

അവധിക്കാലയാത്രകള്‍ പോകാറില്ലെന്ന് വ്യക്തമാക്കിയ ഇദ്ദേഹം ഉടന്‍ തന്നെ ഇന്ത്യയിലെ ചില സ്ഥലങ്ങളിലേക്കും അടുത്തുള്ള ചില ഏഷ്യന്‍ രാജ്യങ്ങളിലേക്കും യാത്ര പോകുമെന്നും കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് ഇഎംഐകളോ വായ്പകളോ ഇല്ല. ക്ലബ്ബുകളില്‍ അംഗത്വമോ ക്രെഡിറ്റ് കാര്‍ഡുകളോ ഇല്ല. കാറും ഐഫോണും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ പ്രിവിലേജുള്ള ഇന്ത്യന്‍ മധ്യവര്‍ഗ കുടുംബമാണെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. പോസ്റ്റ് ഇതിനകം റെഡ്ഡിറ്റില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.