പ്രാവുകൾ കൂടുതലായുള്ള ഇടങ്ങളിലെ വീട്ടുകാർ അനുഭവിക്കുന്നത് സമാനതകളില്ലാത്ത പ്രശ്‌നമാണ്. ടെറസിലും ബാൽക്കണിയിലും മാത്രമല്ല, ചിലപ്പോൾ വീടുകളുടെ അകത്ത് പോലും പ്രാവുകൾ കയറും. ആകെ മൂടുന്ന വല കെട്ടിയും മറ്റുമാണ് പലരും പ്രാവുകളെ പ്രതിരോധിക്കുന്നത്. എന്നാൽ ഇപ്പോഴിതാ പ്രാവിനെ തുരത്താൻ സ്വന്തമായി മെഷീൻ ഉണ്ടാക്കിയിരിക്കുകയാണ് ഒരാൾ, അതും എഐ സഹായത്തോടെ.

To advertise here,

റെഡ്ഡിറ്റിലാണ് ഈ മെഷീന്റെ വീഡിയോ പങ്കുവെക്കപ്പെട്ടത്. എഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു സ്‌പ്രേയിങ് മെഷീനാണ് ഇത്. ബാൽക്കണിയിൽ സ്ഥാപിച്ച ഈ മെഷീൻ പ്രവർത്തിക്കുന്നതാണ് വീഡിയോയിലുള്ളത്. ബാൽക്കണിയുടെ നേരെ വെച്ച മെഷീൻ പ്രാവുകളെത്തുമ്പോൾ അവയെ തിരിച്ചറിയുകയും സ്‌പ്രേയുടെ പമ്പ് പ്രാവിനുനേരെ സ്വയം തിരിച്ച് വെക്കുകയും വെള്ളം ചീറ്റിക്കുകയും ചെയ്യുന്നതാണ് പ്രവർത്തനരീതി. വീഡിയോ കണ്ട് നിരവധി പേരാണ് അതിശയം പ്രകടിപ്പിച്ച് കമന്റുകളിട്ടത്.

മെഷീനെ കുറിച്ചുള്ള വിശദീകരണവും വീഡിയോയ്‌ക്കൊപ്പമുണ്ട്. യുഎസ്ബി ക്യാമറയാണ് മെഷീനിലുള്ളത്. ഓറഞ്ച് പൈ 5 എന്ന ചെറുകമ്പ്യൂട്ടറിനോടാണ് ക്യാമറ ഘടിപ്പിച്ചത്. യോലോ വേൾഡ് വി2 എന്ന എഐ മോഡലാണ് തത്സമയ വീഡിയോ ദൃശ്യം വിശകലനം ചെയ്ത് പ്രാവുകളെ തിരിച്ചറിയുന്നത്. ദൃശ്യത്തിൽ പ്രാവുണ്ടെന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ സെർവോ മോട്ടോറുകളിൽക്ക് മുകളിൽ ഘടിപ്പിച്ച വാട്ടർ ഗൺ പ്രാവിനു നേരെ തിരിയുകയും വെള്ളം ചീറ്റിക്കുകയും ചെയ്യും.

പ്രാവിനുനേരെ വാട്ടർഗൺ തിരിക്കാനാണ് രണ്ട് സെർവോമോട്ടോറുകൾ വെച്ചത്. കൂടാതെ റെസിസ്റ്ററുകൾ, ട്രാൻസിസ്റ്ററുകൾ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന, മോഡിഫൈ ചെയ്ത ഇലക്ട്രിക് വാട്ടർഗൺ എന്നിവയാണ് ഹാർഡ്‌വെയറുകൾ. റോക്ക്ചിപ്പ് 3588 ചിപ്പിലെ ന്യൂറൽ പ്രൊസസിങ് യൂണിറ്റിലാണ് എഐ മോഡൽ പ്രവർത്തിക്കുന്നത്. ഇത് മനുഷ്യ ഇടപെടൽ ഇല്ലാതെ സ്വയം പ്രവർത്തിക്കാൻ മെഷീനെ സഹായിക്കുന്നു. പ്രാവിന് പുറമെ അണ്ണാനോ പൂച്ചയോ തുടങ്ങി ഏത് ജീവികളെ വേണമെങ്കിൽ ലക്ഷ്യമിടാൻ മെഷീന് കഴിയുമെന്ന് പോസ്റ്റിൽ പറയുന്നു.