മിസ് യൂണിവേഴ്‌സിന്റെ ഒരു നിഴലായി ജീവിക്കുന്നു എന്ന വിമര്‍ശനത്തിന് മറുപടിയായി സുസ്മിത സെന്നിന്റെ മുന്‍ പങ്കാളി നടന്‍ റോഹ്‌മാന്‍ ഷാള്‍. അസാധാരണ കഴിവുകളുള്ള ഒരാളുമായി അടുപ്പം പുലര്‍ത്തുന്നത് തന്നെ ഒരിക്കലും ചെറുതാക്കുന്നില്ല എന്നുതുടങ്ങുന്ന മറുപടിയാണ് ഷാള്‍ നല്‍കിയത്. മുന്‍ പങ്കാളിയായ സുസ്മിത സെന്നുമായുള്ള ഏഴ് വര്‍ഷത്തെ അടുപ്പത്തെക്കുറിച്ച് നടന്‍ റോഹ്‌മാന്‍ ഷാള്‍ ഹൃദയസ്പര്‍ശിയായ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കമന്റിട്ട ഒരാളാണ് അദ്ദേഹത്തെ സുസ്മിതയുടെ വെറുമൊരു നിഴല്‍ എന്ന് വിശേഷിപ്പിച്ചത്.
'ഇന്നേക്ക് ഏഴ് വര്‍ഷം... ഞാന്‍ നിന്നെ ചെസ്സ് പഠിപ്പിച്ചു, നീ ഇപ്പോള്‍ ഒരു ദയയുമില്ലാതെ എന്നെ തോല്‍പ്പിക്കുന്നു. നീ എന്നെ നീന്താന്‍ പഠിപ്പിച്ചു, ജലത്തെ ഭയമുള്ള ഒരു ആത്മാവിനെ ആഴങ്ങളിലേക്ക് (വൈകാരികമായും അക്ഷരാര്‍ത്ഥത്തിലും) വലിച്ചിഴച്ചു. എനിക്ക് ഏറ്റവും നല്ല ഹെയര്‍കട്ടുകള്‍ നല്‍കിയതിന് നിന്നോട് എങ്ങനെ നന്ദി പറയാതിരിക്കും. ചെസ്സിലെ വിജയങ്ങള്‍ക്കും ആഴങ്ങള്‍ക്കും ഇടയില്‍ എവിടെയോ വെച്ച് എല്ലാ വിശേഷണങ്ങളെയും അതിജീവിക്കുന്ന ഒരു ബന്ധം നമ്മള്‍ കണ്ടെത്തി... കാമുകരല്ല, അപരിചിതരല്ല, അതിലും അപൂര്‍വ്വമായ ഒന്ന്! നീ ഒരുകാലത്ത് എന്റെ സുരക്ഷിത താവളമായിരുന്നു, ഇപ്പോഴും എങ്ങനെയോ അങ്ങനെ തന്നെയാണ് നമുക്കുണ്ടായിരുന്ന സ്‌നേഹത്തിനും നിലനിന്ന നിശബ്ദ സൗഹൃദത്തിനും നന്ദി എന്ന തരത്തിലായിരുന്നു പോസ്റ്റ്. ഇതിന് കമന്റിട്ടയാളാണ് നടനെതിരെ വിമര്‍ശനം ഉന്നയിച്ചത്. 'സ്വന്തം വ്യക്തിത്വം കണ്ടെത്തൂ! മിസ് യൂണിവേഴ്‌സിന്റെ ഒരു നിഴലായി ജീവിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയും!' എന്ന തരത്തിലായിരുന്നു കമന്റ്.
ഇതോടെ മറുപടിയായി റോഹ്‌മാന്‍ എഴുതി - 'അസാധാരണ കഴിവുകളുള്ള ഒരാളുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്നെ ചെറുതാക്കുന്നില്ല; ഞാന്‍ ഒപ്പം നടക്കാന്‍ തിരഞ്ഞെടുക്കുന്ന ആളുകളുടെ നിലവാരമാണത് പ്രതിഫലിപ്പിക്കുന്നത്. പ്രിയപ്പെട്ടവരേ .. താരാപഥങ്ങള്‍ നിഴലുകള്‍ വീഴ്ത്താറില്ല. അവ ഒരുമിച്ച് തിളങ്ങുകയാണ് ചെയ്യുന്നത്. ഒരുപാട് സ്‌നേഹം.' സുസ്മിതയ്ക്ക് സമര്‍പ്പിച്ച തന്റെ പോസ്റ്റില്‍ അവരെ ചേര്‍ത്തുപിടിക്കുന്ന തന്റെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയും നടന്‍ ചേര്‍ത്തിരുന്നു.
2018-ല്‍ റോഹ്‌മാന്‍ ഇന്‍സ്റ്റാഗ്രാമില്‍ സന്ദേശമയച്ചതോടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്, താമസിയാതെ അവര്‍ ഡേറ്റിംഗ് ആരംഭിച്ചു. 2021 ഡിസംബറില്‍ ഇരുവരും വേര്‍പിരിഞ്ഞു. അതിനുശേഷവും റോഹ്‌മാനുമായി സൗഹൃദം തുടരുന്നുണ്ടെന്ന് സുസ്മിത സ്ഥിരീകരിച്ചിരുന്നു. 'ആര്യ 3' എന്ന ക്രൈം-ത്രില്ലര്‍ സീരീസിലാണ് സുസ്മിത അവസാനമായി അഭിനയിച്ചത്. റാം മധ്വാനി സംവിധാനം ചെയ്ത ഈ സീരീസില്‍ വികാസ് കുമാര്‍, ഇള അരുണ്‍, വിശ്വജീത് പ്രധാന്‍, സിക്കന്ദര്‍ ഖേര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. പുതിയ കരിയര്‍ പാത തേടുന്ന റോഹ്‌മാന്‍, 'അമരന്‍' (2024) എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ശിവകാര്‍ത്തികേയന്‍, സായ് പല്ലവി, രാഹുല്‍ ബോസ്, ഭുവന്‍ അറോറ എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
Content Highlights: Rohman Shawl`s heartfelt post for Sushmita Sen marks their 7-year anniversary
Published: 30 Jul 2025, 09:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented