ന്യൂഡല്‍ഹി: തന്റെ നാലുമാസം പ്രായമായ കുഞ്ഞിനൊപ്പം നിൽക്കുന്ന ചിത്രം ആദ്യമായി സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇന്‍സ്റ്റഗ്രാമിലാണ് അഹാന്‍ എന്ന് പേരിട്ടിരിക്കുന്ന ആണ്‍കുഞ്ഞിനൊപ്പമുള്ള ചിത്രം രോഹിത് പങ്കുവെച്ചത്. മുംബൈയിലെ വീട്ടില്‍നിന്നെടുത്ത ചിത്രത്തില്‍ മകള്‍ സമൈറയെയും കാണാം. 

To advertise here,

കഴിഞ്ഞവര്‍ഷം നവംബര്‍ 15-നാണ് രോഹിത്തിനും ഭാര്യ റിതിക സജ്‌ദെയ്ക്കും ആണ്‍കുഞ്ഞ് ജനിച്ചത്. രോഹിത്തിനും റിതികയ്ക്കും ജനിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്. അഹാന്റെ ജനനവുമായി ബന്ധപ്പെട്ട് രോഹിത്തിന് ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരം നഷ്ടപ്പെട്ടിരുന്നു. 

ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ മാര്‍ച്ച് രണ്ടിന് ദുബായില്‍ നടന്ന ഇന്ത്യ - ന്യൂസീലന്‍ഡ് മത്സരത്തിനിടെ വിരാട് കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മയും റിതികയും കണ്ടുമുട്ടിയിരുന്നു. ഇരുവരും സംസാരിക്കുന്നതിനിടെ അനുഷ്‌ക അഹാനോട് ഇടപഴകുന്നതായി കണ്ടിരുന്നു. ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ ഇന്ത്യന്‍ നായകന്‍ മാര്‍ച്ച് പത്തിനാണ് മുംബൈയില്‍ തിരിച്ചെത്തിയത്. ഫൈനലില്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യ കിരീടം നേടുന്നതില്‍ നിര്‍ണായകമായത്.