2012-ലായിരുന്നു റിതേഷ് ദേശ്മുഖിന്റേയും ജെനീലിയ ഡിസൂസയുടേയും വിവാഹം. ഇരുവർക്കും രണ്ട് ആൺമക്കളാണുള്ളത്. വിവാഹത്തിന് മുമ്പ് 10 വർഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. ഇപ്പോഴിതാ ആ കാലഘട്ടത്തെ കുറിച്ച് സംസാരിക്കുകയാണ് താരദമ്പതികൾ. ടെന്നീസ് താരം സാനിയ മിർസയുടെ പോഡ്കാസ്റ്റ് ഷോയിലാണ് ഇരുവരും മനസ് തുറന്നത്.

To advertise here,

പ്രണയകാലത്ത് തങ്ങൾ ധാരാളം യാത്രകൾ പോയിരുന്നെങ്കിലും ഒരിക്കൽപോലും ഒരുമിച്ച് താമസിച്ചിട്ടില്ലെന്ന് ഇരുവരും പറയുന്നു. '10 വർഷത്തിനിടയിൽ ഞങ്ങൾ യാത്രകൾ പോയിരുന്നു. പക്ഷെ ഒരുമിച്ച് താമസിച്ചിരുന്നില്ല. ഞങ്ങൾ എപ്പോഴും കൂട്ടുകാരുമായി കൂട്ടു കൂടുമായിരുന്നു. അവധി ദിവസങ്ങളിൽ പോലും ഞങ്ങൾ എപ്പോഴും വെവ്വേറെ മുറികളിലാണ് താമസിച്ചിരുന്നത്. ഷൂട്ടിങ് സമയത്തും ഞങ്ങൾ വെവ്വേറെ മുറികളിലായിരുന്നു. പിന്നീട് വിവാഹിതരായതിനുശേഷമാണ് ഞങ്ങൾ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. അതൊരു പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നു.'-ഇരുവരും വ്യക്തമാക്കി.

വിവാഹത്തിന് മുമ്പ് തന്നെ ഒരുമിച്ച് ഒരുപാട് സമയം ചെലവഴിച്ചു എന്നതാണ് തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഭാഗമെന്നും റിതേഷ് പറയുന്നു. 'ഞങ്ങളുടെ ജീവിതത്തിൽ എന്ത് സംഭവിച്ചാലും അത് പരസ്പരം പങ്കുവെച്ചു. ഒരുമിച്ചുണ്ടായതിന്റെ ഗുണം അതായിരുന്നു. അതാണ് ഞങ്ങളെ ഒരുമിപ്പിച്ചത്. നിങ്ങളുടെ ഇടയിൽ സന്തോഷവും സംതൃപ്തിയും ഉണ്ടെങ്കിൽ, വളരെക്കാലം ആ അവസ്ഥയിൽ തുടരാൻ നിങ്ങൾ ആഗ്രഹിക്കും.' -റിതേഷ് കൂട്ടിച്ചേർത്തു.

റിതേഷിന്റെ 47-ാം ജന്മദിനത്തിൽ ജെനീലിയ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിരുന്നു. ഫെബ്രുവരി മൂന്നിനാണ് ഇരുവരും തങ്ങളുടെ 14-ാം വിവാഹ വാർഷികം ആഘോഷിച്ചത്. 2003-ൽ പുറത്തിറങ്ങിയ തുജേ മേരി കസം എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി അഭിനയിച്ചത്. ആ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് പ്രണത്തിലാകുന്നത്.