കോടികള്‍ ചിലവാക്കി ചികിത്സകളും ഭക്ഷണക്രമീകരണവും നടത്തി യൗവനം നിലനിര്‍ത്തുന്ന ബ്രയാന്‍ ജോണ്‍സണ്‍ എന്ന കോടീശ്വര വ്യവസായിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സമീപകാലത്തായി കേട്ടിട്ടുണ്ടാവും. എന്നാല്‍ പ്രായത്തിന്റെ അവശതകള്‍ ശരീരത്തെ ബാധിക്കുന്നത് തടയുന്നതില്‍ ബ്രയാന്‍ ജോണ്‍സണെ കടത്തിവെട്ടിയിരിക്കുകയാണ് ജൂലി ഗിബ്‌സണ്‍ ക്ലാര്‍ക്ക് എന്ന അമ്പത്തിയാറുകാരി.

To advertise here,

പ്രായമാകുന്നതിന്റെ വേഗം അളക്കുന്നതിനായുള്ള ഡുനഡിന്‍പേസ് ബ്ലഡ് ടെസ്റ്റ് എന്ന രക്ത പരിശോധനയിലൂടെയാണ് ജൂലിയുടെ പ്രായമാകല്‍ പ്രക്രിയയുടെ വേഗം അളന്നത്. 

കുട്ടിക്കാലം മുതല്‍ തന്നെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധാലുവായിരുന്നു ക്ലാര്‍ക്ക്. അച്ഛൻ എഡ് ക്ലാർക്കാണ് അതില്‍ പ്രചോദനമായത്. 1970 കളിലെ നാസയുടെ സ്‌പേസ് സ്റ്റേഷന്‍ ദൗത്യമായ സ്‌കൈലാബിലെ ബഹിരാകാശ സഞ്ചാരിയായിരുന്നു അദ്ദേഹം. ഭക്ഷണത്തെ ഇന്ധനമായി കാണാനും മികച്ച പ്രകടനത്തിനായി പോഷകാഹാരത്തിന് മുന്‍ഗണന നല്‍കാനും അവളെ പഠിപ്പിച്ചത് അച്ഛനാണ്. 

placeholder
Photo: Instagram/ Julie Gibson Clark 

പ്രായപൂര്‍ത്തിയായതോടെ ദീര്‍ഘായുസ് ഉറപ്പാക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനുമായി ക്ലാര്‍ക്കിന്റെ ലക്ഷ്യം. ഒരു പ്രൊഫഷണല്‍ റിക്രൂട്ടറായി പ്രവര്‍ത്തിക്കുന്ന ക്ലാര്‍ക്കിന് ഇപ്പോള്‍ 56 വയസുണ്ട്.  

കഴിഞ്ഞ 25 വര്‍ഷക്കാലമായി തന്റെ ആരോഗ്യപരിപാലനത്തില്‍ കൃത്യതയോടെയുള്ള സമീപനമാണ് ക്ലാര്‍ക്ക് പിന്തുടര്‍ന്നുവരുന്നത്. ഡയറ്ററി സപ്ലിമെന്റുകളും വീട്ടില്‍ പാചകം ചെയ്ത ഭക്ഷണവും ശീലമാക്കി. മദ്യം ഉപേക്ഷിച്ചു. ഇത് ഭക്ഷണക്രമീകരണവും ജീവിത ശൈലിയും മെച്ചപ്പെടുത്തി. യാത്രകളും പഠനവും ദിനചര്യയുടെ ഭാഗമാക്കി. കുടുംബത്തോടൊപ്പം സമയം ചിലവഴിച്ചു.

വലിയ ചിലവുള്ള കാര്യങ്ങളില്‍ നിന്ന് മാറി താങ്ങാവുന്ന വിലയ്ക്കും ലാളിത്യത്തിനും മുന്‍ഗണ നല്‍കുകയാണ് ക്ലാര്‍ക്കിന്റെ രീതി. പുതിയ ദിനചര്യകള്‍ പല്ല് തേക്കുന്നത് പോലെ ജീവിതത്തിലെ സ്വാഭാവികമായ കാര്യങ്ങളാക്കി മാറ്റാന്‍ ശ്രമിച്ചു. പ്രാര്‍ത്ഥന, വ്യായാമം, ബാഷ്പസ്‌നാനം (Sauna), തണുത്ത വെള്ളത്തിലുള്ള കുളി, മെഡിറ്റേഷന്‍ എന്നിങ്ങനെ പോവുന്നു ദിനചര്യകള്‍. ഇതില്‍ ബാഷ്പസ്‌നാനവും തണുത്ത വെള്ളത്തിലുള്ള കുളിയുമാണ് തന്റെ ആരോഗ്യ സംരക്ഷണത്തില്‍ പ്രധാനികളെന്ന് ക്ലാര്‍ക്ക് പറയുന്നു. 

കാരറ്റും മധുരക്കിഴങ്ങും അടങ്ങുന്ന പച്ചക്കറികളും, കോഴിയിറച്ചി, മുട്ട, പ്രാദേശികമായി കിട്ടുന്ന ഇറച്ചി തുടങ്ങിയ പ്രോട്ടീന്‍ സ്രോതസ്സായ ഭക്ഷണങ്ങളുമാണ് ദൈനം ദിന ഭക്ഷണത്തിലെ പ്രധാന ഘടകങ്ങള്‍. ചീരയാണ് ക്ലാര്‍ക്കിന്റെ ഇഷ്ട വിഭവങ്ങളില്‍ ഒന്ന്.  നാരുകള്‍, വിറ്റാമിനുകള്‍, ഫൈറ്റോകെമിക്കലുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ, പച്ചക്കറിക്ക് പ്രാധാന്യം നല്‍കിയുള്ള ക്ലാര്‍ക്കിന്റെ ഭക്ഷണ ശീലമാണ് യൗവനം നിലനിര്‍ത്തുന്നതിന് പിന്തുണയ്ക്കുന്നത്. 

ആരോഗ്യ വിദഗ്ദരും ക്ലാര്‍ക്കിന്റെ ഭക്ഷണ രീതിയ്ക്ക് സമ്പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. ഒമേഗ 3, വിറ്റാമിന്‍ ബി എന്നിവയെല്ലാം അടങ്ങിയ ഇലക്കറികളുടെ സാന്നിധ്യം മസ്തിഷ്‌കത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. വിറ്റാമിന്‍ ഡി ആര്‍ത്തവവിരാമത്തിന് ശേഷമുള്ള ആരോഗ്യത്തിന് ഗുണകരമാണെന്നും വിറ്റാമിന്‍ ഡിയും കാല്‍സ്യവും കഴിക്കുന്നത് സ്ത്രീകളിലെ ചില അര്‍ബുദങ്ങള്‍ തടയുന്നതിന് ഗുണകരമാണെന്നുമുള്ള പുതിയ പഠനങ്ങള്‍ ക്ലാര്‍ക്കിന്റെ ഭക്ഷണരീതികളെ ശാസ്ത്രീയമായി പിന്തുണയ്ക്കുന്നവയാണ്.