ജീവിതത്തിലെ കെട്ടുപാടുകൾക്കും പ്രാരാബ്ധങ്ങൾക്കുമിടയിൽ സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും മറന്നുപോകുന്ന അനേകം സ്ത്രീകൾക്ക് ഒരു വലിയ പ്രചോദനമായി മാറിയിരിക്കുകയാണ് രേഷ്മ എന്ന ഇന്ത്യൻ വീട്ടുജോലിക്കാരി. പ്രശസ്ത ഡിജിറ്റൽ ക്രിയേറ്ററായ അനീഷ് ഭഗത്തിനൊപ്പം തായ്‌ലൻഡിലേക്ക് യാത്ര ചെയ്ത രേഷ്മയുടെ 'സോളോ ട്രിപ്പ്' വ്ലോഗ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായിരിക്കുകയാണ്. ഒരു വീട്ടുജോലിക്കാരി ആദ്യമായി ഇന്ത്യയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നതിന്റെയും അവിടുത്തെ പുതിയ അനുഭവങ്ങളുടെയും വികാരനിർഭരമായ നിമിഷങ്ങളാണ് ഈ വീഡിയോയിലുള്ളത്.
ഭാഷയറിയില്ല, പക്ഷേ എനിക്ക് സ്നേഹിക്കാൻ അറിയാം
തായ്‌ലൻഡിൽ എത്തിയ ശേഷം, ഒരു ദിവസം പൂർണ്ണമായും ഒറ്റയ്ക്ക് ചെലവഴിക്കാൻ അനീഷ് രേഷ്മയോട് ആവശ്യപ്പെട്ടു. തന്റെ പ്രിയപ്പെട്ട സാരി ധരിച്ചാണ് ആ വിദേശ രാജ്യത്തെ തെരുവുകളിലേക്ക് രേഷ്മ ഒറ്റയ്ക്ക് ഇറങ്ങിയത്. "ഞാൻ വെറുമൊരു വീട്ടുജോലിക്കാരിയാണ്; എനിക്ക് ഇവിടെ ആരെയും അറിയില്ല, അവരുടെ ഭാഷ എനിക്ക് മനസ്സിലാകില്ല, വായിക്കാനും എനിക്കറിയില്ല," എന്ന് രേഷ്മ തുറന്നു പറയുന്നു. "പക്ഷേ എനിക്ക് പാചകം ചെയ്യാൻ അറിയാം. അതിനാൽ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാൻ സഹായിക്കുന്നതിനായി ഞാൻ കുറച്ച് 'പുരൺപോളി' (puranpoli) ഒരു ടിഫിൻ ബോക്സിൽ കരുതിയിട്ടുണ്ട്", രേഷ്മ പറഞ്ഞു.
തനിക്ക് എന്തൊക്കെ കാര്യങ്ങളോടാണ് താത്പര്യമെന്ന് ഇതുവരെ ചിന്തിച്ചിട്ടുപോലുമില്ലെന്നും, അതിനൊരിക്കലും സമയം ലഭിച്ചിട്ടില്ലെന്നും അവർ വീഡിയോയിൽ പറയുന്നുണ്ട്. ഒരു പുരുഷന്റെ സഹായമില്ലാതെ താൻ ഇതുവരെ പുറത്തുപോയിട്ടില്ലാത്തതിനാൽ ഈ ഒറ്റയ്ക്കുള്ള യാത്രയിൽ തനിക്ക് ഭയമുണ്ടായിരുന്നുവെന്നും രേഷ്മ പറയുന്നു.
ബാങ്കോക്കിലെ ഒരു ക്ഷേത്രത്തിലെത്തിയ രേഷ്മ അല്പനേരം അവിടെ ചെലവഴിച്ചു. തന്റെ കയ്യിലുണ്ടായിരുന്ന പുരൺപോളി നൽകി ഒരു ജർമ്മൻകാരനെ തന്റെ ആദ്യ സുഹൃത്താക്കി മാറ്റി. പിന്നീട് ഒരു 7-ഇലവൻ സ്റ്റോറിൽ വെച്ച് പോപ്പോ എന്ന ഇൻഫ്ലുവൻസറെ പരിചയപ്പെടുകയും, പോപ്പോ രേഷ്മയെ ഉച്ചഭക്ഷണത്തിനായി സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവർ ഒന്നിച്ച് ഭക്ഷണം കഴിക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു. എനിക്ക് നിങ്ങളുടെ ഭാഷ മനസിലാകുന്നില്ലെങ്കിലും നിങ്ങളുടെ സ്നേഹം മനസിലാകുന്നുണ്ടെന്ന് രേഷ്മ പോപ്പോയോട് പറയുന്നുണ്ട്.
ഉത്തരവാദിത്തങ്ങൾ കാരണം സ്ത്രീകൾ പലപ്പോഴും തങ്ങളെത്തന്നെ മറന്നുപോകുന്നത് എന്തുകൊണ്ടാണെന്ന് ഈ യാത്രയ്ക്കിടയിൽ രേഷ്മ ചിന്തിക്കുന്നുണ്ട്.
പാർക്കിലിരുന്ന് സിനിമകളിലേതുപോലെ ഒരു പുസ്തകം വായിച്ചും, തായ്‌ലൻഡിലെ പ്രശസ്തമായ 'മാംഗോ സ്റ്റിക്കി റൈസ്' കഴിച്ചുമാണ് അവർ ആ ദിവസം അവസാനിപ്പിച്ചത്. "രേഷ്മാ, എനിക്ക് നിന്നെക്കുറിച്ച് അഭിമാനമുണ്ട്," എന്ന് സ്വയം പറഞ്ഞുകൊണ്ടാണ് അവർ ആ ദിവസത്തോട് വിടപറയുന്നത്.
കാഴ്ചക്കാരുടെ ഹൃദയം കീഴടക്കിയാണ് രേഷ്മയുടെ ഈ യാത്രാ വ്ലോഗ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. യാത്രയ്ക്കിടയിൽ കാറിൽ വെച്ച് അവർ മുടിയഴിച്ചിട്ടപ്പോൾ തങ്ങളുടെ കണ്ണുകൾ നിറഞ്ഞുപോയെന്നും, അവർ ഒരു 'സ്വതന്ത്രയായ ചിത്രശലഭത്തെപ്പോലെ' മാറിയെന്നും കാഴ്ചക്കാർ കമന്റ് ചെയ്തു. ഇത് വളരെ മനോഹരമായ, ഹൃദയം നിറയ്ക്കുന്ന ഒരു ട്രാവൽ വ്ലോഗ് ആണെന്നാണ് എല്ലാവരും ഒന്നടങ്കം പറയുന്നത്.
Content Highlights: After spending her life fulfilling household responsibilities, Reshma, an Indian domestic worker, embarked on a life-changing solo trip to Thailand with creator Aneesh Bhagat, proving that it is never too late for women to rediscover their dreams.
Published: 16 Jun 2026, 01:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented