കല്യാണം കഴിഞ്ഞ് എന്ത് വേണമെങ്കിലും ചെയ്‌തോ.. ഇഷ്ടമുള്ള ഡ്രസ്സിടുന്നത് മുതല്‍ ട്രിപ് പൊക്കോട്ടെ എന്ന ചോദ്യത്തിന് വരെ ഈ ഉത്തരം കിട്ടാത്ത പെണ്‍കുട്ടികള്‍ കുറവായിരിക്കും. കല്യാണം കഴിഞ്ഞ് കുട്ടികളുമായ ശേഷം എത്ര പേര്‍ സോളോ ട്രിപ്പിന് പോയി. സോളോ ട്രിപ്പിന് പോകണമെന്ന് ആഗ്രഹം പറഞ്ഞാല്‍ പോലും സമൂഹത്തിന്റെ ചോദ്യം ചെയ്യലും കണ്ണുരുട്ടലും വേറെ. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കായിരിക്കും ഇക്കാര്യത്തില്‍ വീട്ടുവീഴ്ച ചെയ്യേണ്ടിവരുന്നത്. എന്നാല്‍ ആഗ്രഹങ്ങള്‍ അടിച്ചമര്‍ത്തുന്നത് നല്ലതല്ല. അത് നിങ്ങളുടെ മാനസികാരോഗ്യത്തിനെ ബാധിച്ചേക്കാം. ഇത് പതിയെ ബന്ധങ്ങളെ പോലും ബാധിക്കും. മാത്രമല്ല, ഒറ്റയ്ക്ക് യാത്ര പോകുന്നതിന് മാനസികാരോഗ്യത്തിന് നല്ലതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒറ്റയ്ക്കുള്ള യാത്രകള്‍ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍, ലക്ഷ്യങ്ങള്‍, ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ എന്നിവ കണ്ടെത്താന്‍ സഹായിക്കും. സ്ത്രീകള്‍ക്കായാലും പുരുഷന്മാര്‍ക്കായാലും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് സ്‌ട്രെസ് കുറയ്ക്കാനും ഡെയിലി ലൈഫിലുണ്ടായേക്കാവുന്ന വിരസത കുറയ്ക്കാനും സഹായിക്കും. സ്വാതന്ത്ര്യബോധവും സ്വാശ്രയബുദ്ധിയും വര്‍ധിപ്പിക്കും. ഒരു എമ്പവറിങ്ങ് ഫീല്‍ ലഭിക്കും. സെല്‍ഫ് കെയറിന് സമയം കണ്ടെത്തുന്നവര്‍ക്ക് കൂടുതല്‍ ഉന്മേഷത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളും ചെയ്യാന്‍ സാധിക്കും. അതുകൊണ്ട് തന്നെ സോളോ ട്രിപ് എന്ന ആഗ്രഹം കളയണ്ട.

To advertise here,