ർഷങ്ങളായുള്ള ഒരു ഉൾവിളിയായിരുന്നു തിരുവണ്ണാമല. ഉള്ളിന്റെയുള്ളിൽ എപ്പോഴോ മൊട്ടിട്ട ആ ആഗ്രഹം പല കാരണങ്ങളാൽ നീണ്ടുപോയി. എന്നാൽ ഇത്തവണ ചൈത്ര പൗർണമിയുടെ പുണ്യനാളിൽ, അപ്രതീക്ഷിതമായാണ് ആ വിളി എത്തിയത്. സുഹൃത്തും യുകെ മലയാളി നാടകപ്രവർത്തകനുമായ മനോജ് ശിവയും പത്‌നിയും എഴുത്തുകാരിയുമായ മീരയുമായിരുന്നു ഈ യാത്രയിലെ എന്റെ കൂട്ടുയാത്രികർ. കഴിഞ്ഞ 14 വർഷമായി മുടങ്ങാതെ ഈ മണ്ണിലെത്തുന്ന മനോജിന്റെ അനുഭവസമ്പത്ത് കൂടെയുള്ളപ്പോൾ, അതൊരു വെറും യാത്രയല്ല, ഒരു തിരിച്ചറിവാകുമെന്ന് എനിക്കുറപ്പായിരുന്നു.

To advertise here,

തമിഴ് മാസമായ 'ചിത്തിരൈ'യിലെ പൗർണമി അഥവാ ചൈത്ര പൗർണമി തിരുവണ്ണാമലയിൽ അതിവിശേഷമാണ്. ദക്ഷിണേന്ത്യയിലെ മഹാക്ഷേത്രമായ അരുണാചലേശ്വര ക്ഷേത്രത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന 'ചിത്തിരൈ തിരുവിഴ'യുടെ സമാപനം കൂടിയാണീ ദിനം. ദശലക്ഷക്കണക്കിന് ഭക്തർ ഒരേ ലക്ഷ്യത്തോടെ, ഒരേ മന്ത്രവുമായി ഒഴുകിയെത്തുന്ന കാഴ്ച ഭക്തിയുടെ പരകോടിയാണ്.

അരുണാചല കുന്നിന് ചുറ്റുമുള്ള 14 കിലോമീറ്റർ പാതയിലൂടെയുള്ള ഗിരിവലം കേവലം ഒരു കാൽനടയാത്രയല്ല. അതൊരു ആത്മീയ പരിവർത്തനമാണ്. ഏപ്രിൽ 30 രാത്രി മുതൽ മെയ് ഒന്ന് രാത്രി വരെ നീണ്ടുനിന്ന ആ മഹാപ്രവാഹത്തിൽ ഞാനും ലയിച്ചു ചേർന്നു. അർധരാത്രി പിന്നിട്ടതോടെ ജനസാഗരംകൊണ്ട് പാതകൾ നിശ്ചലമായി. പലപ്പോഴും മിനിറ്റുകളോളം ഒരടി മുന്നോട്ട് നീങ്ങാൻ കഴിയാത്തത്ര തിരക്ക്. എങ്കിലും ആർക്കും പരാതിയില്ല, പരിഭവമില്ല. ഭൂമിയിൽ നിന്നുള്ള ആത്മീയ ഊർജ്ജം നേരിട്ട് ആവാഹിക്കാനായി മിക്കവരും നഗ്‌നപാദരായാണ് നടക്കുന്നത്. പാതയിലുടനീളം കാവൽ നിൽക്കുന്ന ഇന്ദ്രലിംഗം മുതൽ ഈശാനലിംഗം വരെ അഷ്ടലിംഗങ്ങൾ ദർശിച്ച് നീങ്ങുമ്പോൾ ഓരോ ചുവടിലും മനസ്സ് ഭാരമില്ലാത്തതാകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

വേനലിന്റെ ചൂടിനെ മറികടക്കാൻ രാത്രിയിലാണ് ഭൂരിഭാഗം പേരും മല ചുറ്റുന്നത്. നിലാവെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന അരുണാചല കുന്നിന് ഒരു പ്രത്യേക ഗാംഭീര്യമുണ്ട്. അദൃശ്യരൂപത്തിൽ സിദ്ധന്മാരും മഹർഷിമാരും ഈ സമയം ഗിരിവലം നടത്തുന്നുണ്ടെന്ന വിശ്വാസം ആ അന്തരീക്ഷത്തിന് കൂടുതൽ ദിവ്യത്വം നൽകുന്നു. 'ഓം നമശിവായ', 'ഹര ഹരോ ഹര ഹര' എന്നീ മന്ത്രധ്വനികൾ മാത്രം മുഴങ്ങുന്ന ആ രാത്രിയിൽ, പുലർകാലത്തെ തണുത്ത കാറ്റേറ്റ് നടക്കുമ്പോൾ ഉള്ളിലെ 'അഹം' പതുക്കെ ഇല്ലാതാകുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും എത്തി, വർഷങ്ങളായി ഇവിടെ തങ്ങി സേവനം ചെയ്യുന്ന വിദേശികൾ ഈ മണ്ണിന്റെ കാന്തികശക്തിക്ക് തെളിവാണ്.

ഭഗവാൻ രമണമഹർഷിയുടെ സാന്നിധ്യംകൊണ്ട് പവിത്രമായ ഈ മണ്ണിലൂടെ 14 കിലോമീറ്റർ നടന്നു തീർക്കുമ്പോൾ ശാരീരികമായി ക്ഷീണമുണ്ടായിരിക്കാം, പക്ഷേ മാനസികമായി അതൊരു വലിയ 'റീചാർജിങ്' ആയിരുന്നു. തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് മാറി, നമ്മെത്തന്നെ ഒന്ന് അറിയാൻ ലഭിച്ച അപൂർവ്വ നിമിഷങ്ങൾ. 

തിരുവണ്ണാമലയ്ക്ക് ഒരു മാന്ത്രികതയുണ്ട്; ഒരിക്കൽ അവിടെ പോയാൽ, ആ മലയുടെ വിളി നമുക്ക് വീണ്ടും കേൾക്കാനാകും. അടുത്ത വർഷവും അതേ ആവേശത്തോടെ, അതേ ഭക്തിയോടെ തിരിച്ചെത്താൻ ഓരോ ഭക്തനെയും പ്രേരിപ്പിക്കുന്നത് ഈ ആത്മീയ ശാന്തി തന്നെയാണ്. എന്റെ ആദ്യ സന്ദർശനം എനിക്ക് നൽകിയതും മറ്റൊന്നല്ല- ഭക്തിയും ജ്ഞാനവും ഒന്നുചേരുന്ന ആ നിർമലമായ അനുഭൂതി!

(പ്രകൃതി-വന്യജീവി ഫോട്ടോഗ്രാഫറാണ് ലേഖകൻ)