വർഷക്കണക്കിനൊപ്പിച്ച് വയസ്സിലെ അക്കങ്ങൾ മാറും എന്നുവെച്ച് യാത്രയോടുള്ള ഇഷ്ടം ഫ്ളാറ്റിന്റെ ആറാം നിലയിൽ പൂട്ടിയിടാനൊന്നും ശ്രീനിവാസൻ ഒരുക്കമല്ല. തോന്നുമ്പോൾ കാറെടുത്ത് ഒറ്റപ്പോക്കാണ്, ഹൗറയിലേക്കാണ് ഇത്തവണ വളയം തിരിച്ചത്. ഒൻപത് ദിവസം, 4357 കിലോമീറ്റർ യാത്ര. പക്ഷേ, ഇത്രയും ദൂരം ഓടിവന്ന ക്ഷീണമൊന്നും ഈ 79-കാരനില്ല. യാത്രയുടെ ഹരത്തിനു മുന്നിൽ മാറ്റൂക്കരൻ ശ്രീനിവാസന് പ്രായം വിഷയമല്ല. ഇരിണാവ് സ്വദേശിയായ ശ്രീനിവാസൻ കണ്ണൂർ തളാപ്പിലെ ഫ്ളാറ്റിലാണ് താമസം.
കൊൽക്കത്തയിലെ ഒരു കമ്പനിയിലായിരുന്നു രണ്ടുവർഷം ജോലി, 1977-ൽ ഗൾഫിലെത്തി. 33 വർഷത്തെ പ്രവാസജീവിതത്തിനുശേഷം 2010-ൽ നാട്ടിലേക്ക്. യാത്രയോടുള്ള ഹരംകൊണ്ട് അന്നേ ഒട്ടേറെ യാത്രകൾ നടത്തി. മനസ്സിനെ പ്രായത്തിനുവിട്ടുകൊടുക്കാതെ സ്വന്തം ഇഷ്ടങ്ങളെ എത്തിപ്പിടിക്കാനുള്ള ഇച്ഛാശക്തിയുണ്ട്. ഇപ്പോൾ ഓരോ യാത്രയും അടുത്ത യാത്രയ്ക്കുള്ള ഇന്ധനമാകുന്നു. കാഴ്ചക്കുറവുണ്ട്, ചെറിയ ആരോഗ്യപ്രശ്നങ്ങളും, പക്ഷേ, സോളോ യാത്രകളെ ഉപേക്ഷിക്കാൻ മനസ്സില്ല.
പെട്ടെന്നുള്ള തോന്നലിനനുസരിച്ചാണ് സ്ഥലം തിരഞ്ഞെടുക്കലും യാത്രയുമൊക്കെ. അങ്ങനെയാണ് കൂട്ടുപുഴ, മൈസൂരു വഴി പിടിച്ചത്, നേരേ പശ്ചിമ ബംഗാളിലെ ഹൗറയിലേക്ക്.രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെയാണ് ഡ്രൈവിങ്. രാത്രി ഓട്ടമില്ല. ഇടയ്ക്ക് നിർത്തുന്നത് പെട്രോൾ അടിക്കാനും ടോൾ നൽകാനും. കണ്ണൂർ-ഹൗറ യാത്രയിൽ 305 ലിറ്റർ പെട്രോൾ അടിച്ചു. 6500 രൂപ ടോളും കൊടുത്തു.
ദേശീയപാത വിട്ട് പുറത്തേക്ക് പോകില്ല. ചില ഹൈവേകളിൽ മൂന്നു ലെയിനിലും ട്രക്കുകൾ ഉണ്ടാവും. ഹോൺ അടിച്ചാൽ അവ ഒന്നായി മാറിത്തരുന്നത് ഡ്രൈവർമാരുടെ നല്ല ശീലങ്ങളിലൊന്നാണെന്ന് ശ്രീനിവാസൻ പറഞ്ഞു. സസ്യാഹാരിയായതിനാൽ അത്തരം ഹോട്ടലുകളിലാണ് വിശ്രമം. യാത്രയ്ക്ക് റൂട്ട്മാപ്പോ സമയമോ ഇല്ല. മംഗളൂരു, മൈസൂരു, ശ്രീരംഗപട്ടണം, ഹൈദരാബാദ്, ഭുവനേശ്വർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യാത്രപോകാറുണ്ട്.
കൊൽക്കത്തയിലേക്ക് മൂന്നുതവണ പോയി. തൃശ്ശൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ചെറുയാത്രകളുമുണ്ട്. നല്ല റോഡുകൾ പ്രായമായവരുടെ യാത്രയുടെ പ്രധാന ഭാഗമാണെന്ന് ശ്രീനിവാസൻ പറഞ്ഞു.ഭാര്യ: റീത്ത. മക്കൾ: ശ്രീജ, സിജിത. nithyaharitham@mpp.co.inവയോജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറിയിക്കാംഒറ്റയ്ക്കൊരു യാത്രകിമീപ്രായം വെറും ശ്രീനിവാസൻ
Content Highlights: 79-year-old-solo-road-trip-howrah
Published: 21 Jul 2025, 10:17 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented