
ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് അനിരുദ്ധ് സിന്‍ഹ് ജഡേജ. ജഡേജയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചുവെന്നും മരുമകളും ബിജെപി എംഎല്‍എയുമായ റിവാബയാണ് തന്റെ കുടുംബത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും ദൈനിക് ഭാസ്‌കറിന് നല്‍കിയ അഭിമുഖത്തില്‍ അനിരുദ്ധ്‌സിന്‍ഹ ആരോപിക്കുന്നു.
ജഡേജയുടെ വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷമാണ് പ്രശ്‌നം തുടങ്ങിയതെന്നും ഒരേ നഗരത്തില്‍ താമസിച്ചിട്ടും തന്റെ കൊച്ചുമകളെ കണ്ടിട്ട് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ആയെന്നും അഭിമുഖത്തില്‍ അനിരുദ്ധ് സിന്‍ഹ പറയുന്നു.
'മകനുമായും മരുമകളുമായും എനിക്ക് യാതൊരു ബന്ധവുമില്ല. ഞാന്‍ അവരേയും അവര്‍ എന്നേയും വിളിക്കാറില്ല. ജഡേജയുടെ വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ മാസങ്ങള്‍ക്ക്‌ശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഞാനിപ്പോള്‍ ജാംനഗറില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ജഡേജയും റിവാബയും സ്വന്തം ബംഗ്ലാവിലാണുള്ളത്. ഒരേ നഗരത്തിലാണ് ഞങ്ങള്‍ താമസിക്കുന്നത്. പക്ഷേ ഞാന്‍ അവനെ കാണാറില്ല. അവനെ മയക്കാന്‍ എന്ത് തന്ത്രമാണ് റിവാബ പ്രയോഗിച്ചതെന്ന് എനിക്കറിയില്ല.
അവന്‍ എന്റെ മകനാണെന്ന് ഓര്‍ക്കുമ്പോള്‍ ഹൃദയം പൊള്ളുന്നുണ്ട്. അവനെ വിവാഹം കഴിപ്പിക്കേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു. ക്രിക്കറ്റ് താരമായിരുന്നില്ലെങ്കില്‍ ഒരുപക്ഷേ കാര്യങ്ങള്‍ നന്നായി പോകുമായിരുന്നു. ഈ കേസ് ഇത്രത്തോളം വഷളാകില്ലായിരുന്നു.
വിവാഹം കഴിഞ്ഞ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം സ്വത്തെല്ലാം റിവാബയുടെ പേരിലേക്ക് മാറ്റണമെന്ന് പറഞ്ഞായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. കുടുംബം തകര്‍ത്തത് റിവാബയാണ്. അവര്‍ക്ക് കുടുംബം വേണമെന്നില്ല, സ്വതന്ത്രമായി ജീവിച്ചാല്‍ മാത്രം മതി. ഞാന്‍ പറയുന്നതും ജഡേജയുടെ സഹോദരി പറയുന്നതും കളവാമെന്ന് അവര്‍ക്ക് പറയാം. പക്ഷേ കുടുംബത്തിലെ 50 പേരും എങ്ങനെയാണ് ഒരുപോലെ കള്ളം പറയുക. കുടുംബാംഗങ്ങളുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ല. വെറുപ്പ് മാത്രമാണുള്ളത്.
എനിക്കൊന്നും മറക്കാനില്ല. കൊച്ചുമകളുടെ മുഖം കണ്ടിട്ട് അഞ്ച് വര്‍ഷത്തില്‍ കൂടുതലായി. റിവാബയുടെ കുടുംബമാണ് ഇപ്പോള്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. അവര്‍ എല്ലാത്തിലും ഇടപെടും. ഞങ്ങള്‍ക്ക് യാതൊരുവിധ റോളുമില്ല.'- അഭിമുഖത്തില്‍ അനിരുദ്ധ്‌സിന്‍ഹ ആരോപിക്കുന്നു.
ഈ അഭിമുഖം ചര്‍ച്ചയായതിന് പിന്നാലെ മറുപടിയുമായി രവീന്ദ്ര ജഡേജ രംഗത്തെത്തി. പിതാവിന്റെ ആരോപണങ്ങള്‍ തള്ളിയും ഭാര്യയെ പിന്തുണച്ചും ജഡേജ സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവെച്ചു. അഭിമുഖത്തില്‍ പിതാവ് ആരോപിച്ച കാര്യങ്ങളെല്ലാം പ്രശ്‌നങ്ങളുടെ ഒരു ഭാഗം മാത്രമാണെന്നും വസ്തുതാവിരുദ്ധമാണെന്നും ജഡേജ കുറിപ്പില്‍ പറയുന്നു.
'ദൈനിക് ഭാസ്‌കറിന് നല്‍കിയ അഭിമുഖത്തില്‍ പിതാവ് ആരോപിക്കുന്ന കാര്യങ്ങളൊന്നും ശരിയല്ല. അത് നേരത്തെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയുണ്ടാക്കിയ അഭിമുഖമാണ്. ആരോപണങ്ങളെല്ലാം ഞാന്‍ നിഷേധിക്കുന്നു. എന്റെ ഭാര്യയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള പിതാവിന്റെ ബോധപൂര്‍വമായ ശ്രമത്തെ അപലപിക്കുന്നു. എനിക്കും ഒട്ടേറെ കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷേ അതൊന്നും പരസ്യമായി പറഞ്ഞ് വിഴുപ്പലക്കാന്‍ ഞാനില്ല.'- ജഡേജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച കുറിപ്പില്‍ വിശദമാക്കുന്നു.
2016 ഫെബ്രുവരിയിലാണ് ജഡേജയും മെക്കാനിക്കല്‍ എഞ്ചിനീയറായ റിവാബയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. രണ്ട് മാസങ്ങള്‍ക്കുശേഷം ഇരുവരും രാജ്‌കോട്ടില്‍ നടന്ന ചടങ്ങില്‍ വിവാഹിതരായി. 2017 ജൂണില്‍ ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നു. നിദ്ധ്യാന ജഡേജ എന്നാണ് മകളുടെ പേര്.
Content Highlights: ravindra jadejas father alleges strained relation with son, Rivaba Jadeja, BJP
Published: 09 Feb 2024, 04:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented