
ലണ്ടന്‍: 'നിങ്ങള്‍ എന്നോട് പൊറുക്കുക. ദയവു ചെയ്ത് എന്റെ ക്ഷമാപണം സ്വീകരിക്കൂ. എന്റെ തെറ്റുകുറവുകള്‍ ഞാന്‍ തിരിച്ചറിയുന്നു. നിങ്ങളുടെ നേതാവാകാനുള്ള യോഗ്യത എനിക്കില്ല. നിങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ എനിക്ക് ഒരവസരം കൂടിനല്‍കണം.' രശ്മി സാമന്തിന്റ വികാരനിര്‍ഭരമായ വാക്കുകളാണിത്. ഓക്‌സ്‌ഫോഡ് സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രനേട്ടം കുറിച്ചയാളാണ് രശ്മി. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ഖ്യാതി സ്വന്തമായിരുന്നു മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പൂര്‍വ വിദ്യാര്‍ഥിയായ രശ്മിക്ക്. എന്നാല്‍, ചുമതലയേറ്റ് ഒരാഴ്ച തികയും മുന്‍പ് തന്നെ പ്രസിഡന്റ്സ്ഥാനം രാജിവച്ചിരിക്കുകയാണ് രശ്മി. സാമൂഹ്യ മാധ്യമങ്ങളില്‍ വംശീയവിദ്വേഷം ജനിപ്പിക്കുന്ന വിധത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് രാജി. പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് എത്രയോ മുന്‍പാണ് രശ്മി വിവാദപരമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത്. എന്നാല്‍, ഇപ്പോള്‍ ഈ അഭിപ്രായങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന്് രാജിവയ്ക്കാന്‍ നിര്‍ബന്ധിതയായിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്കായി സുദീര്‍ഘവും വികാരനിര്‍ഭരവുമായ ഒരു കത്തെഴുതിയാണ് രശ്മി തന്റെ രാജി പ്രഖ്യാപിച്ചത്.
'ഓക്‌സ്‌ഫോഡിലെ മുഴുവന്‍ വിദ്യാര്‍ഥി സമൂഹത്തോടും ഞാന്‍ ആദ്യം തന്നെ ക്ഷമാപണം നടത്തട്ടെ. സമീപകാലത്തെ ചില സംഭവങ്ങള്‍ കാരണം എന്റെ ക്ഷമാപണത്തെ നിങ്ങള്‍ പൂര്‍ണമായി മുഖവില്‌ക്കെടുത്തേക്കില്ല. എന്നിലും എന്റെ പ്രകടനപത്രികയിലും നിങ്ങള്‍ അര്‍പ്പിച്ച വിശ്വാസം നഷ്ടപ്പെട്ടത്തില്‍ അതീവ ഖിന്നയാണ് ഞാന്‍. ഇന്ന് നിങ്ങളുടെ നേതാവാകാന്‍ യോഗ്യതയില്ലാത്ത ആളായി ഞാന്‍ മാറിക്കഴിഞ്ഞു ഞാന്‍. അത്രമാത്രം ഞാന്‍ നിങ്ങളെ എന്നില്‍ നിന്ന് അകറ്റിക്കഴിഞ്ഞു. എന്റെ വാക്കും പ്രവൃത്തിയും വേദനിപ്പിച്ചതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ എനിക്ക് ഒരവസരം കൂടി നല്‍കണം.
തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എന്ന നിലയിലുള്ള എന്റെ കുറ്റങ്ങളും കുറവുകളും ഞാന്‍ തിരിച്ചറിയുന്നു. അതിന് ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. ഭാവിയില്‍ ഞാന്‍ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുന്നതായിരിക്കും. ഇതിന് എനിക്ക് നിങ്ങളുടെ വിശ്വാസം ആവശ്യമാണ്. എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ഒരുപാട് ധാരണകള്‍ തിരുത്താനുമുണ്ട്. അന്ന് ഈ വിദ്യാര്‍ഥി സമൂഹം ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു പ്രസിഡന്റാവും ഞാന്‍.
എന്റെ തെറ്റുകള്‍ക്ക് ക്ഷമ ചോദിച്ചാണ് ഞാന്‍ നിങ്ങളുടെ മുന്നിലെത്തുന്നത്. ഈ തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊളളാന്‍ എനിക്ക് അവസരം നല്‍കണം. വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നാട്ടില്‍ പോയതിനാലാണ് പ്രതികരിക്കാന്‍ വൈകിയത്. തെറ്റുകള്‍ തിരുത്താനും പരിധികള്‍ക്കപ്പുറത്തേയ്ക്ക് വളരാനും കഴിയുക എന്നതാണ് ഒരു വ്യക്തിക്ക് നേടിയെടുക്കാനാവുന്ന സമ്മാനം. ഈ വിദ്യാര്‍ഥി സമൂഹത്തില്‍ എനിക്ക് ഇപ്പോഴും വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും എന്നു തന്നെയാണ് എന്റെ വിശ്വാസം'-യൂണിയന്‍ പ്രസിദ്ധീകരണമായ ദി ഓക്‌സ്‌ഫോഡ് സ്റ്റുഡന്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ രശ്മി കുറിച്ചു.
പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകളും നടത്തിയ ചില അഭിപ്രായപ്രകടനങ്ങളുമാണ് ഇപ്പോള്‍ രശ്മിയെ തിരിഞ്ഞുകുത്തിയിരിക്കുന്നത്. ബെര്‍ലിന്‍ ഹോളോകോസ്റ്റ് സ്മാരകം സന്ദര്‍ശിച്ചശേഷം ഇട്ട ഒരു പോസ്റ്റും മലേഷ്യന്‍ സന്ദര്‍ശനത്തിനിടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പും ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് സിസില്‍ റോഡ്‌സിന്റെ പ്രതിമയെ ഹിറ്റ്‌ലറുമായി താരതമ്യം ചെയ്തതുമെല്ലാമാണ് വിനയായത്. ഈ അഭിപ്രായപ്രകടനങ്ങള്‍ക്കെതിരെ റേഷ്യല്‍ അവേര്‍നസ് ആന്‍ഡ് ഇക്വാലിറ്റി എന്ന സംഘടന ശക്തമായി രംഗത്തുവന്നു. ഇതിനെ തുടര്‍ന്ന് മറ്റ് പലരും ഈ പോസ്റ്റുകളെയും അഭിപ്രായപ്രകടനങ്ങളെയും അപലപിച്ച് രംഗത്തുവന്നു. ഇതിനെ തുടര്‍ന്നാണ് രശ്മിക്ക് പ്രസിഡന്റ്‌സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നത്.
ലിസാനക്കര്‍ കോളേജിലെ എം.എസ്.സി വിദ്യാര്‍ഥിയായ രശ്മി ആകെ പോള്‍ ചെയ്ത 3708 വോട്ടി 1966 വോട്ടും നേടിയാണ് പ്രസിഡന്റായി വിജയിച്ചത്.
Content Highlights: Rashmi Samant First Indian Woman Oxford Student Union President Resigns
Published: 18 Feb 2021, 04:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented