
ലണ്ടൻ: ഓക്‌സ്ഫഡ് യൂണിയനിൽ നടന്ന സംവാദത്തിൽ പാകിസ്താന്റെ വാദങ്ങളെ വസ്തുതകൾ നിരത്തി തകർത്ത് ഇന്ത്യൻ വിദ്യാർത്ഥി വീരാംശ് ഭാനുശാലി. 'ഇന്ത്യയുടെ പാകിസ്താൻ നയങ്ങൾ സുരക്ഷാനയങ്ങളായി പ്രചരിപ്പിക്കുന്ന ഒരു ജനപ്രിയ തന്ത്രമാണ്' എന്നതായിരുന്നു സംവാദത്തിനായി നിശ്ചയിച്ചിരുന്ന വിഷയം. എന്നാൽ, പാകിസ്താൻ ഉന്നയിച്ച ഈ ആരോപണങ്ങളെ തെളിവുകൾ സഹിതം നേരിട്ട വീരാംശ്, ഇന്ത്യയുടെ സുരക്ഷാനയങ്ങൾ നിലനിൽപ്പിനായുള്ള പോരാട്ടമാണെന്ന് സമർത്ഥിച്ചു. ലജ്ജയില്ലാത്ത ഒരു രാഷ്ട്രത്തെ ലജ്ജിപ്പിക്കാൻ കഴിയില്ലെന്ന് ഞങ്ങൾ പാഠം പഠിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താൻ ഫെഡറൽ മന്ത്രിയുടെ മകൻ കൂടിയായ ഓക്‌സ്ഫഡ് യൂണിയൻ പ്രസിഡന്റ് മൂസ ഹരാജ് മുമ്പ് ഇതേ വിഷയത്തിൽ നടത്താനിരുന്ന സംവാദം അട്ടിമറിക്കാൻ ശ്രമിച്ചിരുന്നു. ഇന്ത്യയിൽനിന്നുള്ള പ്രമുഖ വക്താക്കളായ അഡ്വ. ജെ. സായ് ദീപക്, പ്രിയങ്ക ചതുർവേദി എം.പി. എന്നിവർക്ക് ക്ഷണക്കത്തുകൾ മനഃപൂർവം വൈകി നൽകുകയും ഇന്ത്യ സംവാദത്തിൽനിന്ന് പിന്മാറിയെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയും ചെയ്തു. വീണ്ടും ഇതേ വിഷയത്തിൽ വിദ്യാർഥികൾക്കായി നടത്തിയ സംവാദത്തിൽ മുംബൈ സ്വദേശിയായ വീരാംശ് ഭാനുശാലി ഇന്ത്യൻ പക്ഷത്തെ ശക്തമായി നയിച്ചു.
നവംബറിൽ നടന്ന സംവാദത്തിന്റെ ദൃശ്യങ്ങൾ ഡിസംബർ 18-ന് ഓക്‌സ്ഫഡ് യൂണിയൻ പുറത്തിറക്കി. ഈ സംവാദം ജയിക്കാൻ എനിക്ക് വാഗ്സാമർത്ഥ്യം ആവശ്യമില്ല, ഒരു കലണ്ടർ മാത്രം മതിയെന്ന് വീരാംശ് പറഞ്ഞു. 1993-ലെ മുംബൈ സ്ഫോടനങ്ങൾ നടന്നത് തിരഞ്ഞെടുപ്പിന് മൂന്ന് വർഷം മുൻപായിരുന്നുവെന്നും അത് വോട്ട് ലക്ഷ്യം വെച്ചുള്ളതല്ല, മറിച്ച് ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ല് തകർക്കാൻ പാക് ചാരസംഘടനയായ ഐഎസ്ഐ നടത്തിയ യുദ്ധമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"ഞാനൊരു സ്കൂൾ കുട്ടിയായിരുന്നു, എന്റെ നഗരം കത്തിയെരിയുന്നത് ടിവിയിൽ നോക്കിയിരുന്നു. അമ്മയുടെ ഭയം, അച്ഛന്റെ പിരിമുറുക്കം ഞാൻ ഓർക്കുന്നു. മൂന്ന് രാത്രി മുംബൈ ഉറങ്ങിയില്ല, ഞാനും.." വിഷാദമൂകമാക്കാൻ വേണ്ടിയല്ല, ചർച്ചയെ യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കാനാണ് തന്റെ അനുഭവം പങ്കുവെക്കുന്നതെന്ന് വീരാംശ് പറഞ്ഞു. 1993-ലെ സീരിയൽ സ്ഫോടനങ്ങളിൽ 250-ൽ അധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. ഈ ദുരന്തങ്ങളുടെ നിഴലിലാണ് താൻ വളർന്നത്. അതിനാൽ ഇന്ത്യയുടെ പാകിസ്താനോടുള്ള കർക്കശമായ നിലപാട് വെറും ജനപ്രിയതയാണെന്ന് ആരെങ്കിലും അവകാശപ്പെടുമ്പോൾ എന്തുകൊണ്ട് അത് തന്നെ ചൊടിപ്പിക്കുന്നു എന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞേക്കും.
'1993 മാർച്ചിൽ ആർഡിഎക്സ് സ്ഫോടകവസ്തുക്കൾ ചിതറിത്തെറിപ്പിച്ചു. 257 പേർ മരിച്ചു. അന്ന് ഒരു തിരഞ്ഞെടുപ്പ് നടന്നിരുന്നോ? ഇല്ല. മൂന്ന് വർഷം കഴിഞ്ഞായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ദാവൂദിനും ഐഎസ്ഐക്കും ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ല് തകർക്കണമായിരുന്നു. അത് ജനപ്രിയമായിരുന്നില്ല. അതൊരു യുദ്ധത്തിന്റെ ഭാഗമായിരുന്നു. ജനങ്ങളുടെ രോഷം അനിയന്ത്രിതമായിരുന്നു. ഒരു ജനപ്രിയ സർക്കാർ എന്ത് ചെയ്യുമായിരുന്നു? ഒരു ജനപ്രിയ നേതാവ് അടുത്ത തിരഞ്ഞെടുപ്പ് ജയിക്കാൻ വിമാനങ്ങൾ പറത്തിവിടുമായിരുന്നു. എന്നാൽ അന്നത്തെ യുപിഎ സർക്കാർ തന്ത്രപരമായ നിയന്ത്രണം തിരഞ്ഞെടുത്തു. ജനപ്രിയമല്ലാത്ത സമീപനം സമാധാനം വാങ്ങിത്തന്നോ? ഇല്ല. അത് പഠാൻകോട്ട്, ഉറി, പുൽവാമ ആക്രമണങ്ങൾക്ക് വഴി തുറന്നു.' വീരാംശ് ഓർമ്മപ്പെടുത്തി.
തിരഞ്ഞെടുപ്പ് തന്ത്രമായിരുന്നു മെയിൽ നടന്ന ഓപ്പറേഷൻ സിന്ദൂർ എന്ന ആരോപണങ്ങളെയും വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ വിദ്യാർഥി ഭേദിച്ചു. ഇന്ത്യയുടെ പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ് സർക്കാർ സുരക്ഷിതമായിരുന്ന സമയത്താണ് ആക്രമണം ഉണ്ടാകുന്നതെന്നും പാക് പക്ഷത്തിന് ടൈംലൈൻ പരിശോധിക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു. 'ലഷ്കറെ തൊയ്ബയുടെ ചീപ്പ് റീബ്രാൻഡ് ആയ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഭീകരർ പഹൽഗാമിൽ വിനോദസഞ്ചാരികളെ ആക്രമിച്ചു. 26 പേരെ വലിച്ചിഴച്ച് അവരുടെ വിശ്വാസത്തിന്റെ പേരിൽ കൊലപ്പെടുത്തി. ഞങ്ങൾ കുറ്റവാളികളെ ശിക്ഷിച്ചു. വിവാഹിതയായ ഹിന്ദു സ്ത്രീയുടെ സിന്ദൂരത്തിന്റെ അടയാളം ആ കൂട്ടക്കൊലയുടെ വിധവകൾക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടു. ഞങ്ങൾ അധിനിവേശം നടത്തിയില്ല, കൈവശപ്പെടുത്തിയില്ല. അതൊരു പ്രൊഫഷണലിസമായിരുന്നു'. വീരാംശ് സമർത്ഥിച്ചു.
സ്വന്തം ജനതയ്ക്ക് അപ്പം നൽകാൻ കഴിയാത്ത പാകിസ്താൻ ഭരണകൂടം ജനങ്ങളെ വിഡ്ഢികളാക്കാൻ സർക്കസ് കാണിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും വ്യാപാരവും ക്രിക്കറ്റും സമാധാനവും ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കിയ വീരാംശ്, ഭീകരതയെ പാകിസ്താൻ വിദേശനയത്തിന്റെ ഉപകരണമായി ഉപയോഗിക്കുന്നത് നിർത്തുന്നതുവരെ ഇന്ത്യ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്നും വ്യക്തമാക്കി.
ഭാവിയിൽ ഇന്ത്യയിലെയും പാകിസ്താനിലെയും യുവാക്കൾ യുദ്ധത്തെക്കുറിച്ചല്ല, മറിച്ച് ആരുടെ ബിരിയാണിയാണ് മികച്ചത് എന്നതിനെക്കുറിച്ച് സംവദിക്കുന്ന കാലം വരുമെന്ന് താൻ പ്രത്യാശിക്കുന്നതായി വീരാംശ് പറഞ്ഞു. എന്നാൽ, ആ ദിനം വരണമെങ്കിൽ സുരക്ഷാനയങ്ങൾ യാഥാർത്ഥ്യത്തിൽ ഊന്നിയതാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
Content Highlights: Indian student Viraansh Bhanushali demolishes Pakistan`s narrative on terror at Oxford Union, referencing 26/11 & Pakistan`s state-sponsored terrorism. Watch clips!
Published: 24 Dec 2025, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented