തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാലയും ലണ്ടനിലെ ഓക്സ്‌ഫഡ് സർവകലാശാലയും തമ്മിലുള്ള ധാരണയിലൂടെ 15 പേർക്ക് ലണ്ടനിൽ ഗവേഷണത്തിന് വഴിയൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഓക്സ്‌ഫഡിൽ കേരള ചെയറുമൊരുങ്ങും. ഇരു സർവകലാശാലകളുടെയും സ്കോളർഷിപ്പോടെയാകും വിദ്യാർഥികൾക്ക് പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് എന്നിവ പൂർത്തിയാക്കാനാവുക. ഓക്സ്‌ഫഡ് മാനദണ്ഡങ്ങൾ അനുസരിച്ചാകും ഗവേഷണത്തിനുള്ള പ്രവേശനം.

To advertise here,

ഇരു സർവകലാശാലയുടെയും ഒരുമിച്ചുള്ള പ്രവേശനങ്ങൾക്കും സ്കോളർഷിപ്പിനുമായി കേരളസർക്കാർ ആദ്യഘട്ടമെന്ന നിലയിൽ രണ്ടുകോടി രൂപ അനുവദിച്ചു. കേരളം അനുവദിക്കുന്ന സ്കോളർഷിപ്പ് തുകയുടെ അത്ര തന്നെ ഓക്സ്‌ഫഡും അനുവദിക്കും. കേരളവുമായി ബന്ധപ്പെട്ടുള്ള ഗവേഷണത്തിനാകും അവസരം. നാനോടെക്‌നോളജി, എഐ, സസ്റ്റൈനബിലിറ്റി, ഡിജിറ്റൽ ഹെൽത്ത് തുടങ്ങിയ വിഷയങ്ങളിലാകും ഗവേഷണം നടത്താനാവുക. എത്ര തുകയാകും സ്കോളർഷിപ്പായി ലഭിക്കുകയെന്നത് പിന്നീട് തീരുമാനിക്കും.

അഞ്ചുവർഷത്തേക്ക് 30 കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. കേരള ചെയറിന് ഒാക്സ്‌ഫഡിലെ അധ്യാപകർ തന്നെ നേതൃത്വം വഹിക്കും. ക്രമേണ വിദ്യാർഥികളുടെ പരസ്പര കൈമാറ്റ സംവിധാനവും ഈ ധാരണയുടെ ഭാഗമായുണ്ടാകും. കേരളത്തിൽനിന്നുള്ള വിദ്യാർഥികൾക്ക് ഒാക്സ്‌ഫഡിൽ അവസരം ലഭിക്കുംപോലെ ഡിജിറ്റൽ സർവകലാശാലയിലേക്കും ഇംഗ്ലണ്ടിൽ നിന്നുള്ള ഗവേഷണ വിദ്യാർഥികൾക്ക് പിന്നീട് അവസരം നൽകും.

സ്കോളർഷിപ്പുമായി ഒാക്സ്‌ഫഡിൽ ഗവേഷണം നടത്താൻ അവസരം ലഭിക്കുന്ന വിദ്യാർഥികൾ അത് പൂർത്തിയാക്കി സേവനം കേരളത്തിനുതന്നെ നൽകേണ്ടതുണ്ടെന്നും ഡിജിറ്റൽ സർവകലാശാലാ അധികൃതർ പറഞ്ഞു.