സമൂഹത്തെയല്ല കുറ്റം പറയാനാഗ്രഹിക്കുന്നത് തന്റെ രീതികളെക്കുറിച്ച് തുറന്നുസംസാരിക്കാനാണ് ശ്രമിക്കുന്നത് എന്നും രഞ്ജിനി പറഞ്ഞുവയ്ക്കുന്നു.

വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ തുറന്നുപറഞ്ഞ് രഞ്ജിനി ഹരിദാസ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിവാഹവുമായി ബന്ധപ്പെട്ട് താൻ നേരിട്ട ചോദ്യങ്ങളെ കുറിച്ചും അതേക്കുറിച്ചുള്ള കാഴ്ചപ്പാടുകളെക്കുറിച്ചും രഞ്ജിനി സംസാരിക്കുന്നത്. ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ കേട്ട ചോദ്യം രഞ്ജിനി എന്താണ് കല്യാണം കഴിക്കാത്തത്? എന്നതാണെന്ന് അവർ പറയുന്നു.' എനിക്കിപ്പോൾ 44 വയസ്സായി. ഇരുപതുകൾ മുതൽ ഞാൻ സ്ഥിരമായി കേൾക്കുന്ന ചോദ്യമാണ് എന്താണ് വിവാഹം കഴിക്കാത്തത് എന്ന്. ലളിതമായി പറയുകയാണെങ്കിൽ എനിക്ക് വിവാഹം കഴിക്കാൻ താല്പര്യമില്ല എന്നാണ് ഇതിനുള്ള ഉത്തരം. ഇരുപതുകൾ എന്നെ സംബന്ധിച്ചിടത്തോളം ഞാനെന്നെ മനസ്സിലാക്കാനെടുത്ത സമയമായിരുന്നു. എന്റെ വ്യക്തിത്വത്തിലെ ഇഷ്ടവും ഇഷ്ടക്കേടുകളും മനസ്സിലാക്കുകയായിരുന്നു. അതിനാൽ അന്ന് വിവാഹം കഴിക്കുക എന്നൊരു റിസ്‌ക് ഞാനെടുത്തില്ല.' രഞ്ജിനി പറയുന്നു.
അതുപോലെ വിവാഹ ജീവിതം കണ്ടല്ല താൻ വളർന്നതെന്നും അതും ഒരു കാരണമായിട്ടുണ്ടാകാമെന്നും അവർ പറയുന്നുണ്ട്.' വിവാഹത്തെ കുറിച്ച് ചിന്തിക്കാത്തതിന് ഒരു കാരണം ഞാനത് കണ്ട് വളർന്നിട്ടില്ല. ഞാൻ പറയുന്നത് എത്ര പേർക്ക് മനസ്സിലാകും എന്നറിയില്ല. ഞാൻ വളർന്ന സാഹചര്യത്തിൽ അമ്മയെക്കണ്ടാണ് ഞാൻ വളരുന്നത്. ഹസ്ബൻഡ് വൈഫ് ഇക്വേഷൻ മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. കണ്ടുവളർന്നത് ഒരു സിംഗിൾ ലേഡിയെയാണ്. എന്റെ അമ്മ എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നു. ഒറ്റയ്ക്ക് ചെയ്യുന്ന സ്ത്രീയിലാണ് ഞാൻ പ്രചോദിതയാകുന്നത്.'
ഇരുപതുകളിലുണ്ടായ ഡേറ്റിങ്ങിൽ തന്റെ തന്നെ വ്യക്തിത്വം തിരിച്ചറിയുകയായിരുന്നു താനെന്നും അവർ പറയുന്നു. 'എല്ലാം സഹിച്ച്, ത്യജിച്ച് ജീവിക്കാൻ തോന്നിയിട്ടില്ല. ബന്ധങ്ങളിൽ പരസ്പര ബഹുമാനവും സ്‌നേഹവും വേണം. അതിന് ഒരു ബാലൻസ് ഉണ്ടായിരിക്കണം. അതല്ലെങ്കിൽ അതുവേണ്ട. എന്റെ ആത്മാഭിമാനത്തെയും സമാധാനത്തെയും ബാധിക്കുന്ന ഒന്നും ജീവിതത്തിൽ വേണ്ടെന്ന് ഞാൻ തീരുമാനിച്ചിരുന്നു. അത്തരമൊരു തീരുമാനത്തിലെത്താനുള്ള ആത്മവിശ്വാസം വളരെ ചെറുപ്പം മുതൽ ഉണ്ടായിരുന്നു.' രഞ്ജിനി പറയുന്നു.
അതുപോലെ വിവാഹം കഴിക്കണമെന്ന് നിർബന്ധിക്കുന്ന അമ്മയോ വീട്ടുകാരോ തനിക്ക് ഉണ്ടായിരുന്നില്ലെന്നും അക്കാര്യത്തിൽ താൻ അനുഗ്രഹീതയാണെന്നും അവർ പറയുന്നുണ്ട്. വിവാഹം കഴിച്ച് ജീവിക്കണം എന്ന് സമൂഹമാണ് ഒരു വ്യക്തിയിൽ സമ്മർദം ചെലുത്തുന്നത്. ബാലൻസിന് വേണ്ടി സമൂഹം ഉണ്ടാക്കിയ ഒന്നാണ് വിവാഹം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പുരുഷൻ ജോലി ചെയ്ത് വീടുനോക്കുന്നു. സ്ത്രീ കുട്ടികളെയും വീടും നോക്കിനടത്തുന്നു. അങ്ങനെ എല്ലാവർക്കും ഒരു റോൾ ചെയ്യാനുണ്ടായിരുന്നു. കാലം മാറിയെന്നും ആ നിർവചനങ്ങൾ തിരുത്തപ്പെടേണ്ട സമയമായെന്നും രഞ്ജിനി പറയുന്നുണ്ട്. സ്ത്രീകളുടെ മേലാണ് എല്ലായ്‌പ്പോഴും അമിത പ്രതീക്ഷയുടെ ഭാരം അടിച്ചേൽപ്പിക്കുന്നതെന്നും അവർ അഭിപ്രായപ്പെടുന്നുണ്ട്.
വിവാഹം കഴിക്കണോ എന്ന് ചിന്തിച്ച സമയങ്ങൾ തന്റെ ജീവിതത്തിലും ഉണ്ടായിരുന്നുവെന്നും എന്നാൽ തനിച്ചുള്ള ജീവിതം നൽകുന്ന സ്വാതന്ത്ര്യത്തിലാണ് താൻ കൂടുതൽ സന്തുഷ്ടയെന്ന് തിരിച്ചറിഞ്ഞുവെന്നും രഞ്ജിനി പറയുന്നു. 'എനിക്കുള്ള സ്വാതന്ത്ര്യത്തിൽ ഞാൻ അതീവ സന്തുഷ്ടയാണ്. എനിക്കിഷ്ടമുള്ളത് തീരുമാനിക്കാൻ എനിക്ക് കഴിയും. എന്റെ സാമ്പത്തിക സ്വാതന്ത്ര്യം എനിക്കിഷ്ടമാണ്. എനിക്കിഷ്ടമുള്ള പോലെ ഈ റൂം അലങ്കരിക്കാം. മറ്റൊരാൾ ഉണ്ടെങ്കിൽ അയാളുമായി ഒത്തുചേർന്നുപോകണമെങ്കിൽ ചിലപ്പോഴെങ്കിലും വിട്ടുവീഴ്ച ചെയ്യേണ്ടി വരും. വിവാഹത്തെ സ്വാതന്ത്ര്യവുമായി താരതമ്യം ചെയ്യുമ്പോൾ അതിന്റെ മൂല്യം എനിക്ക് മനസ്സിലാകുന്നില്ല.' രഞ്ജിനി പറയുന്നു.
അതുപോലെ പലപ്പോഴും തനിച്ചാണോ എന്ന ചോദ്യം നേരിടാറുണ്ടെന്നും രഞ്ജിനി പറയുന്നുണ്ട്. വിവാഹം കഴിച്ചവരോടും ഈ ചോദ്യം താൻ തിരിച്ചുചോദിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ഒരു വീട്ടിൽ തനിച്ച് ജീവിക്കുമ്പോൾ ലഭിക്കുന്ന സ്വാതന്ത്ര്യം വളരെ വലുതാണെന്നും അത് അനുഭവിക്കാത്തവർക്ക് മനസ്സിലാകില്ലെന്നും രഞ്ജിനി പറയുന്നുണ്ട്. അതുപോലെ വിവാഹിതരുടെ ജീവിതം തനിക്കും മനസ്സിലാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. താൻ ഇങ്ങനെയെല്ലാം പറയുന്നതിന് അർഥം വിവാഹം മോശമാണെന്നല്ല. തനിക്ക് അത് ശരിയാകില്ല എന്നുമാത്രമാണ്. 28-30 വയസ്സുള്ള സമയത്ത് അമ്മയാകാൻ ആഗ്രഹം തോന്നിയതിനെ കുറിച്ചും രഞ്ജിനി സംസാരിക്കുന്നുണ്ട്. അന്ന് കുഞ്ഞിനെ ദത്തെടുത്താലോ എന്ന് കരുതിയിരുന്നുവെന്ന് അവർ പറയുന്നു.
അതുപോലെ തന്നേക്കാൾ അല്പമെങ്കിലും മികച്ച ഒരാളെ മാത്രമേ തനിക്ക് ഇഷ്ടപ്പെടൂവെന്നും രഞ്ജിനി പറയുന്നു. സ്ത്രീകൾ ചെയ്യേണ്ടതാണെന്ന് പറയപ്പെടുന്ന വീട്ടുജോലികൾ ചെയ്യാൻ തനിക്ക് താല്പര്യമില്ലെന്നും അവർ വ്യക്തമാക്കി. ജോലിക്ക് പോയി പണം സമ്പാദിക്കുന്നതാണ് തനിക്കിഷ്ടം. അതല്ലാതെ പരമ്പരാഗത ചിന്താരീതികളുമായി ചേർന്നുപോകാനാകില്ല. സമൂഹത്തെയല്ല കുറ്റം പറയാനാഗ്രഹിക്കുന്നത് തന്റെ രീതികളെക്കുറിച്ച് തുറന്നുസംസാരിക്കാനാണ് ശ്രമിക്കുന്നത് എന്നും രഞ്ജിനി പറഞ്ഞുവയ്ക്കുന്നു. അതുകൊണ്ട് ഇനിയും ആരും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമായി വരരുത് എന്നും അവർ പറയുന്നുണ്ട്.
Content Highlights: Ranjini Haridas is 44 years old and states she has no interest in getting married., She draws inspiration from her single mother who did everything alone., Values financial freedom and personal peace over traditional compromise., Bسlieves marriage is a societal construct that needs definition revision., Prefers the immense freedom of living alone over adjusting in a relationship.
Published: 18 Aug 2026, 12:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented