രണ്ടാമതൊരു കുഞ്ഞിനെ ആഗ്രഹിച്ചിരുന്ന തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് കഴിഞ്ഞ വർഷം മെൽബണിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ റാണി മുഖർജി മനസ് തുറന്നിരുന്നു. അഞ്ച് മാസം ഗർഭിണിയായിരിക്കെ അബോർഷൻ സംഭവിച്ചെന്നും ആ വേദന തനിക്ക് താങ്ങാനായില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. 2020-ലായിരുന്നു ഈ സംഭവങ്ങളെല്ലാം നടന്നത്.
ഇപ്പോഴിതാ ഗലാട്ട മീഡിയക്ക് നൽകിയ അഭിമുഖത്തിൽ റാണി മുഖർജി വീണ്ടും അതിനെ കുറിച്ച് സംസാരിക്കുകയാണ്. മകൾക്ക് ഒരു കൂടപ്പിറപ്പിനെ നൽകാൻ തനിക്കാവില്ലെന്ന യാഥാർഥ്യം ഏറെ വേദനിപ്പിക്കുന്ന കാര്യമാണെന്ന് റാണി അഭിമുഖത്തിൽ പറയുന്നു. ഇപ്പോൾ 46 വയസായെന്നും ഒരു കുഞ്ഞിനെ പ്രവസിക്കാൻ പറ്റിയ പ്രായമല്ല ഇതെന്നും അഭിമുഖത്തിൽ താരം വ്യക്തമാക്കുന്നു.
'മകൾ അദിര ജനിച്ച് ഒരു വർഷത്തിന്‌ശേഷം തന്നെ രണ്ടാമത്തെ കുഞ്ഞിനായി ശ്രമം നടത്തിയിരുന്നു. അവൾക്ക് ഒന്നര വയസുള്ളപ്പോൾതന്നെ അതിനായി ശ്രമം തുടങ്ങി. ഏഴു വർഷത്തോളമുള്ള പരിശ്രമത്തിനൊടുവിൽ ഗർഭിണിയായെങ്കിലും അഞ്ചാം മാസത്തിൽ അലസിപ്പോയി. അത് എന്നെ സംബന്ധിച്ച് ഒരു പരീക്ഷണ സമയമായിരുന്നു. ഞാൻ ഇപ്പോൾ ചെറുപ്പമല്ല. 46 വയസായി. ഒരു കുഞ്ഞിനെ പ്രവസിക്കാൻ പറ്റിയ സമയമല്ല ഇത്. എന്റെ മകൾക്ക് ഒരു സഹോദരനെയോ സഹോദരിയെയോ നൽകാൻ കഴിയാത്തത് വലിയ സങ്കടമാണ്. അതെന്നെ ശരിക്കും വേദനിപ്പിക്കുന്നു.'-റാണി മുഖർജി അഭിമുഖത്തിൽ പറയുന്നു.
'അദിരയെ കിട്ടിയതിൽ ഞാൻ വളരെ സന്തോഷവതിയാണ്. അദിര എന്റെ അദ്ഭുതക്കുഞ്ഞാണ്. എനിക്കായി അവളുണ്ട് എന്നതിൽ ഒരുപാട് സന്തോഷമുണ്ട്. അവൾ മാത്രം മതി എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുകയാണ്.'-റാണി മുഖർജി കൂട്ടിച്ചേർത്തു.
നിർമാതാവായ ആദിത്യ ചോപ്രയാണ് റാണിയുടെ ഭർത്താവ്. ഇരുവരും 2014-ലാണ് വിവാഹിതരായത്. ഒരു വർഷത്തിന് ശേഷം ഇരുവർക്കും അദിര എന്ന മകൾ പിറന്നു. രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ട് പത്ത് ദിവസങ്ങൾക്കുള്ളിലാണ് മിസിസ് ചാറ്റർജി vs നോർവേ-യുടെ നിർമാതാക്കളിൽ ഒരാളായ നിഖിൽ അദ്വാനി, റാണി മുഖർജിയെ സമീപിക്കുന്നത്. തന്റെ അവസ്ഥ തന്നെയായിരുന്നു ആ കഥയിൽ പറഞ്ഞിരുന്നതെന്നും കുഞ്ഞിനെ നഷ്ടപ്പെടുന്ന അമ്മമാരുടെ ദു:ഖം തനിക്ക് പെട്ടെന്ന് മനസിലാക്കാൻ കഴിഞ്ഞുവെന്നും റാണി നേരത്തെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Content Highlights: rani mukerji on her pregnancy and miscarriage
Published: 23 Mar 2024, 11:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented