2023 ജൂണിലാണ് തെലുങ്ക് സൂപ്പര്‍താരം രാംചരണിനും അപ്പോളോ ആശുപത്രി വൈസ് ചെയര്‍പേഴ്‌സണ്‍ ഉപാസന കാമിനേനിക്കും പെണ്‍കുഞ്ഞ് പിറന്നത്. ക്ലിന്‍ കാര എന്ന് പേര് നല്‍കിയിരിക്കുന്ന മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന് മനോഹരമായ വീഡിയോയും രാം ചരണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇതിലൊന്നും മകളുടെ മുഖം വെളിപ്പെടുത്തിയിരുന്നില്ല.

To advertise here,

അടുത്തിടെ ഒരു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നന്ദമൂരി ബാലകൃഷ്ണയുടെ ഷോയില്‍ രാം ചരണ്‍ അതിഥിയായെത്തിയിരുന്നു. മകളുടെ മുഖം എപ്പോഴാണ് ആരാധകരെ കാണിക്കുന്നതെന്ന് ബാലകൃഷ്ണ രാംചരണിനോട് ചോദിച്ചു. അവള്‍ തന്നെ 'അച്ഛാ' (നന്നാ) എന്ന് വിളിച്ചുതുടങ്ങിയാല്‍ എല്ലാവര്‍ക്കും മകളെ പരിചയപ്പെടുത്തും എന്നായിരുന്നു രാംചരണിന്റെ മറുപടി.

അച്ഛനായതിനുശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചും രാംചരണ്‍ ഷോയില്‍ തുറന്നുപറഞ്ഞു. ഇപ്പോള്‍ ജീവിതം കൂടുതല്‍ ആസ്വദിക്കുന്നുവെന്നും തന്റെ അച്ഛനും നടനുമായ ചിരഞ്ജീവിയുടെ ജീവിതത്തിലും മകള്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്നും അഭിമുഖത്തില്‍ രാംചരണ്‍ കൂട്ടിച്ചേര്‍ത്തു.

പതിനൊന്നാം വിവാഹ വാര്‍ഷികത്തിലാണ് രാംചരണും ഉപാസനയും മകളെ ജീവിതത്തിലേക്ക് വരവേറ്റത്. 2023 ജൂണ്‍ 20-ന് അപ്പോളോ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. അപ്പോളോ ആശുപത്രി ശൃംഖലയുടെ ചെയര്‍മാന്‍ പ്രതാപ് റെഡ്ഡിയുടെ കൊച്ചുമകളാണ് ഉപാസന. 2012 ജൂണ്‍ 14-നായിരുന്നു ഉപാസനയുടേയും രാംചരണിന്റേയും വിവാഹം.