മകൾ മാൽതി മേരിയുടെ ജനനത്തെത്തുടർന്ന് നേരിടേണ്ടി വന്ന വൈകാരികവും പ്രയാസകരവുമായ നിമിഷങ്ങളേക്കുറിച്ച് മനസ്സ് തുറന്ന് നടി പ്രിയങ്ക ചോപ്ര. മകൾ എൻഐസിയുവിൽ കഴിഞ്ഞിരുന്ന സമയത്ത് മാധ്യമങ്ങളിൽ നിന്നുള്ള സമ്മർദ്ദം മൂലം അവളുടെ ജനനവിവരം ലോകത്തെ അറിയിക്കാൻ തങ്ങൾ നിർബന്ധിതരാകുകയായിരുന്നുവെന്ന് പ്രിയങ്ക വെളിപ്പെടുത്തി. ജയ് ഷെട്ടിയുടെ പോഡ്‌കാസ്റ്റിലായിരുന്നു താരം തന്റെ അനുഭവം പങ്കുവെച്ചത്.

To advertise here,

2022-ൽ മാസം തികയാതെയായിരുന്നു മാൽതിയുടെ ജനനം. കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുമ്പോൾ തങ്ങൾക്ക് കാര്യങ്ങൾ രഹസ്യമായി വെക്കാനായിരുന്നു ആഗ്രഹം. എന്നാൽ, കുഞ്ഞ് ജനിച്ച് മണിക്കൂറുകൾക്കകം വിവരം മാധ്യമങ്ങൾക്ക് ചോർന്നുവെന്നും മൂന്ന് മണിക്കൂറിനുള്ളിൽ വാർത്ത പ്രസിദ്ധീകരിക്കുമെന്ന സന്ദേശം ലഭിച്ചതോടെയാണ് വിവരം പരസ്യമാക്കാൻ തങ്ങൾ തീരുമാനിച്ചതെന്നും പ്രിയങ്ക പറഞ്ഞു. തന്റെ മകളുടെ ആരോഗ്യകാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്ന സമയത്ത് വാർത്ത പുറത്തുവിടാൻ തങ്ങൾ തയ്യാറായിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് മാസക്കാലം തങ്ങൾ എല്ലാം മാറ്റിവെച്ച് മകൾക്കൊപ്പമായിരുന്നുവെന്ന് പ്രിയങ്ക ഓർത്തെടുത്തു. ‘കുഞ്ഞിന്റെ തൊട്ടിലിനടുത്ത് താൻ ഐപോഡിലൂടെ മഹാമൃത്യുഞ്ജയ മന്ത്രവും ഗായത്രി മന്ത്രവും നിരന്തരം കേൾപ്പിക്കുമായിരുന്നു. നിക്ക് ജോനാസ് മകൾക്കായി ഗിറ്റാർ വായിച്ച് പാട്ടുകൾ പാടുമായിരുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്കൊടുവിലാണ് മകളെ വീട്ടിലേക്ക് കൊണ്ടുപോകാൻ സാധിച്ചത്’-പ്രിയങ്ക പറഞ്ഞു.

തങ്ങളുടെ ജോലിത്തിരക്കുകൾക്കിടയിലും കുഞ്ഞിനൊപ്പം നിക്കോ താനോ ഉണ്ടെന്ന് ഉറപ്പാക്കാറുണ്ടെന്ന് പ്രിയങ്ക മുമ്പ് പറഞ്ഞിട്ടുണ്ട്. എസ്.എസ്.രാജമൗലി ചിത്രമായ 'വാരണാസി'യുടെ ഷൂട്ടിങ് സെറ്റിലും പ്രിയങ്കയ്ക്കൊപ്പം മാൽതിയുമുണ്ടായിരുന്നു.