കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വില്ല്യം രാജകുമാരന്റെ ഭാര്യയും വെയില്‍സ് രാജകുമാരിയുമായ കേറ്റ് മിഡില്‍ടണിന് കാന്‍സര്‍ സ്ഥിരീകരിച്ചത്. ചാള്‍സ് രാജാവ് അര്‍ബുദ ചികിത്സയിലാണെന്ന് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് കേറ്റിന്റെ വാര്‍ത്തയും പുറത്തുവന്നത്. ബ്രിട്ടീഷ് രാജകുടുംബത്തെ സംബന്ധിച്ച് ഏറെ പ്രതിസന്ധി നിറഞ്ഞ സമയമായിരുന്നു അത്.

To advertise here,

അന്നത്തെ സാഹചര്യം വളരെ മോശമായിരുന്നുവെന്നും ചാള്‍സ് രാജകുമാരനെ അത്രയും നിരാശ നിറഞ്ഞ അവസ്ഥയില്‍ താന്‍ മുമ്പ് കണ്ടിട്ടില്ലെന്നും കൊട്ടാരത്തിലെ മുന്‍ ജീവനക്കാരനായ ജേസണ്‍ ക്‌നൗഫ് പറയുന്നു. 60 മിനിറ്റ്‌സ് ഓസ്‌ട്രേലിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജേസണ്‍ അന്നത്തെ സാഹചര്യം വിശദീകരിച്ചത്.

'രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ജീവിതമാകെ മാറിമറയുന്ന അവസ്ഥയായിരുന്നു അത്. നിങ്ങളുടെ ഭാര്യയ്ക്കും പിതാവിനും അര്‍ബുദം ആണെന്ന് തിരിച്ചറിഞ്ഞാലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ. ആ അവസ്ഥയിലൂടെയാണ് വില്ല്യം രാജകുമാരന്‍ കടന്നുപോയത്. അത് വിശ്വസിക്കാന്‍പോലും കഴിഞ്ഞിരുന്നില്ല.'-ജേസണ്‍ ക്‌നൗഫ് പറയുന്നു.

കേറ്റിന്റെ രോഗവുമായി ബന്ധപ്പെട്ട നിഗൂഢതകള്‍ക്കും വിവാദങ്ങള്‍ക്കും ജേസണ്‍ മറുപടി നല്‍കി. 'ഓണ്‍ലൈനില്‍ സോഷ്യല്‍ മീഡിയ വഴിയാണ് ഇത്തരം ഗൂഢാലോചന സിദ്ധാന്തങ്ങളുണ്ടായത്. അവര്‍ക്ക് ശരിക്കും അസുഖമായിരുന്നോ എന്നു വരെ ചോദ്യങ്ങളുണ്ടായി. അവര്‍ അന്ന് അക്കാര്യം തുറന്നുപറയാത്തതിന് കാരണം അവരുടെ കുഞ്ഞുങ്ങളാണ്. അവരോട് എങ്ങനെയാണ് ഇത് പറയേണ്ടതെന്ന് അവര്‍ക്ക് അപ്പോള്‍ അറിയില്ലായിരുന്നു.' ജേസണ്‍ കൂട്ടിച്ചേര്‍ക്കുന്നു

നിലവില്‍ കേറ്റ് സുഖം പ്രാപിച്ചുവരികയാണ്. അതേസമയം ചാള്‍സ് രാജാവ് ഇപ്പോഴും ചികിത്സയിലാണ്.  ഇക്കഴിഞ്ഞ മാർച്ചിലാണ് കേറ്റ് അർബുദസ്ഥിരീകരണ വാർത്ത പുറത്തുവിട്ടത്. അർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ചും കീമോതെറാപ്പിയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചുമാണ് 43-കാരിയായ കേറ്റ് പങ്കുവെച്ചത്. കഴിഞ്ഞവർഷം ജനുവരിയിലാണ് അടിവയറ്റില്‍ ശസ്ത്രക്രിയ നടത്തിയതെന്നും കാൻസർ സ്ഥിരീകരണം തനിക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയതെന്നും കേറ്റ് പറയുകയുണ്ടായി. 

2015 മുതല്‍ 2021 വരെയാണ് ജേസണ്‍ ക്‌നൗഫ് കൊട്ടാരത്തില്‍ ജോലി ചെയ്തത്‌. 2021 അവസാനം രാജകുടുംബത്തില്‍ നിന്ന് പടിയിറങ്ങി.