ഷാരൂഖ് ഖാൻ നായകനായ കഭി അൽവിദാ നാ കെഹനാ എന്ന ചിത്രത്തിലെ മിത്‌വാ എന്ന ഗാനത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ പാക് ഗായകനാണ് ഷഫ്ഖാത് അമാനത് അലി. ഇപ്പോഴിതാ രക്താർബുദത്തോടുള്ള പോരാട്ടത്തേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ഗായകൻ. മൾട്ടിപ്പിൾ മയലോമയാണ് സ്ഥിരീകരിച്ചതെന്നും അറുപത്തിയൊന്നുകാരനായ ഷഫ്ഖാത് പറഞ്ഞു.
രോഗം മൂലം താൻ ഒരുവർഷത്തോളം വേദികളോട് വിടപറഞ്ഞ് കിടക്കയിൽ തന്നെ ചുരുണ്ടുകൂടിയെന്നും ഗായകൻ പറഞ്ഞു. രോഗസ്ഥിരീകരണം തനിക്കും കുടുംബത്തിനും ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരുന്നു. തുടക്കത്തിൽ രോഗവിവരം സ്വകാര്യമായി വെക്കാനാണ് തീരുമാനിച്ചത്. തന്നെയും കുടുംബത്തെയും ആരാധകരെയുമൊക്കെ ഉലയ്ക്കുന്ന വിവരമായിരുന്നു അത്. കീമോതെറാപ്പിയുടെ ഒരുഘട്ടം പൂർത്തിയായെന്നും നിലവിൽ ആഴ്ചയിൽ മെയിന്റൻസ് തെറാപ്പി ചെയ്തുവരികയാണെന്നും ഗായകൻ പറഞ്ഞു. വൈകാതെ സ്റ്റെം സെൽ ട്രീറ്റ്മെന്റും ചെയ്യുന്നുണ്ടെന്നും ഗായകൻ കൂട്ടിച്ചേർത്തു.
നേരത്തേ നടിയും മോഡലുമായ ലിസ റേയും മൾട്ടിപ്പിൾ മയലോമ സ്ഥിരീകരിച്ച വിവരം തുറന്നുപറഞ്ഞിരുന്നു. അഞ്ചുവർഷം മാത്രമേ ജീവിച്ചിരിക്കൂ എന്ന് കണക്കുകൾ മുൻനിർത്തി ഡോക്ടർ പറഞ്ഞപ്പോഴും താൻ കരുത്തോടെ പോരാടിയെന്നും ലിസ പറഞ്ഞിട്ടുണ്ട്. 2009-ലാണ് ലിസ റേക്ക് മൾട്ടിപ്പിൾ മയലോമ എന്ന രക്താർബുദം സ്ഥിരീകരിക്കുന്നത്. രോഗത്തെ അതിജീവിച്ച് മൂന്നു വർഷങ്ങൾക്കുശേഷം 2012-ൽ വീണ്ടും ലിസയ്ക്ക് അർബുദം സ്ഥിരീകരിക്കുകയുണ്ടായി.
എന്താണ് മൾട്ടിപ്പിൾ മയലോമ എന്നും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ എന്തെല്ലാമാണെന്നും തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഹെമറ്റോളജി ഓങ്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്രീരാജ് വി. പങ്കുവെക്കുന്നു...
എന്താണ് മൾട്ടിപ്പിൾ മയലോമ
ശരീരത്തിൽ അണുബാധകൾക്കെതിരെ പോരാടുന്നതിനായി ആന്റിബോഡികളെ നിർമ്മിക്കുന്ന ഒരുതരം ശ്വേത രക്താണുക്കളാണ് പ്ലാസ്മ കോശങ്ങൾ. രോഗാണുക്കളെ തിരിച്ചറിഞ്ഞ് ആക്രമിക്കുന്ന ആന്റിബോഡികളാണ് ഇമ്മ്യൂണോഗ്ലോബുലിൻ. എന്നാൽ ഈ പ്ലാസ്മ കോശങ്ങൾ കാൻസർ കോശങ്ങളായി മാറുകയും അസ്ഥി മജ്ജയിൽ അടിഞ്ഞുകൂടി അനിയന്ത്രിതമായി വളർന്ന് ആരോഗ്യമുള്ള രക്തകോശങ്ങളെ നശിപ്പിക്കുകയും അസ്ഥികളെ ദുർബലമാക്കുകയും ചെയ്യുന്നു. അങ്ങനെ ഈ കാൻസർ മജ്ജയിൽ നിന്ന് ആരംഭിക്കുന്നു.
മൾട്ടിപ്പിൾ മയലോമ ബാധിക്കുമ്പോൾ കാൻസർ കോശങ്ങൾ അസ്ഥികളെ ദുർബലമാക്കും. ഇതിനെത്തുടർന്ന് അസ്ഥികൾക്ക് ഒടിവും നടുവേദനയും ഉണ്ടാകും. വൃക്കയെ ബാധിക്കുന്ന ചില പ്രോട്ടീനുകൾ മൾട്ടിപ്പിൾ മയലോമ കോശങ്ങൾ ഉത്പാദിപ്പിക്കുന്നു. ഹൃദയം, വൃക്ക, നാഡീവ്യവസ്ഥ എന്നിവയ്ക്ക് ദോഷകരമായ രീതിയിൽ കൂടിയ അളവിൽ കാത്സ്യമാണ് ഇവ പുറത്തുവിടുന്നത്. ഇതിന്റെ ഭാഗമായി ഹീമോഗ്ലോബിന്റെ അളവ് ശരീരത്തിൽ ഗണ്യമായി കുറയും. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും രോഗബാധിതരാകാൻ സാധ്യത കൂടുകയും ചെയ്യുന്നു. ഓക്കാനം, വിശപ്പില്ലായ്മ, മലബന്ധം, നിരന്തരമായ ക്ഷീണം, ചെറിയ അണുബാധകൾ പതിവായി ഉണ്ടാവൽ, ഭാരക്കുറവ്, കാലുകൾക്ക് ബലം കുറയൽ, മരവിപ്പ്, അമിതമായ ദാഹം, കാലിൽ വീക്കം, മൂത്രം കുറയൽ, മൂത്രത്തിൽ രക്തം, തലകറക്കം, രുചിയില്ലായ്മ എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ.
പക്ഷേ ഈ ലക്ഷണങ്ങൾ മൾട്ടിപ്പിൾ മയലോമയുടെ ലക്ഷണങ്ങൾ മാത്രമല്ലാത്തതിനാൽ രോഗം ഉറപ്പിക്കാനാവില്ല. അതിനാൽ നടുവേദന, ഹീമോഗ്ലോബിന്റെ കുറവ്, വൃക്കരോഗം, നട്ടെല്ലിന് ചതവ് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ ഡോക്ടറെ കണ്ട് മൾട്ടിപ്പിൾ മയലോമ അല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
പരിശോധന
രക്തപരിശോധനയിലൂടെയാണ് രോഗമുണ്ടോയെന്ന് തിരിച്ചറിയുന്നത്. ബ്ലഡ് എം.സ്‌പൈക്ക് ടെസ്റ്റിലൂടെ രക്തത്തിലെ പ്രോട്ടീൻ നില കണ്ടെത്താമെങ്കിലും രോഗം സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ വേണ്ടിവരും. മൂത്രപരിശോധന വഴി വൃക്കയിലെ പ്രോട്ടീന്റെ അളവ് തിരിച്ചറിയാം. മജ്ജ എടുത്ത് പരിശോധിക്കേണ്ടി വരും. ഇതുവഴി പ്ലാസ്മ കോശങ്ങൾ എത്രമാത്രം വർധിച്ചിട്ടുണ്ടെന്നും ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടോയെന്നും തിരിച്ചറിയാം. എക്‌സ്‌റേ, സി.ടി. സ്‌കാൻ, എം.ആർ.ഐ. എന്നീ പരിശോധനകൾ വഴി അസ്ഥി സംബന്ധമായ പ്രശ്‌നങ്ങളും കണ്ടെത്താം.
രോഗനിയന്ത്രണം
മുൻകാലത്ത്, ഈ രോഗം ബാധിച്ചാൽ ചികിത്സ ഇല്ലായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. പൂർണമായും ഭേദമാക്കാൻ സാധിക്കില്ലെങ്കിലും പ്രമേഹത്തെ ചികിത്സയിലൂടെ നിയന്ത്രിച്ചുകൊണ്ടുപോകുന്നതുപോലെ ഈ രോഗത്തെയും നിയന്ത്രിച്ചുകൊണ്ടുപോകാൻ സാധിക്കും.
കീമോതെറാപ്പി, റേഡിയേഷൻ, ടാർഗറ്റഡ് തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി, അസ്ഥി മജ്ജ മാറ്റിവയ്ക്കൽ തുടങ്ങിയ ചികിത്സാരീതികളിലൂടെ 10-15 വർഷമെങ്കിലും രോഗത്തെ നിയന്ത്രിച്ചു കൊണ്ടുപോകാൻ സാധിക്കും.
ഓരോ വർഷവും ചികിത്സാരീതിയിൽ വലിയ പുരോഗതിയുണ്ടാവുന്നുണ്ട്. ചികിത്സയ്ക്ക് ആവശ്യമായ ആശുപത്രി സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങളും ഇന്ന് കേരളത്തിൽ ലഭ്യമാണ്. ആദ്യഘട്ടത്തിലെ കീമോ ചികിത്സ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ തന്നെ ചെയ്യാവുന്നതാണ്. തുടർന്ന് വരുന്ന മജ്ജമാറ്റിവയ്ക്കൽ ചെയ്യുന്ന ആറോളം ആശുപത്രികളും കേരളത്തിലുണ്ട്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയില്ലാത്തതും ശാരീരിക-മാനസിക ആരോഗ്യമുള്ളവരുമായ 65 വയസു വരെയുള്ള രോഗികൾക്ക് മജ്ജമാറ്റിവയ്ക്കൽ ചെയ്യാവുന്നതാണ്. ആർസിസി ഉൾപ്പടെയുള്ള കാൻസർ ചികിത്സാ കേന്ദ്രങ്ങളിൽ മൾട്ടിപ്പിൾ മയ്ലോമ ചികിത്സ ലഭ്യമാണ്. കേരളത്തിലെ മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാണ്.
Content Highlights: Shafqat Amanat Ali shares his battle with multiple myeloma
Published: 25 Nov 2026, 03:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented